ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിക്കാൻ ഒന്നിച്ചെത്തി; അവസാന യാത്രയും ഒന്നിച്ച്

pathanamthitta-accident-death
SHARE

റാന്നി ∙ ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിന് ഓൺലൈനായി ഇന്നലെ അപേക്ഷ നൽകാനിരിക്കെയാണ് ഉതിമൂട് ജംക്‌ഷനു സമീപം കാർ ഇടിതാങ്ങിയിൽ ഇടിച്ചുകയറി യദുകൃഷ്ണനും (18) സിജോ വർഗീസും ഞായറാഴ്ച മരിച്ചത്. ഇട്ടിയപ്പാറ ഡ്രീംസ് ഇന്റർനെറ്റ് കഫേയിലാണ് ഓൺലൈൻ അപേക്ഷ നൽകാനായി സുഹൃത്തുക്കളും അയൽവാസികളുമായ മണ്ണാരത്തറ മരോട്ടിപ്പതാലിൽ യദുകൃഷ്ണയും മണ്ണാരത്തറ മാലിപ്പുറത്ത് സിജോയും ശനിയാഴ്ച എത്തിയത്.

ഫോട്ടോകൾ പതിച്ച പൂരിപ്പിച്ച അപേക്ഷകൾ അവർ കൊണ്ടുവന്നിരുന്നു. കണ്ണ് ഡോക്ടർ പരിശോധിച്ചു നൽകിയ സർ‌ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പമുണ്ട്. ഇരുവരും തമ്മിൽ പ്രായത്തിന് ഒരു മാസത്തോളം വ്യത്യാസമേയുള്ളൂ. യദു 2004 ഏപ്രിൽ 19നും സിജോ 2004 മേയ് 15നും ആണ് ജനിച്ചത്. ഇരുവർക്കും കൂടി ഓൺലൈൻ ഫീസായി 3,000 രൂപ നൽകേണ്ടിയിരുന്നു. 2,000 രൂപ നൽകിയ ശേഷം ബാക്കി ഇന്നലെ എത്തിക്കാമെന്നാണ് ഡ്രീംസ് ഉടമ തോമസുകുട്ടിയോടു പറഞ്ഞിരുന്നത്. അപേക്ഷകൾ റജിസ്റ്റർ ചെയ്യും മുൻപുതന്നെ അവർ ഒന്നിച്ചു യാത്രയായിരുന്നു.

ഉതിമൂട് അപകടം: സിജോയുടെ സംസ്കാരം ഇന്ന്

റാന്നി ∙ ഉതിമൂട് മാർത്തോമ്മാ പള്ളിക്കു സമീപം നിയന്ത്രണംവിട്ട കാർ ഇടിതാങ്ങിയിൽ ഇടിച്ചുകയറി മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. റാന്നി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മണ്ണാരത്തറ മരോട്ടിപതാലിൽ എം.ബി.കൃഷ്ണൻകുട്ടിയുടെ മകൻ യദു കൃഷ്ണ (18), മണ്ണാരത്തറ മാലിപ്പുറം എം.ജെ.വർഗീസിന്റെ മകൻ സിജോ (18) എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്കു വിട്ടുകൊടുത്തത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പൊലീസ് സർ‌ജൻ ഇല്ലാതിരുന്നതിനാൽ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോർ‌ട്ടം നടത്തിയത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിന്നിൽനിന്ന് തെറിച്ചു വീണാണ് ഇരുവരും മരിച്ചത്. സിജോയുടെ സംസ്കാരം ഇന്ന് 11.30ന് തൃക്കോമല സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ നടക്കും. യദു കൃഷ്ണയുടെ സംസ്കാരം നാളെ 11ന് നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS