ADVERTISEMENT

ടക്....ടക്...ടക്.....ശബ്ദം കേൾക്കുമ്പോഴേ കുളത്തുമൺ പോത്തുപാറ നിവാസികൾക്കറിയാം, അവരുടെ സ്വന്തം മെംബറും മെംബറുടെ സ്വന്തം മിക്കിയുമാണ് അതെന്ന്. കുളത്തുമൺ, പോത്തുപാറ നിവാസികൾക്കു പഞ്ചായത്ത് അംഗം മനുവിനെപ്പോലെ പരിചിതനാണു മിക്കിയെന്ന കുതിരയും അവന്റെ കുളമ്പടിയൊച്ചയും. എല്ലാ പഞ്ചായത്ത് അംഗങ്ങളും ഇരുചക്രവാഹനങ്ങളിലും മറ്റുമാണു യാത്രെയെങ്കിൽ കലഞ്ഞൂർ പഞ്ചായത്ത് ആറാം വാർ‍‍ഡംഗം കുളത്തുമൺ അരുൺ വിലാസം എം.മനു(33) കുതിരപ്പുറത്താണു യാത്രകൾ.

മനുവിന്റെ  ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു കുതിരയെ സ്വന്തമാക്കണമെന്നത്. അതിനു സാധിച്ചത് ഒന്നരവർഷം മുൻപും. കർണാടകയിൽ നിന്നു കൊണ്ടുവന്ന ആൺ കുതിരയെ ഒന്നര വർഷം മുൻപ് പാലക്കാട് തത്തമംഗലത്തു നിന്നാണു മനു വാങ്ങുന്നത്. .ഇപ്പോൾ മൂന്നു വയസ്സായി. മാർവാഡി പഞ്ചകല്യാണി ഇനത്തിൽപ്പെട്ട ഇന്ത്യൻ കുതിരയാണു മിക്കി.  61 ഇഞ്ചാണ് ഉയരം. ഒരു ലക്ഷം വരെ വിലയാണെങ്കിലും ബന്ധുവിന്റെ പരിചയത്തിൽ 65,000 രൂപയ്ക്കാണു വാങ്ങിയത്.

സമീപ പ്രദേശമായ രത്നഗിരിയിൽ ഒരാൾ കുതിരയെ വളർത്തുന്നതു കണ്ടു ഭ്രമം തോന്നിയാണു കുതിരയെ വാങ്ങുന്നത്. കുതിരയെ വാങ്ങിയതിനു പിന്നാലെ കൊട്ടാരക്കരയിലെ പരിശീലന കേന്ദ്രത്തിൽ നിന്നു കുതിരയോട്ടവും പഠിച്ചു. കുളത്തുമണ്ണിൽ നിന്നു 20 കിലോമീറ്ററോളം അപ്പുറം കോന്നി വരെ മനു കുതിരപ്പുറത്തു യാത്ര ചെയ്തിട്ടുണ്ട്. ഗോതമ്പ്, തവിട്, മുതിര എന്നിവ പാകം ചെയ്താണു മിക്കിക്കു  ഭക്ഷണമായി നൽകുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദിവസവും രണ്ടുനേരം മാത്രമാണു ഭക്ഷണം.

ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും ഭക്ഷണത്തിൽ ചേർത്തു നൽകും. ഭക്ഷണത്തിനായി ദിവസവും 200-250 രൂപ ചെലവാകും. ആഴ്ചയിൽ രണ്ടു ദിവസം കുളിപ്പിക്കും. എന്നാൽ, എല്ലാദിവസവും കുളമ്പ് വൃത്തിയാക്കണം. കുഞ്ചിരോമങ്ങളടക്കം വൃത്തിയായി ചീകിയൊരുക്കണം.  കലഞ്ഞൂർ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടറാണു പരിശോധന നടത്തുന്നത്. പ്രതിരോധ കുത്തിവയ്പും എടുക്കും. കുതിരയെ വളർത്താനുള്ള ലൈസൻസും മിക്കിയുടെ പേരിൽ ഇൻഷുറൻസും എടുത്തിട്ടുണ്ട്. 

സിനിമ, ഷോർട്ട് ഫിലിം ഷൂട്ടിങ്ങിനും ഫോട്ടോ ഷൂട്ടിനും മിക്കിയെ കൊണ്ടുപോകുന്നുണ്ട്. മിക്കി ഇതിനോടകം രണ്ട് തമിഴ് സിനിമയിൽ അഭിനയിച്ചു. വിക്രം നായകനായ സിനിമയാണ് ഒന്ന്. ഷൂട്ടിങ്ങിനായി കൊണ്ടുപോകുമ്പോൾ ദിവസവും 3000 രൂപയാണു ഫീസായി ഈടാക്കുക. മിക്കിയുടെ സൗകര്യങ്ങളും സുരക്ഷിതത്വവും ഒക്കെ ഉറപ്പാക്കിയേ പരിപാടികൾക്ക് അയയ്ക്കൂ. വീടിനോടു ചേർന്നു തന്നെ പ്രത്യേകം കുതിരലയം ഒരുക്കിയിട്ടുണ്ട്.

ചൂടും കൊതുകും ഒഴിവാക്കാൻ ഫാനും വച്ചിട്ടുണ്ട്.  നാട്ടിൻപുറങ്ങളിലൂടെ 40 കിലോമീറ്റർ വേഗത്തിൽ വരെ കുതിരയെ ഓടിക്കാനാകും. പരിസരത്തെ യുവാക്കളെയും കുതിരയോട്ടം പഠിപ്പിക്കുന്നുണ്ട്. വയറിങ്, പന്തൽ, ഡ്രൈവിങ് തുടങ്ങി എല്ലാ ജോലികളും മനു ചെയ്യും. നാട്ടുകാരുടെ എന്താവശ്യത്തിനും ഒപ്പമുണ്ടെന്നതാണു മനുവിനെ വ്യത്യസ്തനാക്കുന്നത്. അമ്മ രാധാമണിക്കും ഇളയ സഹോദരൻ അഖിലിനും മിക്കി ഏറെ പ്രിയങ്കരനാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com