ഗാന്ധിവാക്കുകേട്ട ഇലന്തൂർ; പത്തനംതിട്ടയുടെ ഗാന്ധി ഗ്രാമം

pathanamthitta-elanthoor-village
ഇലന്തൂരിലെ ജില്ലാ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫിസിൽ പ്രവർത്തിക്കുന്ന നെയ്ത്തു കേന്ദ്രം. ചിത്രം: നിഖിൽരാജ് ∙ മനോരമ
SHARE

പത്തനംതിട്ടയുടെ ഗാന്ധി ഗ്രാമമെന്ന വിശേഷണം ഏറ്റവും ഇണങ്ങുന്നത് ഇലന്തൂരിനാണ്. മഹാത്മജി പ്രസംഗിച്ചയിടമെന്നതിനൊപ്പം ഖദർ, ഖാദി പ്രസ്ഥാനത്തിന് വളമേകിയ നാടിനെ മറ്റെന്തു വിളിക്കണം. ‘ഇലന്ത’ മരക്കൂട്ടങ്ങളേറെയുണ്ടായതിനാൽ നാട് ഇലന്തൂരായെന്നും അങ്ങനെയല്ല, പ്രസിദ്ധങ്ങളായ ഇല്ലങ്ങളുള്ളയിടമായതിനാൽ പേര് അങ്ങനെയായെന്നുമൊക്കെ കഥകൾ പറയുന്നു. എന്തുതന്നെയായാലും ഗാന്ധിജിയുടെ വരവും വാക്കുകളുമാണ് ഇലന്തൂരിന്റെ പ്രഥമ പ്രശസ്തി. 

ഗാന്ധിവഴിയിൽ

1937 ജനുവരി 20ന് മഹാത്മാ ഗാന്ധി ഇലന്തൂരിൽ പ്രസംഗിക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രത്തിന്റെ പകർപ്പ്.

സ്വാതന്ത്ര്യ സമരത്തിന്റെ ചൂട് നാടിനു പകർന്നു നൽകിയവരിൽ പ്രധാനിയായിരുന്നു കെ.കുമാർ എന്ന കുമാർജി. ഇലന്തൂർ ഗാന്ധിയെന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം മഹാത്മാഗാന്ധിയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു. മഹാത്മാഗാന്ധിയുടെ ഇലന്തൂർ സന്ദർശനത്തിന് കാരണമായതും കുമാർജിയായിരുന്നു. മധ്യതിരുവിതാംകൂറിന് സ്വാതന്ത്ര്യ സമരത്തിന്റെ വീര്യം പകർന്ന് 1937 ജനുവരി 20ന് ഗാന്ധിജി ഇലന്തൂരിലെത്തി.

ഇപ്പോൾ പഞ്ചായത്ത് ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്ന പെരുവേലിൽ പുരയിടമായിരുന്നു വേദി. ഗാന്ധിജിയെ നേരിൽ കാണാനും വാക്കുകൾ കേൾക്കാനും നാട് ഒന്നായെത്തി. എങ്ങും ഉത്സവ പ്രതീതി. ചെങ്ങന്നൂരിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ആറന്മുള വഴി നടന്നാണ് ഗാന്ധിജിയും സംഘവും ഇലന്തൂരിലെത്തിയത്. പരിപാടിക്കായി പ്രത്യേകം തയാറാക്കിയ വേദിയിലെ നീളൻ പീഠത്തിലിരുന്നായിരുന്നു പ്രസംഗം. സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയെക്കുറിച്ച് പറഞ്ഞ അദ്ദേഹം വിദേശികളെ തുരത്താൻ ഖാദിയെ പ്രോത്സാഹിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.

സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കെ.കുമാർ ആയിരുന്നു ഗാന്ധിജിയുടെ ഇംഗ്ലിഷ് വാക്കുകൾ സത്തയൊട്ടും ചേരാതെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ഇലന്തൂരിലെ പരിപാടിക്കു ശേഷം ഗാന്ധിജി അടൂരിലേക്കാണ് പോയത്. ഗാന്ധിജി പ്രസംഗിച്ച സ്ഥലത്ത് അതിന്റെ ഓർമയ്ക്കായി സ്മാരകം നിർമിച്ച് ഗാന്ധി പ്രതിമയും സ്മൃതിമണ്ഡപവും സ്ഥാപിച്ചിട്ടുണ്ട്. കോ ഓപ്പറേറ്റീവ് പ്രസിനു സമീപം കെ.കുമാറിന്റെ പ്രതിമയുമുണ്ട്.

ഖാദിവഴിയിൽ

ഗാന്ധിജിയുടെ സന്ദർശനമാണ് പ്രദേശവാസികളെ ഖാദി പ്രസ്ഥാനത്തിലേക്ക് കൂടുതലായി അടുപ്പിച്ചത്. നാട്ടുകാരിൽ പലരും ഖാദി പ്രസ്ഥാനം സജീവമായിരുന്ന മറ്റിടങ്ങളിൽ പോയി നൂൽനൂൽക്കാൻ പഠിച്ചു. ഖദർ ദാസ് ഗോപാലപിള്ളയെന്ന ഗാന്ധിയൻ 1941 ഒക്ടോബർ 2ന് ഇലന്തൂരിൽ മഹാത്മാ ഖാദി ആശ്രമം സ്ഥാപിച്ചതോടെ കൂടുതൽ പ്രദേശവാസികൾ നൂൽനൂൽപ് പഠിച്ചെടുത്തു. തുടർന്ന് ഇലന്തൂരിൽ ഒട്ടേറെ ഖാദി പ്രസ്ഥാനങ്ങൾ ആരംഭിച്ചു. തിരുവിതാംകൂറിൽ ഖാദി പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇലന്തൂർ നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.

ഖാദി ആശ്രമം പിന്നീട് സൊസൈറ്റിയായി, കാലക്രമേണ സർക്കാരിനു കൈമാറി. നിലവിൽ ജില്ലാ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫിസ് ആണ് ഇവിടെ പ്രവർത്തിക്കുന്നത്. ‌ചർക്ക ഗ്രാമമടക്കമുള്ള പദ്ധതികൾ വിജയകരമായി ഇവിടെ നടപ്പാക്കുന്നു. നെയ്ത്തും സജീവം. ഒട്ടേറെ നവീകരണപ്രവർത്തനങ്ങൾ ഉടൻ ഇവിടെ നടപ്പാകുമെന്ന് ഖാദി ജില്ലാ പ്രോജക്ട് ഓഫിസർ ആർ.എസ്.അനിൽകുമാർ പറഞ്ഞു. ഓഫിസിന്റെ വളർച്ച നേരിട്ടു കണ്ടെന്നോണം, ഇലന്തൂരിലെ ഖാദി പ്രസ്ഥാനത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കുന്ന ഖദർ ദാസിന്റെ പ്രതിമ ഇവിടെ തലയുയർത്തി നിൽക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS