ADVERTISEMENT

കോഴഞ്ചേരി ∙ കെഎസ്ഇബിയുടെ വൈദ്യുത തൂണുകൾ കൃഷിക്ക് തടസ്സമാകുന്നെന്ന് പരാതി. നാരങ്ങാനം വെസ്റ്റിലെ പുന്നോൺ പാടശേഖരത്തിലാണ് 8 ഇരുമ്പ് വൈദ്യുത തൂണുകളും അവയിൽ ഘടിപ്പിച്ചിരുന്ന ലൈൻ‌ കമ്പികളും‍ പിഴുതു വീണു കിടക്കുന്നത്. പഴയകാലത്ത് 11 കെവി വൈദ്യുതി‍ കടന്നു പോയിരുന്നതാണ് ഇതിലൂടെ. പിൽക്കാലത്ത് ഇതിനായി റോഡിൽ കൂടി ലൈൻ വലിച്ചതോടെ പാടശേഖരത്തിലെ വൈദ്യുത തൂണുകൾ കെഎസ്ഇബി ഉപേക്ഷിച്ചു.

ഇവ പാടത്തു നിന്ന് നീക്കം ചെയ്താൽ തങ്ങളുടെ കൃഷിക്ക് കൂടുതൽ സൗകര്യമാകും എന്ന് അന്നു മുതൽ കർഷകർ ബന്ധപ്പെട്ട അധികാരികളോട് പറഞ്ഞെങ്കിലും അവരാരും അതിനു തയാറായില്ല.മാസങ്ങൾക്ക് മുൻപ് പാടത്തു നിന്ന 8 ഇരുമ്പ് തൂണുകളും അവയെ ബന്ധിപ്പിച്ചിരുന്ന കമ്പിയും സഹിതം പാടത്തേക്കു വീണു. കരയോടു ചേർന്നു നിന്ന വൈദ്യുത കമ്പികളിലേക്ക് ശക്തമായ കാറ്റിൽ മരം ഒടിഞ്ഞു വീണതോടെ എല്ലാ തൂണുകളും പിഴുതു വീഴുകയായിരുന്നു. 

തൊട്ടടുത്ത ദിവസം തന്നെ കർഷകർ വിവരം കെഎസ്ഇബി അധികാരികളെ അറിയിച്ചെങ്കിലും ആരും ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയില്ല എന്നാണ് ആരോപണം.പാടശേഖരത്തിൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ റാംപ് നിർമാണം നടന്നു വരികയായിരുന്നു. പിഴുതുവീണ തൂണുകളിൽ ഒന്ന് നിർമാണ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്ന ഈ റാംപിന്റെ മുകളിലായാണു വീണത്. അതോടെ ആ പ്രവൃത്തികളും മുടങ്ങി.

ജില്ലയിൽ വർഷങ്ങളായി മുടങ്ങാതെ നെൽക്കൃഷി നടന്നു വരുന്ന പാടശേഖരങ്ങളിൽ ഒന്നാണ് പുന്നോൺ പാടശേഖരം.പാടത്ത് ഈ തൂണുകളും ലൈനും കിടക്കുന്നതു കാരണം നിലം ഒരുക്കാൻ കർഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.കോഴഞ്ചേരി കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും പാടശേഖരസമിതി പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ അതിനുള്ള നടപടി ഉണ്ടായിട്ടില്ല. അതിനാൽ കഴിഞ്ഞ ദിവസം കർഷകർ ജില്ലാ കലക്ടർക്കും പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com