ഭക്ഷണം തേടി എത്തുന്ന മയിലുകൾ, കാട്ടുചോലകൾ, പാറമടകൾ, വെള്ളച്ചാട്ടം; തോട്ടങ്ങളിലുണ്ട്, കാഴ്ചയുടെ വസന്തം

പ്ലാന്റേഷനിൽ വിരുന്നിനെത്തുന്ന മയിലുകൾ.
പ്ലാന്റേഷനിൽ വിരുന്നിനെത്തുന്ന മയിലുകൾ.
SHARE

കൊടുമൺ ∙ വൈവിധ്യം കൊണ്ടും പ്രകൃതിരമണീയ കാഴ്ചകളാലും സമൃദ്ധമാണു പ്ലാന്റേഷൻ മേഖല. എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇത്രയും അനുയോജ്യമായ മറ്റൊരു സ്ഥലം ജില്ലയിൽ ഉണ്ടാകില്ല. ഗ്രാമീണ ടൂറിസവുമായി ബന്ധപ്പെടുത്തി വേണം പ്ലാന്റേഷൻ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കേണ്ടത്. റബർ സംസ്കരണ ഫാക്ടറി, പച്ചക്കറിത്തോട്ടം, പാഷൻ ഫ്രൂട്ട്, പ്ലാവ്, കശുമാവ് കൃഷി, വെള്ളച്ചാട്ടം, മയിലുകളുടെ ആവാസ കേന്ദ്രം എന്നിങ്ങനെ പോകുന്ന പ്ലാന്റേഷൻ വിശേഷങ്ങൾ.

പ്ലാന്റേഷനിലെ പാഷൻ ഫ്രൂട് കൃഷി.
പ്ലാന്റേഷനിലെ പാഷൻ ഫ്രൂട് കൃഷി.

ഇക്കോ ടൂറിസം സാധ്യതകൾ 

പ്ലാന്റേഷൻ മേഖലയിലെ വെള്ളച്ചാട്ടം.
പ്ലാന്റേഷൻ മേഖലയിലെ വെള്ളച്ചാട്ടം.

പ്ലാന്റേഷൻ മേഖലയിലേക്ക് കയറിയാൽ ഇരുവശവും  തിങ്ങിനിറഞ്ഞു നിൽക്കുന്ന റബർ മരങ്ങളുടെ ഇടയിലൂടെയാണ് സ‍ഞ്ചാരം. കൊടുമൺ, ചന്ദനപ്പള്ളി മേഖലയിലെ കാട്ടുചോലകൾ, പാറമടകൾ, വെള്ളച്ചാട്ടം, കൂട്ടമായി ഭക്ഷണം തേടി എത്തുന്ന മയിലുകൾ, റബർ ടാപ്പിങ്, സംസ്കരണ യൂണിറ്റ്, പാൽ കലക്‌ഷൻ യൂണിറ്റുകൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം കാണാം. 

പ്ലാന്റേഷനിൽ കായിച്ചു കിടക്കുന്ന വിയറ്റ്നാം പ്ലാവ്.
പ്ലാന്റേഷനിൽ കായിച്ചു കിടക്കുന്ന വിയറ്റ്നാം പ്ലാവ്.

തോട്ടങ്ങളിലെ ഫല വൈവിധ്യം

റബറിന് ഉണ്ടായ വിലയിടിവ് ആണ് അധികൃതരെ വേറിട്ട കൃഷിയിലേക്ക് പ്രേരിപ്പിച്ചത്.പച്ചക്കറി, പഴം, പാഷൻ ഫ്രൂട്ട്, റമ്പുട്ടാൻ, കോഴി, താറാവ് ഫാം എന്നിങ്ങനെ പോകുന്നു അവ. തണ്ണിത്തോട്, കൊടുമൺ എസ്റ്റേറ്റുകളിൽ  3 ഹെക്ടർ സ്ഥലത്ത് റമ്പുട്ടാൻ,  5 ഹെക്ടർ സ്ഥലത്ത് പാഷൻ ഫ്രൂട്ട്, ഒരു ഏക്കർ സ്ഥലത്ത് വിയറ്റ്നാം പ്ലാവ്, ഒരേക്കർ സ്ഥലത്ത് പറങ്കിമാവ് തുടങ്ങിയവയും കൃഷി ചെയ്യുന്നു. ചന്ദനപ്പള്ളി എസ്റ്റേറ്റ് കേന്ദ്രീകരിച്ച് കോഴി, താറാവു വളർത്തലും സജീവമാണ്. പാഷൻ ഫ്രൂട്ട് സംസ്കരണ യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നു. പാഷൻ ഫ്രൂട്ട്, കശുമാവിൻ ജ്യൂസ്, കറുവപ്പട്ട എന്നിവയും വിൽപനയ്ക്കായി എത്തുന്നുണ്ട്. 

ഗ്രാമീണ ടൂറിസം

പ്ലാന്റേഷനിൽ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ ഗ്രാമീണ ടൂറിസവും വളരും. ആറന്മുള വള്ളംകളി, പന്തളം കൊട്ടാരം, മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം, ചന്ദനപ്പള്ളി, ചിലന്തിയമ്പലം, പ്ലാന്റേഷൻ, കോന്നി ആനത്താവളം, തണ്ണിത്തോട് അടവി ടൂറിസം തുടങ്ങിയ പ്രദേശങ്ങളെ ബന്ധപ്പെടുത്തി ഗ്രാമീണ ടൂറിസം സർക്യൂട്ടിന് നല്ല സാധ്യതയാണുള്ളത്. ചന്ദനപ്പള്ളി ചെമ്പെടുപ്പ്, കൊടുമൺ ചിലന്തിയമ്പലം, ശക്തിഭദ്ര സാംസ്കാരിക കേന്ദ്രം തുടങ്ങിയവ സന്ദർശിക്കാൻ സ‍ഞ്ചാരികളും സ്കൂൾ, കോളജ് വിദ്യാർഥികളും ധാരാളമായി എത്താറുണ്ട്.

കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തണം

തോട്ടം മേഖലയിൽ ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങൾ ഇവിടെ എത്തുന്ന സന്ദർശകർക്ക് താമസിക്കാനായി ഉപയോഗപ്പെടുത്താം. വർഷങ്ങൾക്ക് മുൻപ് തൊഴിലാളികൾ, ജീവനക്കാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് താമസിക്കാനായി പണിത കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. കെട്ടിടങ്ങൾ വൃത്തിയാക്കി പാചകം ചെയ്യാനും ഭക്ഷണം കഴിക്കാനും സൗകര്യം ഏർപ്പെടുത്തിയാൽ ടൂറിസം പാക്കേജുമായി ബന്ധപ്പെട്ട് എത്തുന്നവർക്ക് താമസിക്കാനുള്ള ഇടമാക്കി ഈ കെട്ടിടങ്ങൾ മാറ്റാൻ കഴിയും. പ്ലാന്റേഷൻ കോർപറേഷൻ പ്രാരംഭ നടപടികൾ തുടങ്ങിയെങ്കിൽ മാത്രമേ പദ്ധതി ലക്ഷ്യം കാണുകയുള്ളൂ. കൊടുമൺ, ചന്ദനപ്പള്ളി തോട്ടങ്ങളിലെ പ്രകൃതി സൗന്ദര്യവും യാത്രയും താമസവും വിനോദസഞ്ചാരികളെ ആകർഷിക്കും. ഏതെങ്കിലും തരത്തിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയാൽ അതുവഴി കോർപറേഷന് സാമ്പത്തിക നേട്ടമാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS