ADVERTISEMENT

പത്തനംതിട്ട ∙ ഓമനപ്പക്ഷിയെത്തേടി തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലെത്തിയ ശബരിനാഥിന്റെയും സുഹൃത്തുക്കളുടെയും  പരിശ്രമങ്ങൾ ഒരു കൈപ്പാടകലെ പറന്നുപോയി. ഒരു ദിവസം മുഴുവൻ നഗരത്തിന്റെ പലഭാഗത്തും തിരഞ്ഞെങ്കിലും മക്കാവോയെപ്പറ്റി കാര്യമായ സൂചനകൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇന്നലത്തെ പത്രത്തിൽ ഇതു സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപെട്ട മലയാലപ്പുഴ സ്വദേശി ‘മനോരമ’ ഓഫിസിൽ വിളിച്ച് പക്ഷി മലയാലപ്പുഴ ഹൈസ്കൂളിന് സമീപം ഉണ്ടെന്ന് അറിയിക്കുകയായിരുന്നു.

മനോരമയിൽ നിന്ന് ശബരിനാഥിനെയും വിവരം അറിയിച്ചു. തുടർന്ന് ശബരിനാഥും സംഘവും മലയാലപ്പുഴയിൽ എത്തുകയും മക്കാവോയെ നേരിൽ കാണുകയും ചെയ്തു. എന്നാൽ മരത്തിനു മുകളിൽ ഇരുന്ന പക്ഷിയെ പിടിക്കാനായി അതിന്റെ തൊട്ടടുത്തുവരെ എത്തിയപ്പോഴേക്കും പക്ഷി സമീപത്തെ റബർ തോട്ടത്തിലേക്ക് പറന്നുപോയി. രാത്രി വൈകിയതിനാലും റബർതോട്ടം വിശാലമായതിനാലും പക്ഷിക്കുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. നാളെ തുടർന്നും തിരച്ചിൽ നടത്താമെന്നും പക്ഷിയെ കണ്ടെത്തിയാൽ വിവരം അറിയിക്കാമെന്നുമുള്ള സ്ഥലവാസികളുടെ ഉറപ്പിലാണ് ഇന്നലെ രാത്രി ശബരിനാഥും സംഘവും തിരുവനന്തപുരത്തേക്ക് മടങ്ങിയത്. 

കഴിഞ്ഞ 20ന് ആണ് ശബരിനാഥിന്റെ വീട്ടിലെ കൂട് തുറന്ന് മക്കാവോ പക്ഷി പറന്നുപോയത്. പത്ര പരസ്യത്തിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഈ വിവരം ശബരിനാഥ് പങ്കുവച്ചിരുന്നു. ഇതിൽ നിന്ന് വിവരമറിഞ്ഞ ആളാണ് പക്ഷിയെ പത്തനംതിട്ടയിൽ കണ്ട വിവരം ശബരിനാഥിനെ അറിയിച്ചത്. വിവരം അറിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ശബരിനാഥും സംഘവും പത്തനംതിട്ടയിൽ എത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com