ADVERTISEMENT

പത്തനംതിട്ട∙ ശ്രീകൃഷ്ണ ജയന്തിയായ  ഇന്ന് ജില്ലയിലെ ഗ്രാമ വീഥികൾ അമ്പാടിയാകും. ജില്ലയിൽ 110 മഹാശോഭാ യാത്രകൾ.  ബാലഗോകുലം മറ്റു ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെയാണ് ജില്ലയിൽ ഉടനീളം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. ജില്ലയെ ബാലഗോകുലം വടശേരിക്കര, കോന്നി, കലഞ്ഞൂർ, പത്തനംതിട്ട ,അടൂർ, പന്തളം, തിരുവല്ല ഇരവിപേരൂർ, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി എന്നീ 11 താലൂക്കുകളായി തിരിച്ചാണ് ഘോഷയാത്രകളും സാംസ്കാരിക പരിപാടികളും ക്രമീകരിച്ചത്.110 മഹാ ശോഭാ യാത്രകളിൽ അണിചേരാൻ 554 ഉപശോഭാ യാത്രകളും ഒരുക്കുന്നുണ്ട്. ഇതിനു മുന്നോടിയായി 330 കേന്ദ്രങ്ങളിൽ പതാക ദിനം ആചരിച്ചു.

എല്ലാ സ്ഥലങ്ങളിലെ ശോഭാ യാത്രകളിലും കൃഷ്ണന്റെ പരശതം കഥകൾ വിവിധ വേഷങ്ങളിലൂടെ അവതരിപ്പിക്കുന്നതിനുള്ള തയാറെടുപ്പാണ് ബാലഗോകുലം  പ്രവർത്തകരും അമ്മമാരും. കൂടുതൽ പേരും തങ്ങളുടെ കുട്ടികളെ കൃഷ്ണനായി ഒരുക്കുന്നതിനുള്ള വേഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കോവിഡ് കാരണം രണ്ട് വർഷം വലിയ ശോഭാ യാത്രകൾ ഇല്ലായിരുന്നു. അതിനാൽ ഇത്തവണ വലിയ പങ്കാളിത്തമാണ് എല്ലായിടത്തും പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ജില്ലയിലെ പ്രധാന കൃഷ്ണ ക്ഷേത്രങ്ങളിൽ ഉത്സവവും ഉണ്ട്. എല്ലായിടത്തും രാത്രി 12ന് അവതാര പൂജയും ഉണ്ട്.

ശോഭായാത്രകൾക്ക് ഉണ്ണിക്കണ്ണന്മാരും രാധികമാരുമൊരുങ്ങി; ഇന്ന് ജന്മാഷ്ടമി

മല്ലപ്പള്ളി ∙ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഇന്ന്  ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. അമ്പാടിയിലെയും വൃന്ദാവനത്തിലെയും മനോഹര സ്മരണകളുണർത്തുന്ന നിശ്ചലദൃശ്യങ്ങളും ശ്രീകൃഷ്ണ–ഗോപികാ വേഷങ്ങളും ശോഭായാത്രകളിൽ അണിനിരക്കും.  ഉറിയടിയും നടക്കും. മല്ലപ്പള്ളി പഞ്ചായത്തിലെ മുരണി, കീഴ്‌വായ്പൂര്, പൗവത്തിപ്പടി, നാരകത്താനി, പുന്നമറ്റം, മൂശാരിക്കവല, കൈപ്പറ്റ, പരിയാരം, ഭജനമഠം കാര്യാലയം എന്നിവിടങ്ങളിലെ ശോഭായാത്രകൾ മല്ലപ്പള്ളി ഗുരുദേവക്ഷേത്രത്തിനു സമീപം സംഗമിച്ച് തിരുമാലിട മഹാദേവക്ഷേത്രത്തിൽ സമാപിക്കും.

ആനിക്കാട് പഞ്ചായത്തിലെ നൂറോമ്മാവ്, ഒല്ലൂർപടി, പുളിക്കാമല എന്നിവിടങ്ങളിലെ ശോഭായാത്രകൾ പുല്ലുകുത്തിയിൽ സംഗമിച്ച് ആനിക്കാട് ശിവപാർവതി ക്ഷേത്രത്തിലും പുന്നവേലി, വായ്പൂര് മഹാദേവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെ ശോഭായാത്രകൾ ചെട്ടിമുക്കിലും സംഗമിച്ച് കീഴ്തൃക്കേൽ ശ്രീകൃഷ്ണക്ഷേത്രത്തിലും എത്തും. തെള്ളിയൂർക്കാവ്, മലങ്കോട്ട, കൊട്ടിയമ്പലം എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ തടിയൂർ ജംക്‌ഷനിൽ സംഗമിച്ചു ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലും കുന്നന്താനം പഞ്ചായത്തിലെ വള്ളിക്കാട്, അമ്പാടി, മഠത്തിൽക്കാവ്, മുക്കൂർ, പുളിന്താനം, മൈലമൺ, നടയ്ക്കൽ, മാന്താനം, കുന്നന്താനം എന്നിവിടങ്ങളിലെ ശോഭായാത്രകൾ കുന്നന്താനം ജംക്‌ഷനിൽ സംഗമിച്ച് മഠത്തിൽക്കാവ് ഭഗവതിക്ഷേത്രത്തിലും ആഞ്ഞിലിത്താനത്തെ ശോഭായാത്ര മഹാവിഷ്ണു ക്ഷേത്രത്തിലും സമാപിക്കും.

കല്ലൂപ്പാറയിൽ തോണിപ്പുറത്ത് ക്ഷേത്രം, മന്ദിരംകാല എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ കല്ലൂപ്പാറ ജംക്‌ഷനിൽ സംഗമിച്ചു കല്ലൂപ്പാറ ഭഗവതിക്ഷേത്ര സന്നിധിയിൽ എത്തും. കടമാൻകുളം, വെട്ടിഞായത്തിൽ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ ശാസ്താങ്കൽ ജംക്‌ഷനിൽ സംഗമിച്ച് പുതുശേരി ധർമശാസ്താക്ഷേത്രത്തിൽ സമാപിക്കും. കുംഭമല കാണിക്കമണ്ഡപം, പോരിട്ടിക്കാവ് ദേവീക്ഷേത്രം, കൃഷ്ണപുരം സ്ഥലങ്ങളിൽനിന്നു തുടങ്ങുന്ന ശോഭായാത്രകൾ കണിയാമൂലയിൽ സംഗമിച്ച് മഠത്തുംഭാഗം ജംക്‌ഷനിൽ സമാപിക്കും. കട്ടച്ചിറ, കവുങ്ങുംപ്രയാർ എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രയും മഠത്തുംഭാഗത്ത് സമാപിക്കും.

പടുതോട്, വാലാങ്കര കരയോഗമന്ദിരം, തുരുത്തിക്കാട്, കൊച്ചെഴുത്തുംപടി, പാട്ടക്കാല എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ വെണ്ണിക്കുളം കവലയിൽ സംഗമിച്ച് സെന്റ് ബഹനാൻസ് സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും. കോട്ടാങ്ങലിൽ ശാസ്താംകാവ് അയ്യപ്പക്ഷേത്രം, നടുഭാഗം എന്നിവിടങ്ങളിൽനിന്നുള്ള ശോഭയാത്രക്കൾ പുത്തൂർപടിയിൽ സംഗമിച്ച് മഹാശോഭായാത്രയായി കോട്ടാങ്ങൽ ഭദ്രകാളിക്ഷേത്രത്തിൽ എത്തും.

ആനപ്പാറ, കുഴിക്കാട്, പാലയ്ക്കൽ, വള്ളിയാനിപ്പൊയ്ക, തൃച്ചേർപ്പുറം, സർപ്പക്കാവ്, മഠത്തുംമുറി, കുളത്തൂർ എന്നിവിടങ്ങളിഴെ ശോഭായാത്രകൾ കുളത്തൂരിൽ സംഗമിച്ച് കുളങ്ങരക്കാവ് ദേവീക്ഷേത്രത്തിലും എഴുമറ്റൂർ, ഇരുമ്പുകുഴി, കിളിയൻകാവ് എന്നിവിടങ്ങളിലെ ശോഭായാത്രകൾ വായനശാല ജംക്‌ഷനിൽ സംഗമിച്ച് കണ്ണച്ചതേവർ ക്ഷേത്രത്തിലും കൊറ്റനാട് പഞ്ചായത്തിലെ അരീയ്ക്കൽ, കുന്നം, കൊറ്റനാട് ശോഭായാത്രകൾ കൊറ്റനാട് പ്രണമലക്കാവ് ദേവീക്ഷേത്രത്തിലും അത്യാൽനിന്നുള്ള ശോഭയാത്ര പെരുമ്പെട്ടി മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലും വൃന്ദാവനം, ചിരട്ടോലി, ചിരട്ടോലിത്തടം, കിടാരകുഴി ശോഭയാത്രകൾ കുമ്പളന്താനം കവലയിൽ സംഗമിച്ച് വൃന്ദാവനം പ്രണമലക്കാവ് ദേവീക്ഷേത്രത്തിലും സമാപിക്കും. 

അയിരൂർ∙ പഞ്ചായത്തിലെ തടിയൂർ, കടയാർ, കുഴിക്കാട്, പാലക്കുഴി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ അരുവിക്കുഴിയിൽ നിന്നും തെള്ളിയൂർ കാവ്, കൊട്ടിയമ്പലം, മലങ്കോട്ട എന്നിവിടങ്ങളിൽ നിന്നും തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ അരുവിക്കുഴി, അയിരൂർ പഞ്ചായത്തിലെ തടിയൂർ, കടയാർ, കുഴിക്കാട്, പാലക്കുഴി എന്നിവിടങ്ങളിൽ നിന്നും ഇന്ന് 3ന് ആരംഭിക്കുന്ന ശോഭായാത്രകൾ ഇടക്കാട്‌ ജംക്‌ഷനിൽ സംഗമിച്ച് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് സാംസ്‌കാരിക സമ്മേളനം നടക്കും. ഇടക്കാടു ജംക്‌ഷനിൽ ഉറിയടി ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com