ADVERTISEMENT

പത്തനംതിട്ട ∙ കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി 15ന് മുൻപ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.കാട്ടുപന്നികളിൽനിന്നു കൃഷിയിടങ്ങൾ സംരക്ഷിക്കാൻ പ്രതിരോധവേലി നിർമാണ പദ്ധതിയിൽ കർഷകർ നേരിട്ട് നിർമിക്കുന്ന സംരക്ഷണ വേലിക്ക് നിർമാണ ചെലവിന്റെ 50 ശതമാനമോ 50,000 രൂപയോ കർഷകന്റെ അക്കൗണ്ടിലേക്ക് സബ്‌സിഡിയായി ലഭിക്കും.കാട്ടുപന്നികളിൽ ആന്ത്രാക്‌സ് കണ്ടെത്തിയ സാഹചര്യത്തിൽ ഇവയെ വെടിവച്ചുകൊന്ന് സംസ്‌കരിക്കുമ്പോൾ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ പറഞ്ഞു. 

പഞ്ചായത്ത് പരിധിയിൽ തോക്ക് ലൈസൻസുള്ള ആരുമില്ലെങ്കിൽ അടുത്ത പഞ്ചായത്തിലെ ആളുകളുടെ സഹായം തേടാം. ജില്ലയിൽ സമ്പൂർണ ശുചിത്വം നേടിയെടുക്കാൻ വേണ്ടിയുള്ള സമഗ്രമായ പദ്ധതിയായ നിർമല ഗ്രാമം, നിർമല നഗരം, നിർമല ജില്ല പദ്ധതിക്കായി ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തി പ്രോജക്ട് വയ്ക്കണം. ഗാർഹിക സോക് പിറ്റുകൾ ഇല്ലാത്ത വീടുകളിൽ അത് നിർമിക്കുകയും ഹരിത കർമസേനയുടെ പ്രവർത്തനം ഊർജിതപ്പെടുത്തുകയും വേണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഖരമാലിന്യ ശേഖരണത്തിന് എംസിഎഫ്, മിനി എംസിഎഫ്, ആർആർഎഫ് എന്നിവ സ്ഥാപിക്കുന്നതിന് പ്രോജക്ട് നടപ്പാക്കണം.കാർഷിക വിളകളിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ പദ്ധതി വേണം. 

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരിമ്പ് കൃഷി ആരംഭിക്കും. ക്ഷീര കർഷകരിൽനിന്നു ചാണകം സംഭരിച്ച് പാക്കറ്റിലാക്കി വിൽപന നടത്താനും പദ്ധതി തയാറാക്കും. കാർബൺ സന്തുലിത പത്തനംതിട്ട ജില്ല എന്ന പേരിൽ ഫലവൃക്ഷത്തൈകൾ, തണൽമരങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുപിടിപ്പിക്കുന്ന പ്രോജക്ടും ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.യോഗത്തിൽ നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈൻ, ജില്ലാ പ്ലാനിങ് ഓഫിസർ സാബു സി.മാത്യു, അസിസ്റ്റന്റ് പ്ലാനിങ് ഓഫിസർ ജി. ഉല്ലാസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com