ADVERTISEMENT

തിരുവല്ല∙ദുരന്തം വിതച്ച പ്രളയം കടന്നുപോയതിന്റെ ഓർമയ്ക്ക് നാലാണ്ട് ആകുന്നു. എന്നാൽ ദുരിതം ആർത്തലച്ചെത്തിയ ജില്ലയിലെ നദികൾ ഇപ്പോഴും വീണ്ടെടുക്കാനായിട്ടില്ല.  പമ്പ, മണിമല നദികളിൽ അന്ന് ഒഴുകിയെത്തിയ ചെളിയുടെയും മണ്ണിന്റെയും മൂന്നിലൊന്ന് മാത്രമാണ് ഇതുവരെ നീക്കം ചെയ്തത്. അച്ചൻകോവിലിൽ ഇത് മൂന്നിൽ രണ്ടു ഭാഗം നീക്കിയിട്ടുണ്ട്. വീണ്ടുമൊരു കാലവർഷം കൂടി സജീവമാകുമ്പോൾ കിഴക്കൻ മലകളിൽ നിന്ന് ഒഴുകിയെത്തുന്ന  വെള്ളത്തെ എങ്ങനെ ഈ നദികൾ ഉൾക്കൊള്ളും എന്ന ആശങ്ക നിലനിൽക്കുന്നു. ഒപ്പം തീരങ്ങളുടെ സുരക്ഷയും. 

പമ്പാനദിയിലെ മരുതൂർകടവിൽ നദിയിൽനിന്നു വാരിയ മണ്ണ് തീരത്ത് കൂട്ടിയിട്ടിരിക്കുന്നു

2018 ഓഗസ്റ്റ് 14, 15 തീയതികളിലായിരുന്നു പ്രളയം. അതിനുശേഷം 2020ലും വലിയ വെള്ളപ്പൊക്കം ഉണ്ടായി. പ്രളയത്തിൽ അണക്കെട്ടുകളിൽ നിന്നും കരകവിഞ്ഞൊഴുകിയ തീരങ്ങളിൽ നിന്നും ഒരുപാട് മണലും എക്കലും ഒഴുകിയെത്തി. ഇവയിൽ ഭരിഭാഗവും നദികളിൽ തന്നെ അടിയുകയായിരുന്നു.  മണൽ‌വാരി അടിത്തട്ട് തെളിഞ്ഞ നദികളിലെ കയങ്ങൾ മാത്രമല്ല തീരങ്ങളിലും ആഴംകുറഞ്ഞ ഭാഗങ്ങളിലും അടിഞ്ഞുകൂടി. അതോടെ മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളത്തെ ഉൾക്കൊള്ളാനുള്ള ശേഷി കുറഞ്ഞു.

പമ്പാനദിയിൽ നിന്ന് വാരി പെരുന്തേനരുവി ചെണ്ണപ്പാറയിൽ നിക്ഷേപിച്ച ഏക്കൽ ചെളിയായി മഴയത്ത് ഒഴുകിപ്പോയപ്പോൾ.

ഇനിയുണ്ടാകുന്ന ചെറിയ വെള്ളപ്പൊക്കം പോലും തീരത്തെ കാര്യമായി ബാധിക്കുമെന്നു വന്നതോടെയാണ് നദികളിലെ എക്കലും മണ്ണും നീക്കം ചെയ്യാനുള്ള പദ്ധതി ജലസേചന വകുപ്പ് നടപ്പാക്കുന്നത്. നദികളിൽ നിന്ന് ഇവ നീക്കം ചെയ്യുന്നത് ജലസേചന വകുപ്പാണ്. നീക്കം ചെയ്യുന്നവ നിക്ഷേപിക്കാനുള്ള ഇടം നൽകേണ്ടത് അതതു പഞ്ചായത്തുകളാണ്. നിക്ഷേപിച്ച മണലും എക്കലും ലേലം ചെയ്തു നൽകുന്നത് ജില്ലാ ഭരണകൂടവും. ഈ മൂന്നു വകുപ്പുകളുടെ ഏകോപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 

ശേഖരിച്ച മണൽ ലേലം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടില്ല.  പുതിയ സംവിധാനം ആയതിനാൽ മണൽ ലേലം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ രൂപപ്പെടുത്തണം. തുടർന്ന് നടപടികൾ തീരുമാനിക്കണം. ഇതാണ് കാലതാമസം.  ഇതിനൊന്നും ഇതുവരെ സർക്കാർ ഉത്തരവ്  ഇറങ്ങിയിട്ടില്ല. ലേലം ചെയ്ത് നീക്കാത്തതു കാരണം നദികളിൽ നിന്നു കൂടുതൽ മണൽ നീക്കം ചെയ്യാനും കഴിയുന്നില്ല. അച്ചൻകോവിലാറ്റിൽ വലഞ്ചുഴി, പ്രമാടം എന്നിവിടങ്ങളിൽ നിന്നു നീക്കം ചെയ്ത ചെളി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് 15000 എം ക്യൂബ് വരും. ഒരു എം ക്യൂബിന് 1000 രൂപയാണ് ലേലത്തുക. ഒന്നരക്കോടി രൂപയോളം വിലവരും. 

പമ്പാനദിയിൽ ചെറുകോൽ, അയിരൂർ, കോഴഞ്ചേരി, ആറന്മുള, മല്ലപ്പുഴശ്ശേരി എന്നീ പഞ്ചായത്തുപ്രദേശങ്ങളിൽ നിന്നു നീക്കം ചെയ്ത മണൽ അതതു പഞ്ചായത്തുകൾ നൽകിയ സ്ഥലത്താണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതും ഇതുവരെ ലേലം ചെയ്തിട്ടില്ല.  ഈ യാഡുകൾ നിറഞ്ഞതോടെ പിന്നീട് എടുത്ത മണലും ചെളിയും നദീതിരത്ത് തന്നെ ഇടുകയാണ്  ചെയ്യുന്നത്. ഇതുവരെ പഞ്ചായത്തുകൾ നൽകിയ യാർഡിൽ 18000 എം ക്യൂബ് മണൽ നിക്ഷേപിച്ചുകഴിഞ്ഞു. ഇതിന് എംക്യൂബിന് 1500 രൂപയാണ് വിലയിട്ടിരിക്കുന്നത്.

ചെറുകോൽ പഞ്ചായത്തിലെ വാഴക്കുന്നത്തു നിന്ന് എടുത്ത മണൽ നദീതീരത്തുതന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇവ വീണ്ടും വെള്ളപ്പൊക്കത്തിൽ നദിയിലേക്കു ഒഴുകിയെത്താതിരിക്കാൻ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്താനുള്ള പദ്ധതിയുണ്ട്. ആഞ്ഞിലമൂട്ടിൽകടവ്,  ക്ഷേത്രകടവ് എന്നിവിടങ്ങളിൽ നിന്നു നീക്കുന്ന മണലും നദീതീരത്തുതന്നെയാണ് ഇടുന്നത്. പഞ്ചായത്തുകൾ കൂടുതൽ സ്ഥലം നൽകാത്തതിനാലാണ് ഇവ തീരത്ത് ഇടേണ്ടിവരുന്നത്. മണിമലയാറ്റിൽ ജില്ലയിലെ ഭാഗത്ത് മണൽ നീക്കൽ ഇതുവരെ തുടങ്ങിയിട്ടില്ല.

ആറിന്റെ തുടക്കഭാഗമായ ഇടുക്കി, കോട്ടയം ജില്ലകളിലാണ് മണൽനീക്കം നടക്കുന്നത്. നദികളിൽ നിന്നുള്ള മണലും ചെളിയും ജലസേചന വകുപ്പ് നേരിട്ടാണ് നീക്കം ചെയ്യുന്നത്. അതേസമയം വരട്ടാറിലെയും പമ്പാനദിയിലെയും മണൽ നീക്കുന്നത് കരാർ നൽകിയിരിക്കുകയാണ്. കരാറുകാർ നദിയിൽ നിന്നെടുക്കുന്നത് മണലും ചെളിയുമായി വേർതിരിച്ച് മണൽ പ്രത്യേക യാഡിലെത്തിച്ച് നൽകുകയാണ്. ചെയ്യുന്നത്. അതിനാൽ മണൽ വാങ്ങിക്കുന്നതിന് ഒട്ടേറെ ആവശ്യക്കാരുണ്ട്. അതേസമയം ജലസേചന വകുപ്പിന് മണലും ചെളിയും വേർതിരിക്കാനുള്ള സംവിധാനമില്ല. അച്ചൻകോവിലാറ്റിൽ നിന്നു കിട്ടുന്നതിൽ ചെളിയുടെ അംശം കൂടുതലായതിനാൽ ആവശ്യക്കാർ കുറവാണ്. 

നദിയിൽ നിന്നു വാരിയത് നദിയിലേക്കുതന്നെ

വെച്ചൂച്ചിറ ∙ പമ്പാനദിയിൽ നിന്നു വാരിക്കൂട്ടിയ എക്കലും ചെളിയും ആറ്റിലേക്ക് തന്നെ വീണ്ടും ഒഴുകുന്നു. പെരുന്തേനരുവിക്കു സമീപം ചെണ്ണപ്പാറ വനത്തിൽ തള്ളിയ ചെളിയാണ് മഴയിൽ ഒഴുകി ആറ്റിലെത്തുന്നത്. മഹാപ്രളയത്തിലും വെള്ളപ്പൊക്കത്തിലും വൻതോതിൽ ചെളിയും എക്കലും പമ്പാനദിയിൽ അടിഞ്ഞിരുന്നു. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ തടയണ മുതൽ കുരുമ്പൻമൂഴി പൊനച്ചി വരെ ആറിന്റെ ആഴം തീർത്തും കുറഞ്ഞിരിക്കുകയാണ്. പലയിടത്തും കരയോളം ഉയരത്തിൽ ചെളി നിറഞ്ഞ മണൽ അടിഞ്ഞിട്ടുണ്ട്.

ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ കുരുമ്പൻമൂഴി കോസ്‌വേയ്ക്കു സമീപത്തു നിന്നും ജലവൈദ്യുതി പദ്ധതിയുടെ തടയണയോടു ചേർന്ന ഭാഗത്തു നിന്നും ചെളിയും എക്കലും മണ്ണുമാന്തികൾ ഉപയോഗിച്ച് വാരിയിരുന്നു. അവയാണ് വനത്തിൽ തരിശായി കിടക്കുന്ന ചെണ്ണപ്പാറയിൽ നിക്ഷേപിച്ചത്. മലയോളം ഉയരത്തിൽ എക്കലും ചെളിയും ഇവിടെ വാരിക്കൂട്ടിയിട്ടുണ്ട്. മഴവെള്ളത്തിൽ അവ ഒലിച്ചു പോകുകയാണ്. ചണ്ണ–പെരുന്തേനരുവി റോഡിലൂടെ ഒഴുകി ചെളി താഴെയുള്ള പമ്പാനദിയിലാണ് വീണ്ടും എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com