ADVERTISEMENT

പത്തനംതിട്ട ∙ നഗരത്തിലെ അപകടക്കെണിയായി റിങ്റോഡ്. കഴിഞ്ഞ മാസം അറവുശാലയ്ക്കു സമീപമുണ്ടായ ബൈക്ക് അപകടത്തിൽ തമിഴ്നാട് സ്വദേശി പരമശിവം (38) മരിച്ചിരുന്നു. റിങ്റോഡിൽ കല്ലറക്കടവ്, നന്നുവക്കാട്, അഴൂർ ജംക്‌ഷൻ, സ്റ്റേഡിയം ജംക്‌ഷൻ എന്നിവിടങ്ങളാണു സ്ഥിരം അപകട മേഖലയായി മാറിയിരിക്കുന്നത്. ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ കാർ സ്കൂട്ടറിലിടിച്ചു മനോരമ ജീവനക്കാരൻ ബി.രാധാകൃഷ്ണന്റെ (56) തലയ്ക്കു പരുക്കേറ്റു.  സ്കൂട്ടറിന്റെ പിന്നിൽ സ്റ്റേഡിയം ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാധാകൃഷ്ണൻ റോഡിലേക്കു തെറിച്ചു വീണു. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

അമിത വേഗവും ഗതാഗത നിയമ ലംഘനങ്ങളുമാണു മിക്കപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്.  കല്ലറക്കടവിൽ അടുത്തിടെ 4 അപകടങ്ങളാണുണ്ടായത്.  വളവു തിരിഞ്ഞു വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു വയലിലേക്കു തലകീഴായി മറിഞ്ഞിരുന്നു. ബൈക്കുകൾ കൂട്ടിയിടിച്ചും  പൈപ്പിടാൻ കുഴിച്ച കുഴിയിൽ ബൈക്കുകൾ വീണും ഇവിടെ അപകടമുണ്ടായിട്ടുണ്ട്. സെന്റ് പീറ്റേഴ്സിനു സമീപം രണ്ടുമാസം മുൻപു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് തെറിപ്പിക്കുകയുണ്ടായി. റിങ്റോഡിൽ മന്ത്രിയുടെ വാഹനവും അപകടത്തിൽപ്പെട്ടിട്ടുണ്ട്.

അപകടം നടന്നു കഴിയുമ്പോൾ പതിവു പരിശോധനകൾ നടത്തുന്നതല്ലാതെ അപകടങ്ങൾ കുറയ്ക്കാനുള്ള ശാസ്ത്രീയമായ നടപടികളൊന്നും  ബന്ധപ്പെട്ട ഏജൻസികൾ കൈക്കൊള്ളുന്നില്ല.  ഏതു വഴിക്കും അപകടം വരാമെന്നതാണു റിങ് റോഡിലെ അവസ്ഥ. അബാൻ ജംക്‌ഷനിലെ സിഗ്‌‌നലിൽ കാത്തു കിടന്നു വരുന്നവർ അമിത വേഗത്തിലാണു റോഡിലൂടെ പായുന്നത്. പൊതുവേ വാഹനങ്ങളുടെ എണ്ണം കുറവായതും അമിത വേഗമെടുക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുന്നു.       റിങ് റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നു പരിശോധിക്കാൻ മരാമത്തു വകുപ്പിനോട് ആവശ്യപ്പെടുമെന്നു നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേണം റംബിൾ സ്ട്രിപ്

ഈ ഭാഗത്ത് അമിത വേഗം നിയന്ത്രിക്കാൻ റോഡിൽ ചെറിയ ഹംപുകൾ (റംബിൾ സ്ട്രിപ്പുകൾ) സ്ഥാപിക്കാമെങ്കിലും മരാമത്ത് വകുപ്പ് അനങ്ങിയിട്ടില്ല. വാഹനം സ്ട്രിപ്പിനു മുകളിൽ കയറുമ്പോൾ ഒന്നിലധികം ചെറിയ ചാട്ടങ്ങളിലൂടെ ഡ്രൈവർക്കു  മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. വേഗം കുറയ്ക്കാനും ഇതു  സഹായിക്കും. റിങ് റോഡിൽ വാഹനങ്ങൾ എപ്പോഴും തിരിയുന്ന മുത്തൂറ്റ് ആശുപത്രിക്കു മുന്നിലും കല്ലറക്കടവിൽ വലിയ വളവിനു മുൻപായും ഇത് അടിയന്തരമായി സ്ഥാപിക്കാനുള്ള നടപടിയാണു വേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com