ADVERTISEMENT

പത്തനംതിട്ട ∙ മല്ലപ്പള്ളി, റാന്നി താലൂക്ക് ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കുമെന്നു മന്ത്രി വീണാ ജോർജ്. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. നിലവിലുള്ള സ്റ്റാഫ് പാറ്റേൺ 40 വർഷങ്ങൾ മുൻപുള്ളതാണ്. അതിൽ മാറ്റംവരുത്തുമെന്നും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരി പൊങ്ങനാംതോടിന്റെ സർവേ പൂർത്തിയാക്കണം. ആറാട്ടുപുഴ-ചെട്ടിമുക്ക്, വള്ളംകുളം - തോട്ടപ്പുഴ റോഡ് എന്നിവിടങ്ങളിൽ പൈപ്പ് സ്ഥാപിച്ചത് മണ്ണിട്ട് ശരിയായി മൂടിയിട്ടുണ്ടെന്ന് വാട്ടർ അതോറിറ്റി ഉറപ്പാക്കണം.

പത്തനംതിട്ട വില്ലേജിലെ റീസർവേ നടപടി എത്രയും വേഗം പൂർത്തീകരിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ പുതിയ താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജൂലൈ രണ്ടാം വാരം യോഗം ചേരും. 13 കോടി രൂപയുടെ വലഞ്ചുഴി ടൂറിസം പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കാനും, ജില്ലയുടെ ഉൾപ്രദേശങ്ങളിൽ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്കു ബസ് സർവീസ് ആരംഭിക്കണം. അബാൻ ഫ്ലൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുമായി ജൂലൈ രണ്ടാം വാരം ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ട വികസനകാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്നു  ഓൺലൈനായി യോഗം ചേരും. മാത്യു ടി.തോമസ് എംഎൽഎയാണു വിഷയം ഉന്നയിച്ചത്. ജില്ലയിൽ ഒട്ടേറെ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം സർക്കാർ ഏജൻസികൾ മുഖേന നടത്തിവരുന്നുണ്ടെന്നും, അതിന്റെ വിശദവിവരങ്ങൾ ജില്ലാതല മേധാവികൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് റിപ്പോർട്ടായി സമർപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. 

പത്തനംതിട്ട സെൻട്രൽ ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു. റിങ് റോഡിന്റെ വശങ്ങളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷച്ചില്ലകൾ എത്രയും വേഗം മുറിച്ചു മാറ്റണമെന്നും പുറമ്പോക്ക് ഭൂമി കണ്ടെത്തി വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്നും ചെയർമാൻ പറഞ്ഞു. ആദിപമ്പ, വരട്ടാർ എന്നീ നദികളിലെ മണൽ ഖനനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി കെ. ജയവർമ പറഞ്ഞു.

അടൂർ ഗവ. ആശുപത്രിയിലെ ഒപിയിൽ ആളുകളുടെ തിരക്ക് കൂടുതലായതിനാൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തണമെന്ന് ഡപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി സുനിൽ ബാബു പറഞ്ഞു. ജില്ലയിൽ നടന്ന വാഹനാപകടങ്ങളുടെ വിശദവിവരങ്ങൾ സമർപ്പിക്കണമെന്ന് ആർടിഒയ്ക്ക് കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com