ഇരവിപേരൂർ ∙ റബർ പാൽ സംഭരിക്കുന്ന വീപ്പകൾ വെള്ളപ്പൊക്കത്തിന്റെ മറവിൽ സാമൂഹികവിരുദ്ധർ കടത്തിക്കൊണ്ടു പോയി ആക്രിക്കടയിൽ വിറ്റു. ഇതോടെ ഒന്നര ഏക്കറോളം റബർ തോട്ടത്തിൽ ‘പാൽ പ്രളയം’. വള്ളംകുളം ഹരി നിവാസിൽ ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ഇന്നലെയായിരുന്നു സംഭവം. ഈ ഭാഗത്ത് വെള്ളം കയറിയതോടെ റബർ പാൽ സംഭരിച്ചിരുന്ന വീപ്പകൾ ചരിഞ്ഞു. ഉടമ ഇതറിഞ്ഞ് എത്തിയപ്പോഴേക്കും വീപ്പകൾ കടത്തിയിരുന്നു.
റബർ പാൽ കട്ടിയാകാതിരിക്കാൻ വീപ്പയ്ക്കുള്ളിൽ രാസവസ്തു ഒഴിച്ചിരുന്നു. ഇതിനാൽ കമിഴ്ത്തിക്കളഞ്ഞ പാൽ വെള്ളത്തോടൊപ്പം ചേർന്ന് ഒഴുകുകയാണ്. അടുത്തുള്ള ചെങ്ങാമൺ കോളനിയിലേക്ക് ഇത് ഒഴുകി എത്തുന്നതായും പരാതിയുണ്ട്. തോട്ടം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 3 പേരാണ് വീപ്പ കടത്തിയ സംഘത്തിൽ ഉണ്ടായിരുന്നതെന്ന് അറിയുന്നു.