ADVERTISEMENT

അടൂർ ∙ ഭാര്യാസഹോദരിയുടെ മകളെ സ്കൂളിലേക്ക് ബസ് കയറ്റി വിടാനായി ‌നടന്നു പോകുമ്പോൾ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കെഎസ്ആർടിസി ബസിടിച്ച് ഡിസിസി ജനറൽ സെക്രട്ടറി മരിച്ചു. ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതിൽ ആനന്ദപ്പള്ളി സുരേന്ദ്രനാണ് (56) മരിച്ചത്. ഇന്നലെ രാവിലെ 6.25ന് ആനന്ദപ്പള്ളി ജംക്‌ഷനു സമീപത്തായിരുന്നു അപകടം. ഭാര്യാസഹോദരിയുടെ മകൾ അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്‌ വണ്ണിനു പഠിക്കുന്ന അജല സുകുവിനെ ബസ് കയറ്റി വിടുന്നതിന് വീട്ടിൽ നിന്ന് ആനന്ദപ്പള്ളി ജംക്‌ഷനിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അപകടം.

പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തിന് പോകുകയായിരുന്ന  കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സുരേന്ദ്രനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റോഡിൽ വീണു കിടന്ന സുരേന്ദ്രനെ ആരും ആശുപത്രിയിൽ എത്തിക്കാതെ വന്നതോടെ അതുവഴി കൊല്ലത്തേക്ക് വരികയായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസ് നിർത്തി അതിലെ ജീവനക്കാരാണ് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ നില ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 9ന് മരിച്ചു.

സംസ്കാരം നാളെ 2ന്. ഭാര്യ: മുൻ അടൂർ നഗരസഭാ കൗൺസിലർ ജ്യോതി സുരേന്ദ്രൻ. മക്കൾ: അനന്തു നാരായണൻ, അഞ്ജലി സുരേന്ദ്രൻ.അടൂർ നഗരസഭാ കൗൺസിലറായും സേവാദൾ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായും ബ്ലോക്ക്–ജില്ലാ ചീഫ് ഓർഗനൈസറായും സുരേന്ദ്രൻ പ്രവർത്തിച്ചിരുന്നു. ഡൽഹിയിൽ നടന്ന എഐസിസി സമ്മേളനത്തിൽ സേവാദൾ വൊളന്റിയറായി പങ്കെടുത്തിട്ടുണ്ട്.

ആശുപത്രിയിലെത്തിച്ചത് മറ്റൊരു കെഎസ്ആർടിസി ബസിലെ ജീവനക്കാർ

ആനന്ദപ്പള്ളി ∙ കെഎസ്ആർടിസി ബസിടിച്ച് മരിച്ച ഡിസിസി ജനറൽ സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രനെ അപകട സ്ഥലത്തുനിന്ന് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത് മറ്റൊരു കെഎസ്ആർടിസി ബസിലെ ജീവനക്കാർ. അപകടമുണ്ടാക്കിയ ബസ് സ്ഥലത്ത് നിർത്താതെ കുറച്ചു ദൂരം മാറ്റിയാണ് നിർത്തിയത്. പത്തു മിനിറ്റോളം റോഡിൽ വീണു കിടക്കുകയായിരുന്ന സുരേന്ദ്രനെ പിന്നീട് പത്തനംതിട്ടയിൽനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന വേണാട് ബസ് നിർത്തി അതിലെ കണ്ടക്ടർ ടി. ബ്രിജി, ഡ്രൈവർ പ്രദീപ് രാജൻ, മെക്കാനിക്കൽ ജീവനക്കാരൻ സിംസൺ എന്നിവർ യാത്രക്കാരുടെ സഹായത്തോടെയാണ് ബസിൽ കയറ്റി അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോൾ സുരേന്ദ്രനെ വിളിച്ചാൽ വിളികേൾക്കുന്നുണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. പൊലീസ് ആശുപത്രിയിൽ എത്തിയ ശേഷമാണ് ജീവനക്കാർ മടങ്ങിയത്. ഇതിനുശേഷം അടൂർ ഡ‍ിപ്പോയിൽ എത്തി വേണാട് ബസ് കൊല്ലത്തേക്ക് യാത്ര തുടർന്നു.

വാഹനാപകടത്തിൽ മരിച്ച ഡിസിസി ജനറൽ സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്റെ മൃതദേഹം പത്തനംതിട്ട ഡിസിസി ഓഫിസിൽ  വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന നേതാക്കൾ.
വാഹനാപകടത്തിൽ മരിച്ച ഡിസിസി ജനറൽ സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്റെ മൃതദേഹം പത്തനംതിട്ട ഡിസിസി ഓഫിസിൽ വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന നേതാക്കൾ.

അനുശോചിച്ചു

പത്തനംതിട്ട ∙ വാഹനാപകടത്തിൽ മരിച്ച ഡിസിസി ജനറൽ സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്റെ വിയോഗത്തിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,  ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ്, നേതാക്കളായ മാലേത്ത് സരളാദേവി, എ. ഷംസുദീൻ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ, എം.ജി.കണ്ണൻ എന്നിവർ അനുശോചിച്ചു. ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com