ADVERTISEMENT

കോന്നി ∙ ഇക്കോ ടൂറിസം സെന്റർ മോടി കൂട്ടുന്നതിന്റെ ഭാഗമായി ചെറിയ ശിൽപങ്ങൾ നിർമിക്കുന്നു. എലിഫന്റ് മ്യൂസിയത്തിനു സമീപത്ത് പൂപ്പന്തലിനോടു ചേർന്നുള്ള ഭാഗത്തെ മഴമരത്തിന്റെ ചുവട്ടിലാണ് കൊച്ചു ശിൽപങ്ങൾ തയാറാക്കുന്നത്. അനക്കോണ്ടയുടെ രൂപം, കീരി, പാമ്പ്, ആമയും മുയലും കാക്ക, തവള, അരകല്ല്, ചെറിയ കുളം എന്നിവയാണ് ഇതിന്റെ ഭാഗമായി നിർമിച്ചിട്ടുള്ളത്. ശിൽപങ്ങൾ പലതും പഴങ്കഥയുമായി ബന്ധപ്പെടുത്തിയുള്ളവയാണ്. മൂർഖൻ പാമ്പിനെ പിടിക്കാൻ നാട്ടിൻപുറത്തെ കീരി കാട്ടിൽ ചെന്ന് ചെങ്കീരിയുമായി എത്തുന്നതാണ് ഒന്ന്. 

ഇതിൽ ചെങ്കീരി നാട്ടിലെ കീരിയുടെ പുറത്തിരുന്നാണ് വരുന്നത്. ഓട്ടപ്പന്തയം നടത്തിയ കഥയുടെ ഭാഗമായാണ് ആമയെയും മുയലിനെയും സൃഷ്ടിച്ചിട്ടുള്ളത്. വലിയ പാമ്പിന് അനക്കോണ്ടയുടെ മുഖം നൽകി. ഇക്കോ ടൂറിസം കേന്ദ്രത്തിലെ പൂന്തോട്ടവും ചെടികളിൽ വിവിധ രൂപങ്ങൾ‌ ചെയ്യുന്നതും ശിൽപങ്ങൾ നിർമിക്കുന്നതും ശിൽപി ശ്രീനിവാസൻ പന്തളമാണ്. ഏതാനും വർഷം മുൻപ് മാറു മറയ്ക്കാത്ത അമ്മൂമ്മയുടെയും കുട്ടിയുടെയും ശിൽപം സെന്ററിന്റെ കവാടത്തിനരികിൽ നിർമിച്ചിരുന്നു. മാറുമറയ്ക്കാനവകാശമില്ലാതിരുന്ന കാലത്തെ അമ്മൂമ്മ ആനകളെ കാണാനായി എത്തിയ രംഗമാണ് ഇവിടെ ആവിഷ്കരിച്ചത്. 

ആനത്താവളത്തിലെത്തുന്ന സന്ദർശകർക്ക് കൗതുകമുണർത്തുന്നതും കുട്ടികൾക്കു പറഞ്ഞുകൊടുക്കാവുന്നതുമായ കഥയും ഈ ശിൽപങ്ങൾക്കു പിന്നിലുണ്ട്. ആനയുടെ അസ്ഥികൂടം പൂർണമായി പ്രദർശിപ്പിച്ചിട്ടുള്ള ഏഷ്യയിലെ ആദ്യത്തെ ആന മ്യൂസിയം, എലിഫന്റ് ആർട് ഗാലറി, കുട്ടികളുടെ പാർക്ക്, വന്യജീവികളുടെ യഥാർഥ ശബ്ദം റിക്കോർഡ് ചെയ്തു കേൾപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനം, 80 വർഷം മുൻപ് നിർമിച്ച ആനക്കൂട് ഇവയെല്ലാം സന്ദർശകരെ ഏറെ ആകർഷിക്കുന്നു. രണ്ടു വയസ്സുള്ള കുട്ടിയാനയടക്കം 6 ആനകളാണ് ഇക്കോ ടൂറിസം സെന്ററിലുള്ളത്. ലാൻഡ് സ്കേപ്പിങ്ങിന്റെ ഭാഗമായാണ് ടൂറിസം കേന്ദ്രത്തിൽ ശിൽപങ്ങളും കുളവും മറ്റും നിർമിക്കുന്നതെന്ന് റേഞ്ച് ഓഫിസർ ജോജി ജയിംസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com