കിഴക്കുനിന്ന് ഇടക്കുളം, പടിഞ്ഞാറുനിന്ന് ചെന്നിത്തല; ഈ നദീ തടത്തിലെ സംസ്കാരത്തിന് ഒരേ താളം

 1.ഇടക്കുളം പള്ളിയോടം (ഫയൽ), 2.ചെന്നിത്തല പള്ളിയോടം (ഫയൽ ചിത്രം)
1.ഇടക്കുളം പള്ളിയോടം (ഫയൽ), 2.ചെന്നിത്തല പള്ളിയോടം (ഫയൽ ചിത്രം)
SHARE

പമ്പാ നദിയിലെ ജലനിരപ്പ് ഇടവപ്പാതിക്കാലത്ത് കിഴക്കും പടിഞ്ഞാറും ജനങ്ങളെ ആശങ്കയിലാക്കുന്ന കാലമാണ്. ഇടവപ്പാതി പിന്നിട്ടാൽ കർക്കടകം പകുതിയോടെ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും ആറന്മുളയിലേക്ക് ഒരു മനസ്സോടെ തുഴഞ്ഞെത്തുന്ന പള്ളിയോടം എന്ന വികാരത്തിന്റെ കാലം ആരംഭിക്കുകയാണ്.  രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പമ്പാ നദിയിൽ ഇടക്കുളം മുതൽ അച്ചൻകോവിലാറ്റിൽ ചെന്നിത്തല വരെയുള്ള 52 പള്ളിയോടങ്ങൾ ജലപ്പൂരത്തിനായി ഒരുങ്ങുകയാണ്. 

കിഴക്ക് ഇടക്കുളവും പടിഞ്ഞാറ് ചെന്നിത്തലയും തമ്മിൽ ദൂരമേറെയുണ്ടെങ്കിലും ഈ നദീ തടത്തിലെ സംസ്കാരത്തിന് ഒരേ താളമാണ്. അതു വഞ്ചിപ്പാട്ടിന്റെ ഹൃദയതാളമാണ്. ഓരോ കരയിലും കാത്തിരിപ്പിന്റെ കഥകളാണ് കേൾക്കുന്നത്. ദേവസങ്കൽപ്പമുള്ള ഓരോ പള്ളിയോടത്തിലും അതത് കരയിലെ ഓരോ ആരാധനാലയവുമായി ബന്ധപ്പെട്ട ഉപചാരങ്ങളുമുണ്ട്.  

പള്ളിയോടക്കരകളിലൂടെയുള്ള യാത്ര ഇന്നു മുതൽ...

ഇടക്കുളം പള്ളിയോടം

പമ്പാ നദിയിൽ ഏറ്റവും കിഴക്കേ അറ്റത്തുള്ള പള്ളിയോടമാണ് ഇടക്കുളം. പമ്പാ നദിയിലെ ജല നിരപ്പുയർന്നാൽ ബാക്കി എല്ലാ പള്ളിയോടക്കരക്കാർക്കും ഇടക്കുളത്ത് നിന്ന് ലഭിക്കുന്ന സന്ദേശം മഹാപ്രളയത്തിന് ശേഷം വിലപ്പെട്ടതാണ്. ഇടക്കുളം പള്ളിയോടപ്പുരയിൽ വെള്ളം കയറിയാൽ അടുത്ത 6 മണിക്കൂറിൽ ആറന്മുളയിൽ ജലനിരപ്പ് ആറ് മീറ്ററിലെത്തും എന്ന് എല്ലാ കരക്കാർക്കും അറിയാം. ഇടക്കുളം ഉത്തൃട്ടാതി ജലോത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. 

ഒരുദിവസം കൂടി കഴിഞ്ഞാൽ ഇടക്കുളം ധർമശാസ്താവിന്റെ അനുഗ്രഹത്തോടെ ഇടക്കുളം പള്ളിയോടം നീരണയാനുള്ള ഒരുക്കത്തിലാണ്. നാളെ 11.30 നാണ് നീരണയൽ ചടങ്ങ്. 2011 ലാണ് ഇടക്കുളം പള്ളിയോടം നിർമിച്ചത്. 2347-ാം നമ്പർ  സരസ്വതി വിലാസം എൻഎസ്എസ് കരയോഗത്തിന്റെയും  665-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെയും ഉടമസ്ഥതയിലാണ് പള്ളിയോടം. 2013 സെപ്റ്റംബറിലാണ് നിർമാണം പൂർത്തിയാക്കി നീരണഞ്ഞത്. 

2014 ൽ ആദ്യമായി ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ പങ്കെടുത്ത് മന്നം ട്രോഫിയും നേടിയിരുന്നു. അളവുകൾ: നാൽപ്പത്തിയൊന്നേകാൽ കോൽ നീളം, പതിനാറേമുക്കാൽ അടി അമരപ്പൊക്കം, ആറേകാൽ അടി ഉടമ. 71 പേർക്ക് കയറാം. പ്രതിനിധികൾ - ടി. ആർ .സന്തോഷ് കുമാർ, പി. ആർ. വിശ്വനാഥൻ നായർ. ക്യാപ്റ്റൻ- കെ. കെ. പ്രകാശ്. 

ചെന്നിത്തല പള്ളിയോടം

അച്ചൻകോവിലാറും കുട്ടമ്പേരൂർ ആറും പിന്നിട്ട് പമ്പയിലൂടെ 40 കിലോമീറ്റർ സഞ്ചരിച്ചാണ് ചെന്നിത്തല പള്ളിയോടം വർഷം തോറും ആറന്മുളയിലെത്തുന്നത്. കഴിഞ്ഞ രണ്ട് വർഷം പള്ളിയോടത്തിന് ആറന്മുളയിൽ എത്താൻ കഴിഞ്ഞില്ല. ഇത്തവണ സെപ്റ്റംബർ 1 ന് നീരണയുന്ന പള്ളിയോടം തുടർന്നുള്ള ദിവസങ്ങളിൽ നിറപറയും താംബുല വഴിപാടും അവൽപ്പൊതിയും സ്വീകരിക്കും. പമ്പയിലേക്ക് തുഴഞ്ഞെത്തുന്ന പള്ളിയോടത്തിന് നാക്കട കടവ് വരെ ഭക്തർ കാഴ്ചക്കുലകളും വഴിപാടുകളും സമർപ്പിക്കുന്നതും പതിവാണ്. 

സെപ്റ്റംബർ 10 ന് ആറന്മുളയിലേക്ക് പുറപ്പെടുന്ന പള്ളിയോടം ഉത്തൃട്ടാതി നാളിൽ രാവിലെ പാർഥസാരഥി ക്ഷേത്രക്കടവിൽ എത്തും. ചെന്നിത്തല 3-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതിലാണ് പള്ളിയോടം. ‌അളവുകൾ: 93 അടി നീളം, അൻപത്തിയൊന്നേകാൽ അംഗുലം ഉടമ, 18 അടി അമരപ്പൊക്കം.പ്രതിനിധികൾ - കെ. എസ്. ശശീന്ദ്രൻ പിള്ള, ആർ. ഹരികുമാർ. ക്യാപ്റ്റൻ- ആർ.രാകേഷ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}