ADVERTISEMENT

പാഠഭാഗങ്ങൾ ഓർമയിൽ എക്കാലവും നിലനിൽക്കണമെങ്കിൽ എഴുതിത്തന്നെ പഠിക്കണം. എഴുതിപ്പഠിച്ചാൽ ഒരിക്കലും മറക്കില്ല.’ 68–ാം വയസ്സിലും പഠനത്തിന്റെ പാതയിൽ വിജയകരമായി മുന്നേറുകയാണ് ബി. വിജയകുമാരി. പഠനത്തെപ്പറ്റി വ്യക്തമായ ധാരണയും എങ്ങനെ പഠിക്കണമെന്നതിൽ തന്റേതായ കാഴ്ചപ്പാടും വിജയകുമാരിക്കുണ്ട്. 68–ാം വയസ്സിൽ ഓൺലൈനായി പഠിച്ച് പ്ലസ് ടു പരീക്ഷ പാസാകാൻ സഹായിച്ചതും ഈ കൃത്യതയുള്ള പഠനമാണെന്ന് എടുത്തുപറയേണ്ടതില്ല. ഇനിയും പഠിക്കാനാണ് വിജയകുമാരിയുടെ ഇഷ്ടം.കോവിഡ് കാലത്ത് എല്ലാവരും വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിയെങ്കിലും ഒരുപാടുപേർ പുതിയ മേഖലകളിലേക്ക് ചുവടുമാറ്റി. എന്നാൽ വിജയകുമാരിയാകട്ടെ 50 വർഷങ്ങൾക്കു മുൻപ് മുടങ്ങിയ തന്റെ പഠനം പുനരാരംഭിക്കാം എന്ന തീരുമാനത്തിലേക്കാണ് എത്തിയത്. 

വിജയകുമാരിയുടെ ഇളയ മകൾ അമ്പിളി മോഹൻ കോവിഡ്കാലത്ത് ഐഇഎൽടിഎസ് പരീക്ഷയ്ക്കായി ഓൺലൈനിൽ പരിശീലനം നേടുന്നത് ശ്രദ്ധയിൽപെട്ട വിജയകുമാരി പഠനം തുടരാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നു. അമ്പിളിയുടെ മകനും പഞ്ചാബിൽ ബിഎസ്‌സി അഗ്രികൾച്ചർ രണ്ടാം വർഷ വിദ്യാർഥിയുമായ വിവേക് പ്രകാശാണ് അതിനു പ്രചോദനമായത്. രാത്രിയിൽ മക്കളുടെ ഫോൺ നോക്കി ഓൺലൈനായിട്ടായിരുന്നു പഠനം. പുസ്തകങ്ങളും മറ്റും മക്കൾതന്നെ എത്തിച്ചുനൽകി. നന്നായി പത്രം വായിക്കുന്നതിലും സമകാലിക വിഷയങ്ങളിൽ അറിവുനേടുന്നതിലും വിജയകുമാരിക്ക് വലിയ താൽപര്യമാണ്.ഹ്യുമാനിറ്റീസായിരുന്നു പ്ലസ് ടുവിന് തിരഞ്ഞെടുത്ത വിഷയം. സെക്കൻഡ് ലാങ്വേജ് ഹിന്ദിയും. 

എല്ലാ പേപ്പറുകളും ഇംഗ്ലിഷിൽതന്നെയാണ് എഴുതിയത്. ചുരുക്കമാളുകൾ മാത്രമാണ് പരീക്ഷയുടെ മാധ്യമമായി ഇംഗ്ലിഷ് തിരഞ്ഞെടുക്കുന്നത്. ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യാമെന്നുള്ള ആത്മവിശ്വാസം വിജയകുമാരിക്കുണ്ടായിരുന്നു.പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിജയകുമാരി ബിരുദപഠനത്തിനുള്ള തയാറെടുപ്പിലാണിപ്പോൾ. സോഷ്യോളജിയിൽ ബിരുദമെടുക്കാനാണ് ആഗ്രഹം. ആലപ്പുഴയിലെ മുതുകുളം ഉമ്മർ ജംക്‌ഷനു സമീപം അജിഷ് ഭവനത്തിൽ മോഹനക്കുറുപ്പാണ് ഭർത്താവ്. ഇപ്പോൾ ചികിത്സാർഥം പുറമറ്റത്താണ് താമസം. മറ്റൊരു മകൻ അജിഷ് മോഹൻ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com