ADVERTISEMENT

മല്ലപ്പളളി ∙ ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം വിവാദമായതു സംബന്ധിച്ചു പാർട്ടിതല അന്വേഷണം നടത്തണമെന്ന ആവശ്യം സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്തുവെന്നു സൂചന. എന്നാൽ ഇതു സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ഏരിയ സെക്രട്ടറി ബിനു വർഗീസും നിഷേധിച്ചു. അത്തരം ചർച്ചകളൊന്നും യോഗത്തിലുണ്ടായില്ലെന്നും മറിച്ചുള്ള പ്രചാരണം കെട്ടിച്ചമച്ചതാണെന്നും നേതാക്കൾ പറഞ്ഞു. 

മന്ത്രിയുടെ  പ്രസംഗം പുറത്തു വന്നതിനു പിന്നിൽ വിഭാഗീയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവരാണെന്ന  ആക്ഷേപവും യോഗത്തിൽ ഉയർന്നിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ പ്രചരിപ്പിക്കുന്ന ചാനലുകൾ ബഹിഷ്കരിക്കണമെന്നാണു യോഗത്തിൽ നിർദേശിച്ചതെന്നും ഏരിയ സെക്രട്ടറി ബിനു വർഗീസ് പറഞ്ഞു. 13, 14 തീയതികളിൽ നടക്കുന്ന വാഹന പ്രചാരണ ജാഥ സംബന്ധിച്ചു ചർച്ച ചെയ്യാനാണു യോഗം വിളിച്ചതെന്നും നേതാക്കൾ വിശദീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിൽ 11 മണിയോടു കൂടി തുടങ്ങിയ യോഗം ഉച്ചയ്ക്ക് ഒന്നിനു ശേഷമാണ് സമാപിച്ചത്.

ആകെയുള്ള 19 അംഗങ്ങളിൽ 14 പേർ യോഗത്തിൽ പങ്കെടുത്തു. മല്ലപ്പളളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെയ്സ്ബുക്കിലൂടെ നടത്തിയിരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണ പരിപാടി നൂറാം എപ്പിസോഡ് തികച്ചതിന്റെ ഭാഗമായി പരിപാടി അവതരിപ്പിച്ചിരുന്ന ഏരിയ കമ്മിറ്റിയംഗം കെ.പി.രാധാകൃഷ്ണനെ അനുമോദിക്കാൻ ചേർന്ന സമ്മേളനം  ഉദ്ഘാടനം ചെയ്യുമ്പോഴാണു മന്ത്രി സജി ചെറിയാൻ വിവാദ പരാമർശങ്ങൾ നടത്തിയത്. പ്രസംഗം  വിവാദമായതോടെ ഏരിയ കമ്മിറ്റിയുടെ ഫെയ്സ്ബുക് പേജിൽ  ഉണ്ടായിരുന്ന പരിപാടിയുടെ വിഡിയോ ചൊവ്വാഴ്ച രാവിലെ തന്നെ നീക്കം ചെയ്തിരുന്നു.

ലഭിച്ചത് 9 പരാതികൾ

തിരുവല്ല ∙ വിവാദ പ്രസംഗത്തിന്റെ പേരിൽ  സജി ചെറിയാനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 8 പേരുടെ 9 പരാതികളും തിരുവല്ല ഡിവൈഎസ്പിക്കു ലഭിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി കെ.പി.ശ്രീകുമാർ, കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി, ബൈജു നോയൽ, ജോർജ് വട്ടുകുളം, അഭിലാഷ് വെട്ടിക്കാടൻ, സാം പട്ടേരിൽ, എം.കെ.സജീവ്, ജോർജ് വട്ടയ്ക്കാട്ട് എന്നിവരാണു പരാതികൾ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com