ADVERTISEMENT

ശബരിമല ∙ കക്കി-ആനത്തോട് അണക്കെട്ട് തുറന്നുവിട്ടെങ്കിലും ഒഴുകിയെത്തിയ ജലം ത്രിവേണിയിൽ വെള്ളപ്പൊക്കം ഉണ്ടാക്കിയില്ല. ത്രിവേണിയിൽ വിപുലമായ മുന്നറിയിപ്പ് സംവിധാനമാണ് കെഎസ്ഇബിയും ദുരന്ത നിവാരണ അതോറിറ്റിയും ഒരുക്കിയത്. രാവിലെ 11ന് കക്കി-ആനത്തോട് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയപ്പോൾ ത്രിവേണിയിൽ സൈറൺ മുഴങ്ങി. രണ്ട് മണിക്കൂർകൊണ്ട് വെള്ളം പമ്പ ത്രിവേണിയിൽ എത്തി. അപ്പോഴും മുന്നറിയിപ്പുമായി സൈറൺ വീണ്ടും മുഴങ്ങി. 8 കിലോമീറ്റർ അകലെവരെ ശബ്ദം കേൾക്കാൻ കഴിയുന്ന സൈറൺ ആണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. അണക്കെട്ട് തുറന്നുവിട്ട വെള്ളം കക്കി ആറ്റിലൂടെ ഒഴുകി ത്രിവേണി വലിയ പാലത്തിനു തൊട്ടുമുകളിലായി പമ്പാനദിയിൽ ചേർന്നു. 

ഇന്നലെ വൈകിട്ട് 4ന് പമ്പാ അണക്കെട്ട് തുറക്കുന്നതിന്റെ സന്ദേശം അറിയിച്ച് ത്രിവേണിയിൽ സൈറൺ മുഴങ്ങിയിരുന്നു. 25 മുതൽ 50 ഘനയടി വരെ വെള്ളമാണ് പമ്പാ അണക്കെട്ടിൽനിന്നു തുറന്നുവിട്ടത്. ഗവിക്കു സമീപം കൊച്ചുപമ്പയിലാണ് പമ്പാ അണക്കെട്ട്. ഇവിടെനിന്നു തുറന്നുവിട്ട വെള്ളം പമ്പാനദിയിലൂടെ ഒഴുകി ത്രിവേണിയിൽ എത്തും. വലിയപാലത്തിനു മുകളിൽ ഇത് കക്കി ആറ്റിലൂടെ വരുന്ന വെള്ളവുമായി ചേർന്നാണ് താഴേക്ക് ഒഴുകുന്നത്.

രണ്ട് അണക്കെട്ടുകളിൽ നിന്നും തുറന്നുവിട്ട വെള്ളം ത്രിവേണിക്കു താഴെ അട്ടത്തോട്, എയ്ഞ്ചൽവാലി, കണമല, അരയാഞ്ഞിലിമൺ, പെരുന്തേനരുവി, അത്തിക്കയം, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള, ആറാട്ടുപുഴ വഴിയാണ് പമ്പാനദിയിലൂടെ ഒഴുകിപ്പോകുന്നത്. മൂഴിയാർ, മണിയാർ എന്നീ ചെറിയ അണക്കെട്ടുകളിൽനിന്നു തുറന്നുവിടുന്ന വെള്ളം കക്കാട്ടാറ്റിലൂടെ ഒഴുകി റാന്നി പെരുനാട് പൂവത്തുംമൂട് ഭാഗത്താണ്    പമ്പാനദിയിൽ ചേരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com