ADVERTISEMENT

പത്തനംതിട്ട ∙ മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേടിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന അടൂരിലെ ക്രൈംബ്രാഞ്ച് യൂണിറ്റിനാണു ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ കേസ് കൈമാറിയത്. ഡിവൈഎസ്പി ആർ. പ്രദീപ് കുമാറിനാണ് അന്വേഷണ ചുമതല. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചു വരികയാണെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. 4 കോടി രൂപയുടെ തട്ടിപ്പാണു ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത്.

ബാങ്കിൽ 33 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായാണു സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറുടെ അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയത്. നിക്ഷേപകരുടെ ഭാഗത്തു നിന്നുള്ള സമ്മർദം താങ്ങാനാകാതെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സാജു മണിദാസ് കഴിഞ്ഞദിവസം രാജി സന്നദ്ധത അറിയിച്ചിരുന്നു. സെക്രട്ടറി സ്ഥാനം ഒഴിയാൻ തയാറാണെന്നും ലോക്കൽ കമ്മിറ്റി വിളിച്ചു ചേർക്കാൻ കഴിയുന്നില്ലെന്നും കാണിച്ച് പാർട്ടിയുടെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ സാജു കുറിപ്പിട്ടിരുന്നു.

മൈലപ്ര സഹകരണ ബാങ്കിനു മുൻപിൽ വീണ്ടും നിക്ഷേപകരുടെ പ്രതിഷേധം

.പത്തനംതിട്ട ∙ പണം തിരികെ കിട്ടാൻ മൈലപ്ര സർവീസ് സഹകരണ ബാങ്കിനു മുൻപിൽ വീണ്ടും നിക്ഷേപകരുടെ പ്രതിഷേധം. വായ്പക്കാരുടെ പണം തിരിച്ചുപിടിക്കാൻ ജാമ്യവസ്തുക്കളുടെ ലേലവും ഇന്നലെ നടന്നില്ല.  ചികിത്സ, മക്കളുടെ പഠനം, വിവാഹം തുടങ്ങി അടിയന്തര ആവശ്യത്തിനുപോലും നിക്ഷേപം തിരികെ കിട്ടാത്ത സാഹചര്യത്തിലാണ്  നിക്ഷേപകർ ഇന്നലെ വീണ്ടും പ്രതിഷേധിച്ചത്.

83 പേർ പണം പിൻവലിക്കാനായി ഇന്നലെ രാവിലെ ബാങ്കിൽ എത്തി. ജൂലൈ 20ന് മുൻപ് പണം പിൻവലിച്ചവർക്കു മാത്രം ഇന്നലെ പണം നൽകാൻ കഴിയൂ എന്ന് ബാങ്ക് ജീവനക്കാർ അറിയിച്ചു. അതും 2000 മുതൽ  പരമാവധി 5000 രൂപ വരെ. ഇതുകേട്ടതോടെ നിക്ഷേപകർ ബഹളം തുടങ്ങി.  അതേസമയം വായ്പക്കാരിൽനിന്നു ജപ്തി ചെയ്ത ഭൂമി ലേലത്തിലൂടെ വിറ്റഴിക്കാൻ സഹകരണ വകുപ്പ് നടത്തിയ ശ്രമം വിജയിച്ചില്ല. കഴിഞ്ഞ ഏഴിനും ഇന്നലെയും വസ്തു ലേലത്തിൽ വിൽക്കാനുള്ള തയാറെടുപ്പ് നടത്തിയെങ്കിലും ലേലം പിടിക്കാൻ ആരും വന്നില്ല.

കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

പത്തനംതിട്ട ∙  മൈലപ്ര ബാങ്ക് സംബന്ധിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ബാങ്കിന്റെ ധനസ്ഥിതി മോശമാണെന്നു കാണിച്ച് ലഭിച്ച പരാതിയിൽ ‘സഹകരണ നിയമം 65’ പ്രകാരം ജോയിന്റ് റജിസ്ട്രാർ അന്വേഷണം നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് ഭരണ സമിതി പിരിച്ചുവിടാൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. ഇതിനെതിരെ ഭരണ സമിതി ഹൈക്കോടതിയിൽ നിന്നു സ്റ്റേ വാങ്ങി. സഹകരണ ജോയിന്റ് റജിസ്ട്രാർ അപ്പീൽ നൽകിയിരുന്നു. ഈ കേസിന്റെ ഇന്നലെ നടക്കേണ്ടിയിരുന്ന വാദമാണ് ഇന്നു വീണ്ടും പരിഗണിക്കുന്നത്.

‘അന്വേഷണം സ്വാഗതം ചെയ്യുന്നു’

പത്തനംതിട്ട ∙ മൈലപ്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായി ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ പറഞ്ഞു. 20 വർഷമായി ഉണ്ടായ 29 കോടി രൂപയുടെ നഷ്ടമാണു ബാങ്കിനുള്ളത്. 15 കോടി രൂപയോളം പലിശ ഇനത്തിൽ ഈടാക്കിയിട്ടുണ്ട്. യഥാർഥത്തിൽ 14 കോടി രൂപയുടെ നഷ്ടമാണുള്ളത്. പരിഭ്രാന്തി പരത്തി ചിലർ ആളുകളെ ഇളക്കി വിടുകയാണ്. ബാങ്ക് തിരിച്ചുവരവിന്റെ പാതയിലാണ്. ബാങ്ക് സ്വന്തം ഫാക്ടറിക്കാണു 33 കോടി രൂപ ചെലവാക്കിയത്. അതിൽ അഴിമതിയില്ല. കോവിഡ് മൂലം തിരിച്ചടവുകളിൽ കുറവുണ്ടായതു ബാങ്കിനെ ബാധിച്ചിട്ടുണ്ട്. പണം കിട്ടുന്ന മുറയ്ക്ക് എല്ലാവരുടെയും പണം തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com