ADVERTISEMENT

പത്തനംതിട്ട∙നഗരത്തിൽ ഗതാഗതക്കുരുക്കു മുറുകുന്നു. അബാൻ ജംക്ഷൻ, സെൻട്രൽ ജംക്‌ഷൻ, സ്റ്റേഡിയം ജംക്‌ഷൻ, സെന്റ് പീറ്റേഴ്സ് ജംക്‌ഷൻ എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് മൂലം വാഹന നിര നീളുന്നത്. സെന്റ് പീറ്റേഴ്സ് ജംക്‌ഷനിലെ ട്രാഫിക് സിഗ്നലുകൾ കണ്ണടിച്ചിട്ട് മൂന്നു മാസത്തിലേറെയായി. 4 സിഗ്നൽ ലൈറ്റുകളിൽ രണ്ടെണ്ണം പൂർണമായും ഊരിമാറ്റിയിരിക്കുകയാണ്.  കലുങ്ക് പണിയുടെ ഭാഗമായാണു സിഗ്നൽ ലൈറ്റ് മാറ്റിയത്. ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും സിഗ്നൽ സംവിധാനം  പുനഃസ്ഥാപിക്കാൻ അധികൃതർക്കായിട്ടില്ല.  കലുങ്ക് പണി പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കുമ്പോൾ സിഗ്നൽ പുനഃസ്ഥാപിക്കുമെന്ന് മരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായില്ല.  

വെട്ടിപ്പൊളിച്ച റോഡ് കലുങ്ക് പണിക്കുശേഷം ടാർ ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്നാൽ പാതിവഴിയിൽ നിർത്തിയ ടാറിങ്  ഉപേക്ഷിച്ച മട്ടാണ്. സിഗ്നലിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്ന കെൽട്രോണിന്റെ അനുമതിയില്ലാതെയാണ് കലുങ്ക് പണിക്കായി സിഗ്നൽ  അഴിച്ചുമാറ്റിയത്. ഇക്കാരണത്താൽ കെൽട്രോൺ ആവശ്യപ്പെട്ട തുക മരാമത്തു വകുപ്പ് അടച്ചിരുന്നു. ഈ തുക അടച്ചെങ്കിലും കെൽട്രോൺ സിഗ്നൽ പുനഃസ്ഥാപിച്ചില്ല. മൂന്നു മാസത്തിലേറെയായി പ്രവർത്തിക്കാത്ത  സിഗ്നൽ പ്രവർത്തനക്ഷമമാക്കാൻ അറ്റകുറ്റപ്പണി‍ വേണ്ടിവരുമെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. ഗതാഗതക്കുരുക്കിനിടയിലുടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാനാകുന്നില്ലെന്നും പൊലീസ് പറയുന്നു. 

നഗരത്തിലുടനീളം പൈപ്പിടുന്നതിനായി റോഡിനു കുറുകെ വെട്ടിപ്പൊളിച്ച കുഴികൾ ശരിയായ രീതിയിൽ മൂടാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. കുഴികൾ നികത്താൻ ജലവിതരണ വകുപ്പ് തയാറാകുന്നില്ല. അബാൻ ജംക്‌ഷനിലെ ഗതാഗത നിയന്ത്രണം കൂടിയായപ്പോൾ നഗരത്തിലൂടെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്.  ഏതെങ്കിലും ഇടവഴി കയറിപ്പോകാമെന്നു കരുതിയാൽ അതിലും ദുരിതമാണ്. പ്രസ്ക്ലബ് റോഡ് പൈപ്പിടാൻ കുഴിച്ചതു തകർന്നു തരിപ്പണമായി കിടക്കുകയാണ്. പ്രധാന റോഡുകളിലെ അനധികൃത പാർക്കിങ്ങും വാഹന യാത്രക്കാരെയും കാൽനട യാത്രക്കാരെയും ഒരു പോലെ വലയ്ക്കുന്നു. നഗരത്തിലെ റൗണ്ട് എബൗട്ട് പരീക്ഷണവും ഇതു വരെ തീർന്നിട്ടില്ല. ഒരു റൗണ്ട് എബൗട്ട് ഉണ്ടാക്കാൻ ഇതിനു മാത്രം എന്താണു പഠിക്കാനുള്ളതെന്നാണു ജനത്തിന്റെ ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com