ADVERTISEMENT

കോന്നി ∙ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ജീവത്യാഗം ചെയ്ത ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ ഒളിവുകാല ജീവിതത്തിന്റെ ഓർമപുതുക്കി വള്ളിക്കോട് കോട്ടയത്തെ നേന്ത്രപ്പള്ളി തറവാട്. ദളവയുടെ അന്ത്യദിനത്തോടനുബന്ധിച്ചുള്ള സംഭവങ്ങൾ, നേന്ത്രപ്പള്ളി കുടുംബാംഗമായ അന്തരിച്ച കുഞ്ഞുകു‍ഞ്ഞിപ്പിള്ള പാർവതിപ്പിള്ളയിൽ നിന്നാണ് പുതിയ തലമുറയിലേക്ക് എത്തുന്നത്.

കുണ്ടറ വിളംബരത്തിനുശേഷം പന്തളം രാജാവിന്റെ അധികാരപരിധി കടന്ന ദളവയും അനുജൻ പത്മനാഭൻ തമ്പിയും പന്തളം കൊട്ടാരത്തിലെത്തി. അച്ചൻകോവിലാറിന്റെ കരയിലൂടെ തിരിച്ച ദളവയും സഹോദരനും തൃപ്പാറ ക്ഷേത്രത്തിലെത്തി ഭക്ഷണം കഴിച്ചതായി മനസ്സിലാക്കി ബ്രിട്ടിഷ് പട്ടാളക്കാർ പിന്തുടരുന്നതറിഞ്ഞ് വീണ്ടും കിഴക്കുള്ള വനപ്രദേശത്തേക്കു കടന്നു. ഇവിടത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ശേഷമാണ് നേന്ത്രപ്പള്ളി തറവാട്ടിലേക്ക് എത്തുന്നത്. അവിടെയുള്ള സുരക്ഷിതമായ മുറിയിൽ ഇരുവർക്കും അഭയം കൊടുത്തു.

അപ്പോഴാണ് ബ്രിട്ടിഷ് പട്ടാളം ഇവിടേക്കു വരുന്നതായി വിവരം കിട്ടിയത്. ഇതോടെ മ്ലാന്തടം എന്ന സ്ഥലത്തേക്ക് പോയി. അവിടെയെത്തിയ വേലുത്തമ്പി ഒരു പനയോലയിൽ സുരക്ഷിതമായി ഇവിടെയെത്തിയെന്ന കുറിപ്പെഴുതി കൊടുത്തയച്ചു. അതു വായിച്ച് അറപ്പുരയുടെ പടിയിൽ വച്ചപ്പോഴേക്കും ബ്രിട്ടിഷ് പട്ടാളക്കാർ എത്തിക്കഴിഞ്ഞിരുന്നു. മ്ലാന്തടത്തിലേക്കു പട്ടാളം പുറപ്പെടുന്നതായി മനസ്സിലാക്കി ഇരുവരും കൂടൽ, കലഞ്ഞൂർ വഴി തിരിച്ച് അടൂർ-പുനലൂർ രാജപാതയിലൂടെ യാത്രചെയ്ത് മണ്ണടി ഭഗവതി ക്ഷേത്രത്തിനു കിഴക്കുള്ള ഒരു വാരിയരുടെ ഇല്ലത്ത് അഭയം പ്രാപിച്ചു. അവരുടെ കുടുംബക്ഷേത്രത്തിൽ ഒളിച്ചിരുന്നു. ഈ ഇല്ലംവക ക്ഷേത്രത്തിൽവച്ചാണ് വേലുത്തമ്പി ജീവത്യാഗം ചെയ്തത്.

മ്ലാന്തടം എന്ന സ്ഥലം എവിടെയാണെന്നു പറഞ്ഞുകൊടുക്കാൻ തയാറാ‌കാത്തതിനെ തുടർന്ന് കുളക്കരയിൽ ധ്യാനിച്ചുകൊണ്ടിരുന്ന കാരണവരുടെ കഴുത്തുവെട്ടിയെന്നും ധ്യാനത്തിലിരുന്നപ്പോൾ മരിക്കുകയായിരുന്നെന്നും രണ്ടു വിശ്വാസമുണ്ട്. പിന്നീട് കുടുംബക്കാരെ ബന്ധനസ്ഥരാക്കി കൊല്ലം തങ്കശേരി കടപ്പുറത്തുനിന്ന് മാലി ദ്വീപിലേക്ക് നാടുകടത്തുകയും ചെയ്തു. തുടർന്ന് നേന്ത്രപ്പള്ളി വക പുരയിടങ്ങളും നിലങ്ങളും സർക്കാർ ഏറ്റെടുത്തു. പിന്നീട് തിരികെയെത്തിയ കുടുംബാംഗങ്ങൾക്ക് സർക്കാർ നിലവും പുരയിടവും തിരികെ നൽകുകയും കൃഷി ചെയ്യാൻ ആരുമില്ലാത്തതിനാൽ കുടുംബ പെൻഷൻ അനുവദിക്കുകയും ചെയ്തു. 1860 മുതൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമയാണ് പെൻഷൻ അനുവദിച്ചതെന്നാണ് കരുതുന്നത്. കുന്നത്തൂർ സബ് ട്രഷറിയിൽ ഇതുസംബന്ധിച്ച രേഖകൾ ഉള്ളതായും പറയുന്നു.

സ്വാതന്ത്ര്യസമര നേതാവായിരുന്ന വേലുത്തമ്പി ദളവയ്ക്ക് അഭയംകൊടുത്ത് കഷ്ടതകൾ ഏറ്റുവാങ്ങിയ നേന്ത്രപ്പള്ളി കുടുംബത്തിന്റെ രാജ്യത്തോടുള്ള സമർപ്പണവും 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയിൽ പുതിയ തലമുറയ്ക്കും  ഓർമപ്പെടുത്തലാകണം. വേലുത്തമ്പി ഒളിവിൽപാർത്ത ക്ഷേത്രവും കാരണവർ അവസാനമായി കുളിച്ച കുളവും തറവാടിന്റെ പടിപ്പുരയുടെ ശേഷിപ്പുകളും കുടുംബത്തിന്റെ പിൻമുറക്കാരെയും ഇന്നും ഇവിടെക്കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com