ADVERTISEMENT

പത്തനംതിട്ട ∙ കാനൻ പ്രഫ. റവ. ജോർജ് ഐപ് കോവൂരിന് എലിസബത്ത് രാജ്ഞി മനുഷ്യ സ്നേഹത്തിന്റെ പ്രതീകമാണ്. രാജ്ഞിയുടെ വൈദികനെയാണു (ചാപ്ലെയിൻ) കാനൻ എന്നു വിളിക്കുന്നത്. 12 ചാപ്ലെയിന്മാരാണു രാജ്ഞിക്കുണ്ടായിരുന്നത്. ഈ സ്ഥാനത്ത് എത്തിയ യൂറോപ്യനല്ലാത്ത ആദ്യത്തെയാൾ എന്ന ഖ്യാതിയാണു ജോർജ് ഐപ് കോവൂരിനുണ്ടായിരുന്നത്. രാജ്ഞിയുടെ വിടവാങ്ങലോടെ സ്ഥാനം ഒഴിഞ്ഞു.

തിരുവല്ലയിൽ വേരുകളുള്ള റവ. ജോർജ് ഐപ്പ് കോവൂർ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിൽനിന്നു വൈദിക പട്ടം നേടി. ഇന്ത്യയിൽ വിവിധ ചുമതലകളിൽ പ്രവർത്തിച്ച ശേഷമാണു 1990ൽ ബ്രിട്ടനിൽ സേവനം തുടങ്ങിയത്. ബെർക്‌ലി കോളജ് ഫെല്ലോയാണ്. ലെക്സിങ്ടൻ രൂപതയിൽ കാനൻ മിഷനർ എന്നീ ചുമതലയാണു ഇപ്പോൾ വഹിക്കുന്നത്. തിരുവല്ല കോവൂർ കുടുംബാംഗമായ റിട്ട. സ്ക്വാഡ്രൻ ലീഡർ ഐപ് കോവൂരിന്റെയും ആനിയുടെയും പുത്രനാണു റവ. ജോർജ് ഐപ് കോവൂർ.

ഒരു യുഗത്തിന്റെ അന്ത്യമെന്നാണു രാജ്ഞിയുടെ വിയോഗത്തെ റവ. കോവൂർ വിശേഷിപ്പിക്കുന്നത്. 1999 മുതൽ ഏറ്റവും കൂടുതൽ കാലം ചാപ്ലെയിനായി തുടരാൻ കഴിഞ്ഞതു അംഗീകാരമായി കരുതുന്നു. ഇടക്കാലത്ത് യുഎസിലെ കെന്റക്കിയിലേക്കു സ്ഥലംമാറിയ റവ. കോവൂർ രാജ്ഞിയുടെ മരണ വാർത്തയറിഞ്ഞതോടെ യുകെയിലേക്കു പോയി. ഇന്ത്യക്കാരനായ തന്നെ ചാപ്ലെയിനായി തിരഞ്ഞെടുത്തതു വലിയ ഭാഗ്യമായാണു കരുതുന്നതെന്നു അദ്ദേഹം പറഞ്ഞു അചഞ്ചലമായ വിശ്വാസമായിരുന്നു എലിസബത്ത് രാജ്ഞിക്കുണ്ടായിരുന്നത്. ദൈവത്തോടും ജനങ്ങളോടുമുള്ള അവരുടെ 70 വർഷ നീണ്ട സമർപ്പണം അത്ഭുതകരമാണ്. 

രാജ്ഞിയെന്ന സ്ഥാനം ദൈവനിയോഗമായാണു അവർ കണ്ടിരുന്നത്. ഇന്ത്യയെ അവർ ഏറെ സ്നേഹിച്ചിരുന്നു. ഇന്ത്യയിലേക്കു നടത്തിയ സന്ദർശനങ്ങളും അവർക്കു പ്രിയപ്പെട്ട ഓർമകളായിരുന്നു. ചാപ്ലെയിൻമാരെ തിരഞ്ഞെടുക്കുന്നതു രാജ്ഞിയാണ്. ഡീഷ്യൻ ബിഷപ്പുമാർ നൽകുന്ന പട്ടികയിൽ നിന്നാണു രാജ്ഞി തിരഞ്ഞെടുപ്പ് നടത്തുന്നത്. രാജ്ഞിയുടെ മരണത്തോടെ എല്ലാ ചാപ്ലയിൻമാരും രാജി സമർപ്പിക്കുന്നതാണു രീതി. രാജാവ് പുതിയ ചാപ്ലെയിൻമാരെ തിരഞ്ഞെടുക്കും. രാജ്ഞിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തു പറയാൻ കഴിയില്ല. പ്രകൃതിയേയും വളർത്തു മൃഗങ്ങളെയും അവർ സ്നേഹിച്ചിരുന്നു. കുതിരകളേയും കുതിര സവാരിയും ഏറെ ഇഷ്ടപ്പെട്ടിരുന്നു.രാജ്ഞി മരണമടഞ്ഞ സ്കോട്‌ലൻഡിലെ ബാൽമോറലിൽ താമസിക്കാനാണു അവർ ഏറെ ഇഷ്ടപ്പെട്ടിരുന്നതെന്നും റവ. കോവൂർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com