ADVERTISEMENT

സീതത്തോട് ∙ കെഎഫ്ഡിസിയുടെ (കേരള വനം വികസന കോർപറേഷൻ) നേതൃത്വത്തിൽ ഗവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ‘തടിവീടുകൾ’ ഒരുങ്ങുന്നു. വിദേശ സഞ്ചാരികളെയടക്കം ലക്ഷ്യമാക്കി ആരംഭിക്കുന്ന തടി വീടുകൾ ഗവി ടൂറിസത്തിനു പുതിയ മുഖം ഒരുക്കുമെന്നാണ് കെഎഫ്ഡിസി അധികൃതർ കരുതുന്നത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരു കോടിയിലധികം രൂപ വിനിയോഗിച്ച് ഗവിയിൽ നടപ്പാക്കുന്ന നവീകരണ പദ്ധതികളുടെ ഭാഗമായാണ് തടി വീടുകൾ ഒരുങ്ങുന്നത്.

6 മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഗവി കെഎഫ്ഡിസി ഡിവിഷന്റെ മേൽനോട്ടത്തിൽ ഗവി അണക്കെട്ടിനോടു ചേർന്നാണ് 5 തടി വീടുകൾ നിർമിക്കുന്നത്. അക്കേഷ്യാ മരത്തിന്റെ തടികൾ ഉപയോഗിച്ചാണ് നിർമാണം. മേൽക്കൂര ഒഴികെ ബാക്കി എല്ലാം തടിയിൽ. ഗവി അണക്കെട്ടിന്റെ സംഭരണികളിലേക്കാണ് എല്ലാ തടി വീടുകളുടെയും ദർശനം. വീടുകളും പൂർണമായും പ്രകൃതിയോടു ഇഴുകിച്ചേർന്നവയായതിനാൽ ഇതിനുള്ളിൽ വാസം പ്രത്യേക അനുഭവങ്ങളാകും സമ്മാനിക്കുകയെന്ന് ഗവി ഡിവിഷൻ മാനേജർ കെ.വി.സജീർ പറയുന്നു.

സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിന്റെ മേൽനോട്ടത്തിലാണ് നിർമാണം. തടി വീടുകളോടു ചേർന്ന് 2 സ്വിസ് കോട്ടജുകളുമുണ്ട്. കെഎഫ്ഡിസിയുടെ കീഴിൽ വളരെ ലാഭകരമായി പ്രവർത്തിക്കുന്ന ടൂറിസം പദ്ധതിയാണ് ഗവിയിലേത്. നിലവിൽ രണ്ട് പാക്കേജാണുള്ളത്. ഗവിയിൽ ഒരു ദിവസം താമസിച്ചും രാവിലെ എത്തി വൈകിട്ട് മടങ്ങുന്ന വിധത്തിലുമാണിത്. ആളൊന്നിന് ഏകദേശം 3300 രൂപയാണ് ഈടാക്കുന്നത്.

സ്റ്റേ പാക്കേജിൽ രണ്ടര മണിക്കൂർ നീളുന്ന ജീപ്പ് സഫാരി, ബോട്ടിങ്, ട്രക്കിങ്, വീടിനുള്ളിലെ താമസം, ഭക്ഷണം എന്നിവ ഉൾപ്പെടും. ട്രക്കിങ്ങിൽ ശബരിമല വ്യൂ പോയിന്റും ബോട്ട് യാത്രയിൽ വെള്ളച്ചാട്ടവും കാണാം. ഈ യാത്രകളെല്ലാം വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള സ്ഥലത്തു കൂടിയാണ് പോകുന്നത്. ഗവി ഇക്കോ ടൂറിസം പദ്ധതിയുടെ ബുക്കിങ് പ്രധാനമായും കുമളി കേന്ദ്രീകരിച്ചുള്ള ഓഫിസ് വഴിയും ഓൺലൈനായുമാണ്. ഫോൺ: 9947492399, 8547809270, 8289821305, 8289821306, kfdcecotourism.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com