തിരുവല്ല ∙ പൊലീസുകാരുടെയും സ്റ്റേഷനിൽ എത്തുന്നവരുടെയും തലയ്ക്കു മുകളിൽ തൂങ്ങുന്ന അപകടത്തിൽ നിന്നു രക്ഷപെടുന്നതിന് ഒരു സർക്കാർ ഉത്തരവു മാത്രം മതിയാകും. പക്ഷേ അതിനുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് 5 മാസമായി. പകരം ലോക്കപ്പ് ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കിയുള്ള കാത്തിരിപ്പാണ്. എന്നിട്ടും പ്രയോജനമില്ല. മഴയും കാറ്റും കനക്കുമ്പോൾ ഇപ്പോഴത്തെ കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടേണ്ടിവരുന്ന അവസ്ഥയാണു പൊലീസുകാർക്ക്. പ്രിൻസിപ്പൽ എസ്ഐ, ക്രൈം എസ്ഐ, അഡീഷനൽ എസ് - 3, ഗ്രേഡ് എസ്ഐ - 9, എഎസ്ഐ മാർ 5 പേരുൾപ്പെടെ 63 ഉദ്യോഗസ്ഥരാണ് പൊലീസ് സ്റ്റേഷനിലുള്ളത്.

ഇതിനു പുറമേ ഓരോ ദിവസവും പരാതിയുമായി എത്തുന്നവരെല്ലാം തകർന്നുകിടക്കുന്ന കെട്ടിടത്തിലാണ് എത്തുന്നത്.പൊലീസ് സ്റ്റേഷൻ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാതെയായിട്ടു 4 വർഷമായി. ജില്ലാ പൊലീസ് മേധാവി വരെ സന്ദർശിച്ചു ശോച്യാവസ്ഥ ബോധ്യപ്പെട്ടതാണ്. എന്നിട്ടും പൊലീസ് സ്റ്റേഷൻ മാറ്റാൻ മാത്രം നടപടിയില്ല. 1987ലാണ് പൊലീസ് സ്റ്റേഷൻ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലായത്. ഒറ്റനില കെട്ടിടത്തിന്റെ മുകൾഭാഗം അടർന്നുവീഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിന്റെ മുകൾ നിലയിൽ ഷീറ്റിട്ട് മറച്ച് പൊലീസുകാർക്കു വിശ്രമിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. പൊതുമരാമത്ത് കെട്ടിടവിഭാഗം എൻജിനീയർമാർ കെട്ടിടം പരിശോധിച്ച് അൺഫിറ്റ് ആണെന്നു സർട്ടിഫിക്കറ്റ് നൽകുകയും മുകളിലത്തെ നില ഉപയോഗിക്കരുതെന്നു വിലക്കുകയും ചെയ്തിരുന്നു.
പൊലീസ് സ്റ്റേഷനിലെ റിക്കാർഡ് മുറിയുടെ മുകൾഭാഗമാണ് ആദ്യം ഇടിഞ്ഞുവീഴാൻ തുടങ്ങിയത്. 4 വർഷം മുൻപാണിത്. ഇതോടെ ഈ മുറി പൂട്ടി. മറ്റു മുറികളൊന്നും സുരക്ഷിതമല്ലെങ്കിലും നിവൃത്തിയില്ലാതെ ഇവിടെ പ്രവർത്തനം തുടരുകയാണ്. എല്ലാ മുറികളുടെയും മേൽത്തട്ട് ഇളകുമ്പോൾ കുമ്മായം പൂശി ഇടിഞ്ഞുവീണത് മറയ്ക്കുകയാണ് ചെയ്യുന്നത്. ഇവിടുന്നു മാറുന്നതോടെ പഴയ കെട്ടിടം പൊളിച്ചുനീക്കുമെങ്കിലും പുതിയ കെട്ടിടം നിർമിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ട്രാഫിക് പൊലീസ് സ്റ്റേഷൻ ഇപ്പോൾ ഇൻസ്പെക്ടർ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കു മാറ്റും.
പകരം സംവിധാനവും തയാർ
ഡിവൈഎസ്പി ഓഫിസിനു സമീപം നിലവിൽ ട്രാഫിക് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലും തൊട്ടടുത്ത ക്വാർട്ടേഴ്സിലുമായിട്ടാണു പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ലോക്കപ്പും ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർമാർ എന്നിവർക്കുള്ള മുറികളും ഇവിടെ തയാറായിട്ടുണ്ട്. ഡിവൈഎസ്പി ഓഫിസിനു മുകളിലത്തെ നിലയിൽ വനിതാ ഓഫിസർമാർക്കും പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിൽ പുരുഷ ഓഫിസർമാർക്കുമുള്ള വിശ്രമമുറികളും ഒരുക്കിയിട്ടുണ്ട്.