പന്തളം ∙ ശിഖരം മുറിച്ചതോടെ കെഎസ്ആർടിസി റോഡിലെ മാവുകളിൽ നിന്നു കൂടുവിട്ടു തൊട്ടടുത്ത വാകമരത്തിലേക്ക് ചേക്കേറുന്ന പക്ഷിക്കൂട്ടത്തെ തുരത്താൻ ചന്തയിലെ വ്യാപാരികൾ. മരത്തിന്റെ മുകളിലെ ശിഖരത്തിൽ നിന്നു കയറുകൾ താഴേക്ക് വലിച്ചു കെട്ടിയാണ് ശ്രമം. പക്ഷികൾ കൂട്ടമായെത്തുമ്പോൾ കയർ വലിച്ചു ശിഖരം കുലുക്കിയാണ് പക്ഷികളെ തുരത്തുന്നത്. ശ്രമം ഏറെക്കുറെ വിജയിച്ചെന്നു വ്യാപാരികൾ പറയുന്നു.മേയ് ആദ്യമാണ്, ഒരു രാത്രി നീണ്ട ദൗത്യത്തിലൂടെ മാവുകളുടെ ശിഖരം മുറിച്ചത്. അന്നു കൂടുവിട്ട പക്ഷിക്കൂട്ടം തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അവശേഷിക്കുന്ന ശിഖരങ്ങളിൽ തമ്പടിച്ചിരുന്നു.
തുടക്കത്തിൽ മാലിന്യപ്രശ്നം വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചില്ലെങ്കിലും ഇപ്പോൾ പഴയപടിയായി. തമ്പടിക്കുന്ന പക്ഷികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഏതാനും ശിഖരങ്ങളിൽ സ്ഥലം തികയാതെ വന്നതോടെയാണ്, തൊട്ടടുത്തുള്ള ചന്തയിലെ വാകമരത്തിലേക്ക് പക്ഷിക്കൂട്ടം ഇപ്പോൾ ചേക്കേറിയത്.വ്യാപാരികൾ ഏറെക്കുറെ ഉപേക്ഷിച്ച ചന്തയിൽ അവശേഷിക്കുന്നവർക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് കരാറുകാരൻ ജി.അരുൺ കുമാറിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ ശ്രമം. വാകമരത്തിന്റെ താഴെ കച്ചവടം ചെയ്തു വന്ന വ്യാപാരികളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്.
പൂർത്തിയാവാതെ ദൗത്യം
പന്തളം ∙ മരത്തിൽ തമ്പടിച്ച പക്ഷിക്കൂട്ടം മൂലമുള്ള മാലിന്യപ്രശ്നം പരിഹരിക്കാൻ നഗരസഭ പ്രഖ്യാപിച്ച നടപടികൾ പൂർത്തിയായില്ല. ജൈവവൈവിധ്യ ബോർഡ് അനുവദിച്ച 2 ലക്ഷം രൂപയിൽ നിന്നുള്ള തുക വിനിയോഗിച്ചു ശിഖരം മുറിച്ചു വല ഇടുമെന്നായിരുന്നു പ്രഖ്യാപനം. 25,000 രൂപ മുടക്കിയാണ് ശിഖരം മുറിച്ചത്. വല ഇടാൻ ഒരു ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതിൽ നിന്നു വല വാങ്ങാനായി 60,000 രൂപ കരാറുകാരനു നൽകിയിരുന്നെങ്കിലും 3 മാസം പിന്നിട്ടെങ്കിലും നടപടി തുടങ്ങിയില്ല.
വലിയ തോതിൽ പക്ഷികൾ തമ്പടിച്ചതാണ് ഇതിനു കാരണമെന്നു പറയുന്നു.അതെ സമയം, മേയ് 4നു രാത്രിയിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടയിൽ വൈദ്യുതി പോസ്റ്റ് അടക്കം ഉപകരണങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. 50,979 രൂപയുടെ ബില്ലും അവർ നൽകി. എന്നാൽ, ഈ തുക നൽകാൻ ഇതുവരെ നഗരസഭയും തയാറായിട്ടില്ല.