ADVERTISEMENT

പത്തനംതിട്ട ∙ കെഎസ്ആർടിസിയിലെ ഡീസൽ ക്ഷാമം ദീർഘദൂര സർവീസുകളെയും ബാധിച്ചു. ബത്തേരിയിൽനിന്നു പത്തനംതിട്ടയ്ക്കുള്ള സൂപ്പർ ഫാസ്റ്റ് ബസ് ഡീസൽ ഇല്ലാതെ കോഴിക്കോട് യാത്ര അവസാനിപ്പിച്ചു. റിസർവേഷൻ എടുത്ത യാത്രക്കാർ ബുദ്ധിമുട്ടി. പത്തനംതിട്ട ഡിപ്പോയിൽ 10 ഓർഡിനറി സർവീസുകൾ ഇന്നലെ റദ്ദാക്കി.റിസർവേഷൻ സൗകര്യമുള്ള സൂപ്പർ ഫാസ്റ്റ് ബസാണ് ബത്തേരി-പത്തനംതിട്ട. എല്ലാ ദിവസവും നിറയെ യാത്രക്കാരുമുണ്ട്. ബത്തേരി ഡിപ്പോയിലേതാണ് ബസ്. കോഴിക്കോട് നിന്നു ഡീസൽ കിട്ടിയാൽ പത്തനംതിട്ടയ്ക്ക് സർവീസ് പോകണമെന്ന നിർദേശം നൽകിയാണ് ബത്തേരിയിൽനിന്ന് ഇന്നലെ പുറപ്പെട്ടത്. റിസർവേഷൻ ഉള്ള എല്ലാ യാത്രക്കാരെയും അതിൽ കയറ്റി.

എന്നാൽ കോഴിക്കോട്ട് എത്തിയപ്പോൾ ഡീസൽ ലഭ്യമായില്ല. പുറത്തെ സ്വകാര്യ പമ്പിൽനിന്നു ഡീസൽ നിറയ്ക്കാനുള്ള സംവിധാനവും ഒരുക്കിയില്ല. ബസിൽ  റിസർവേഷൻ ഉണ്ടായിരുന്ന യാത്രക്കാരെ പാലായ്ക്കുള്ള ബസിൽ കയറ്റിവിടാൻ നോക്കി. പാലായിൽ നിന്നു പത്തനംതിട്ടയ്ക്ക് ബസില്ലാത്തതും പ്രശ്നമായി. തുടർന്ന് ചീഫ് ഓഫിസിൽ വിവരം അറിയിച്ചു. ബൈപാസ് റൈഡറിൽ അവരെ തിരുവല്ല ഇറക്കാൻ ചീഫ് ഓഫിസിൽ നിന്നു നിർദേശിക്കുകയായിരുന്നു. രാത്രി തിരുവല്ലയിൽനിന്നു പത്തനംതിട്ടയ്ക്ക് ബസ് കിട്ടാതെ വന്നാൽ എന്തു ചെയ്യുമെന്ന പെൺകുട്ടിയുടെ ചോദ്യത്തിനു തിരുവല്ല-പത്തനംതിട്ട ബസ് ചാർജ് മടക്കി നൽകാം എന്നായിരുന്നു അധികൃതരുടെ മറുപടി. 

ബസ് എത്താഞ്ഞതിനാൽ ഇന്ന് രാവിലെ 5.30ന് പത്തനംതിട്ടയിൽ നിന്ന് ബത്തേരിക്കു സൂപ്പർ ഫാസ്റ്റ് ഉണ്ടാകില്ല. ശബരിമല നിറപുത്തരി ആഘോഷത്തിനു പമ്പ സ്പെഷൽ സർവീസ് നടത്തുന്ന ബസുകൾക്ക് ഇന്ധനം നിറയ്ക്കാൻ പ്രത്യേക പരിഗണനയിൽ ബുധനാഴ്ച ഇവിടെ 7000 ലീറ്റർ ഡീസൽ വന്നു. അതിനാൽ ഇത്രയും ദിവസം പിടിച്ചുനിന്നു. ഇപ്പോൾ പത്തനംതിട്ട ഡിപ്പോയിലെ ഡീസൽ പൂർണമായും തീർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com