ഇടിതാങ്ങിയിൽ കാർ ഇടിച്ചുകയറി യുവാക്കളുടെ മരണം; യദുവും സിജോയും മടങ്ങി, കണ്ണീർ ബാക്കിയാക്കി

കോന്നി–പ്ലാച്ചേരി റോഡിലെ ഉതിമൂട് ജംക്‌ഷന് സമീപം 2 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട വാഹനം.
SHARE

റാന്നി (പത്തനംതിട്ട) ∙ ഉതിമൂട് മാർത്തോമ്മാ പള്ളിക്കു സമീപം നിയന്ത്രണം വിട്ട കാർ ഇടിതാങ്ങിയിൽ (ക്രാഷ് ബാരിയർ) ഇടിച്ചു കയറി 2 യുവാക്കൾ മരിച്ചു. 4 പേർക്കു പരുക്കേറ്റു.റാന്നി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മണ്ണാരത്തറ മരോട്ടിപതാലിൽ എം.ബി.കൃഷ്ണൻകുട്ടിയുടെ മകൻ യദു കൃഷ്ണ (18), മണ്ണാരത്തറ മാലിപ്പുറം (മാലിയിൽ) എം.ജെ.വർഗീസിന്റെ (ബിജു) മകൻ സിജോ (18) എന്നിവരാണ് മരിച്ചത്.

യദുകൃഷ്ണ, സിജോ.

കാറിന്റെ പിന്നിലെ ചില്ല് തകർന്ന് ഇവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരുക്കേറ്റ അജയൻ (37), പ്രിൻസ് (37) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന മോബിൻ മാത്യു, മുൻ സീറ്റിലിരുന്ന ജിബിൻ എന്നിവർക്ക് കാര്യമായ പരുക്കില്ല.പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇന്നലെ 2.30ന് ആണ് സംഭവം. റാന്നിയിൽ നിന്ന് കോന്നിയിലേക്കു പോയ കാറിന്റെ മുൻവശം ഇടിതാങ്ങിയിൽ ഇടിച്ചു.

തുടർന്ന് റോഡിലേക്ക് ഓടിക്കയറിയ കാർ നിയന്ത്രണം വിട്ടു പിന്നിലേക്കുവന്ന് വീണ്ടും ഇടിതാങ്ങിയിൽ ഇടിച്ചു. കാറിന്റെ പിന്നിൽ നിന്ന് 2 പേർ തെറിച്ച് 4 മീറ്ററോളം അകലെ കൈത്തോടിന്റെ കരയിലെ പുരയിടത്തിൽ വീണത്. വീണ്ടും മുന്നിലേക്കു പോയ കാർ റോഡിൽ ഇടിച്ചു നിന്നു. ഇതിനിടെ മറ്റു 2 പേർ കൂടി റോഡിൽ തെറിച്ചു വീണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വാഹനം ഓടിച്ചിരുന്ന മോബിൻ പറഞ്ഞപ്പോഴാണ് 2 പേർ തെറിച്ചു പുരയിടത്തിൽ വീണത് സമീപവാസികൾ അറിഞ്ഞത്. ഓടിക്കൂടിയവരാണ് ഇവരെ എടുത്തത്. പത്തനംതിട്ട ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് യദുയും സിജോയും മരിച്ചത്.യദുവിന്റെ മാതാവ്: റാന്നി മുൻസിഫ് കോടതി ഉദ്യോഗസ്ഥ സ്മിത. സഹോദരി: നിദി കൃഷ്ണ. സിജോയുടെ മാതാവ്: ലിസി. സഹോദരി: സ്നേഹ.യദുകൃഷ്ണന്റെ സംസ്കാരം ബുധനാഴ്ച 11ന് നടക്കും. 

യദുവും സിജോയും മടങ്ങി, കണ്ണീർ ബാക്കിയാക്കി

റാന്നി ∙ അയൽവാസികളും സുഹൃത്തുക്കളുമായ യുവാക്കളുടെ വേർപാട് മണ്ണാരത്തറ ഗ്രാമത്തിന് തീരാവേദന. ഉതിമൂട് മാർത്തോമ്മാ പള്ളിക്കു സമീപം കാർ ഇടിതാങ്ങിയിൽ ഇടിച്ചു കയറി മരിച്ച യദുകൃഷ്ണയുടെയും സിജോയുടെയും വേർപാട് നാടിനും ബന്ധുക്കൾക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. റാന്നി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മണ്ണാറത്തറ മരോട്ടിപ്പതാലിൽ എം.ബി.കൃഷ്ണൻകുട്ടിയുടെയും റാന്നി മുൻസിഫ് കോടതിയിലെ ഉദ്യോഗസ്ഥ സ്മിതയുടെയും മകനാണ് യദുകൃഷ്ണ (18).

ഇവരുടെ അയൽവാസി മാലിപ്പുറം ബിജുവിന്റെയും ലിസിയുടെയും മകനാണ് സിജോ (18). റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു പാസായി ഉപരി പഠനത്തിന് തയാറെടുക്കുകയായിരുന്നു യദു. 2 വർഷം മുൻപ് എസ്എസ്എൽസി കഴിഞ്ഞു നിൽക്കുകയായിരുന്നു സിജോ. അവധിക്കാലത്ത് ഡ്രൈവിങ് പഠിക്കുകയായിരുന്നു യദുവും സിജോയും. ചെറുപ്പം മുതൽ ഇരുവരും സുഹൃത്തുക്കുളാണ്. അപകടം നടക്കുമ്പോൾ കൃഷ്ണൻകുട്ടി വീട്ടിലായിരുന്നു. ശനിയാഴ്ച രാത്രി ഡ്യൂട്ടിയായതിനാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു.

സംഭവം അറിഞ്ഞ് റാന്നി സ്റ്റേഷനിൽ നിന്ന് ഇൻസ്പെക്ടർ എം.ആർ.സുരേഷിന്റെ നേതൃത്വത്തിൽ പൊലീസെത്തിയാണ് കൃഷ്ണൻകുട്ടിയെയും കുടുംബത്തെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മകന് എന്തോ അപകടം സംഭവിച്ചെന്ന് സ്വപ്നം കണ്ടെന്ന് യദുവിന്റെ മാതാവ് സ്മിത കൃഷ്ണൻകുട്ടിയോട് രാവിലെ പറഞ്ഞിരുന്നു.  ഇതു പറഞ്ഞാണ് സ്മിത കരഞ്ഞത്. അഞ്ചരയോടെയാണ് സിജോ മരിച്ചത്. സംഭവം വീട്ടുകാർ അറിഞ്ഞിരുന്നില്ല. ആരോ ഫോണിൽ സംസാരിക്കുന്നതു കേട്ടാണ് വീട്ടുകാർ വിവരം അറിഞ്ഞത്. ഇതോടെ സിജോയുടെ വീടും ദുഃഖത്തിലമർന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS