ADVERTISEMENT

പത്തനംതിട്ട നഗരത്തോടു ചേർന്നു കിടക്കുന്ന പഞ്ചായത്താണ് ഇലന്തൂർ. പല ഭാഗങ്ങളും അതിർത്തി പങ്കിടുന്നത് പത്തനംതിട്ട നഗരസഭയോടാണ്. ഗ്രാമത്തിന്റെ ശാന്തതയും നഗരത്തിന്റെ തിരക്കുകളും ഒരുപോലെ സമന്വയിക്കുന്ന പഞ്ചായത്തിന്റെ പ്രശ്നങ്ങളിലും ആവശ്യങ്ങളിലും ഈ സമ്മിശ്ര സ്വഭാവം ദൃശ്യമാണ്. ഇലന്തൂരിന്റെ വിശേഷങ്ങൾ തേടിയാണ് നാട്ടുവാർത്തയുടെ ഇന്നത്തെ യാത്ര...

പാതിവഴിയിൽ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം 

ഇലന്തൂർ പഞ്ചായത്ത് മൈതാനം.

ഇലന്തൂരിലെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചുകൊണ്ടായിരുന്നു 3 വർഷം മുൻപ് പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ, വിവിധ കാരണങ്ങളുടെ പേരിൽ നീണ്ടുപോയ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും പാതിവഴിയിലാണ്. ഇടക്കാലത്ത് പൂർണമായും നിലച്ചുപോയ നവീകരണം ഇപ്പോൾ പുനരാരംഭിച്ചത് കായികപ്രമികളി‍ക്ക് ആശ്വാസം പകരുന്നുണ്ട്.

എംഎൽഎ ഫണ്ടിൽ നിന്നുള്ള 89 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. സ്റ്റേഡിയത്തിന് ചുറ്റുമതിൽ കെട്ടുക, മൈതാനത്ത് പുൽത്തകിടി നിരത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈതാനത്തിന്റെ പണികൾ പൂർത്തിയാകുന്നതോടെ കായിക രംഗത്ത് പഞ്ചായത്തിന് കുതിച്ചുചാട്ടം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അങ്കണവാടി മുതൽ ബിഎഡ് വരെ ഒരു മതിൽക്കെട്ടിനുള്ളിൽ !...

അങ്കണവാടി മുതൽ ബിഎഡ് കോളജ് വരെ പ്രവർത്തിക്കുന്ന ഇലന്തൂർ ഗവ. വൊക്കേഷനൽ എച്ച്എസ്എസ്.

അങ്കണവാടി മുതൽ ബിഎഡ് വരെ ഒരേ മതിൽക്കെട്ടിനുള്ളിൽ ഇരുന്ന് പഠിച്ച് പുറത്തിറങ്ങാം. കേൾക്കുമ്പോൾ മനസ്സിലേക്കെത്തുന്നത് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ആശയം എന്നാവും. എന്നാൽ ഇലന്തൂരിലെ കാര്യങ്ങൾ അങ്ങനെയല്ല. ഇവിടെ ഒന്നാം ക്ലാസ് മുതൽ ബിഎഡ് വരെയുള്ള കോഴ്സുകൾ ഒരു മതിൽക്കെട്ടിനുള്ളിൽ പ്രവർത്തിക്കുന്നത് സ്ഥലപരിമിതി എന്ന വലിയ പ്രശ്നത്തിന്റെ ബാക്കിപത്രമായാണ്. ബിഎഡ് കോളജിന് പ്രത്യേക കെട്ടിടവും അനുബന്ധ സംവിധാനങ്ങളും ഉണ്ടെങ്കിലും ആർട്സ് ആൻഡ് സയൻസ് കോളജ് പ്രവർത്തിക്കുന്നത് ഇലന്തൂർ സർക്കാർ സ്കൂളിന്റെ ഏതാനും മുറികളിൽ മാത്രമായാണ്. 2014ൽ സ്ഥാപിതമായപ്പോൾ താൽക്കാലിക സംവിധാനം എന്ന നിലയിലാണ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് കോളജ് പ്രവർത്തനം ആരംഭിച്ചത്.

ഇലന്തൂർ ഗവ. കോളജിനായി കണ്ടെത്തിയ ഖാദി ബോർഡിന്റെ സ്ഥലം.

എന്നാൽ വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നട്ടംതിരിയാനാണ് ഇലന്തൂർ ഗവ. കോളജിന്റെ വിധി. ആവശ്യത്തിന് ക്ലാസ് മുറികൾ, കാര്യക്ഷമമായ ലാബുകൾ, ലൈബ്രറി തുടങ്ങിയവയെല്ലാം ഇപ്പോഴും അധ്യാപകരുടെയും വിദ്യാർഥികളുടെയും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. കോളജിന് പുതിയ കെട്ടിടം നിർമിക്കാനായി ഖാദി ബോർഡിന്റെ ഉടമസ്ഥതയിൽ പഞ്ചായത്ത് പ്രദേശത്തുതന്നെയുള്ള സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ ഇവിടെ കെട്ടിടം നിർമിച്ച് കോളജ് അവിടേക്ക് മാറ്റിസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളൊന്നും ഇനിയും കാര്യക്ഷമമായി ആരംഭിച്ചിട്ടില്ല. കോളജ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഗതാഗതക്കുരുക്കിൽ കുടുങ്ങി നെടുവേലി ജംക്‌ഷൻ

പഞ്ചായത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്ന ഇലന്തൂർ നെടുവേലി ജംക്‌ഷന്റെ വികസനം തന്നെയാണ് പഞ്ചായത്തിന്റെ ഏറ്റവും പ്രധാന വെല്ലുവിളി. തിരക്കേറിയ ടികെ റോഡിലേക്ക് ഓമല്ലൂർ–പ്രക്കാനം–ഇലന്തൂർ റോഡുകൂടി വന്നുചേരുന്ന ഭാഗമായതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ സമയം നന്നേ കുറവാണ്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന് അനുസൃതമായ പാർക്കിങ് സൗകര്യം ഇല്ലാത്തത് കവലയുടെ തലവേദനയാണ്.

പാർക്കിങ് സൗകര്യം പരിമിതമായതിനാൽ കടകളിൽ സാധനങ്ങൾ ഇറക്കാൻ വരുന്ന വലിയ വാഹനങ്ങളും കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും വഴിയരികിലാണ് പാർക്ക് ചെയ്യാറുള്ളത്. റോഡിന്റെ ഇരുവശങ്ങളിലും ഇത്തരത്തിൽ വാഹനങ്ങൾ നിരക്കുന്നതോടെ ടികെ റോഡിലൂടെ എത്തുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാതെ വരുന്നു. ഇതിനൊപ്പം മഞ്ഞനിക്കര–ഓമല്ലൂർ റോഡിൽ നിന്നുള്ള വാഹനങ്ങൾകൂടി എത്തുന്നതോടെ കവല കുരുക്കിലാകുന്നത് പതിവുകാഴ്ചയാണ്. പ്രധാന 2 റോഡുകൾ സന്ധിക്കുന്ന കവല ആയിട്ടുകൂടി ഗതാഗത നിയന്ത്രണ സംവിധാനങ്ങളൊന്നും ഇല്ല.

ടികെ റോഡിൽ കോഴഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ഓമല്ലൂർ–പ്രക്കാനം റോഡിലേക്ക് പ്രവേശിക്കാൻ പലപ്പോഴും മിനിട്ടുകൾ കാത്തുകിടക്കേണ്ടി വരാറുണ്ട്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും വഴിവയ്ക്കുന്നുണ്ട്. 2 റോഡുകളും സന്ധിക്കുന്ന സ്ഥലത്ത് സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുകയോ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെയോ ഹോം ഗാർഡിനെയോ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ദിശയിൽ കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്കായി കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിട്ടില്ല. ഈ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നതിലും കൃത്യതയില്ല. പലപ്പോഴും ബസ് സ്റ്റോപ്പിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്തതിന് വളരെ മുൻപിലായി, ഓമല്ലൂർ–പ്രക്കാനം റോഡ് വന്നുചേരുന്ന ഭാഗത്തായാണ് നിർത്താറുള്ളത്. ഇതും പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കാറുണ്ട്. ദിശാസൂചികകളുടെ കുറവും കവലയുടെ പോരായ്മയാണ്.

കുന്നത്തുചിറയിലെ പഞ്ചായത്തു കുളം അവഗണനയിൽ കുളിച്ച്

ഇലന്തൂർ പഞ്ചായത്ത് കുളം.

ഒരുകാലത്ത് പ‍ഞ്ചായത്തിലെ ഏറ്റവും പ്രധാന ആകർഷണ കേന്ദ്രമായിരുന്നെങ്കിലും അവഗണനയുടെ ദുരിതം പേറിയാണ് കുന്നത്തുചിറയിലെ പഞ്ചായത്തു കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. വർഷങ്ങൾക്കു മുൻപ് ചെളിക്കെട്ടായിക്കിടന്ന കുളം അഗ്നിരക്ഷാ സേനയുടെയും പഞ്ചായത്ത് അധികൃതരുടെയും സംയുക്തമായ ഇടപെടലിനെത്തുടർന്നായിരുന്നു നവീകരിക്കപ്പെട്ടത്. പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾക്ക് നീന്തൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തിലായിരുന്നു കുളം നവീകരിച്ചത്.

എന്നാൽ പ്രതീക്ഷിച്ച രീതിയിൽ നീന്തൽ പരിശീലനം മുന്നോട്ടുകൊണ്ടുപോകാനായില്ല. തുടർന്ന് നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് കുളത്തിൽ മത്സ്യങ്ങളെ വളർത്താൻ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് കുളം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും നടന്നിരുന്നു. ഇതിന്റെ ഭാഗമായി മാലിന്യം നിക്ഷേപിക്കാൻ പ്രത്യേക സംഭരണികളും മറ്റും സ്ഥാപിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കുളം സംരക്ഷിക്കുന്നതിൽ വീഴ്ചവന്നു തുടങ്ങിയതോടെ പലരും ഇവിടെ നിന്നുള്ള മീനുകളെ പിടിച്ചുകൊണ്ടുപോകാൻ തുടങ്ങി.

കുളം മാലിന്യരഹിതമായി സൂക്ഷിക്കാൻ സ്ഥാപിച്ച മാലിന്യ സംഭരണികൾ പൊതുജനങ്ങൾക്ക് മാലിന്യം തള്ളാനുള്ള ഇടമായി മാറി. കഴി‍ഞ്ഞ മഴക്കാലത്ത് കുളം നിറഞ്ഞുകവിഞ്ഞ് വെള്ളം റോഡിലേക്കും ഒഴുകിയെത്തിയിരുന്നു. നിലവിൽ കുളത്തിന്റെ വശങ്ങളിൽ പലഭാഗവും കാടുമൂടിയ നിലയിലാണ്. കൃത്യമായ സംരക്ഷണമില്ലാത്തതിനാൽ കുളത്തിലെ വെള്ളം തീർത്തും മലിനവുമാണ്. സാമൂഹികവിരുദ്ധർ മാലിന്യം തള്ളാനും കുളത്തെ ഉപയോഗിക്കുന്നുണ്ട്.

പഞ്ചായത്തു കുളം നവീകരിക്കാനുള്ള പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ കുളവും പരിസരവും ഒരു വഴിയോര വിശ്രമകേന്ദ്രം എന്ന നിലയിലേക്ക് മാറ്റിയെടുക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടിയെന്ന തരത്തിൽ കുളം നവീകരിക്കാനായി പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്. പി.എം. ജോൺസൺ വൈസ് പ്രസിഡന്റ്

ശുദ്ധജലക്ഷാമത്തിന് ജൽജീവൻ പദ്ധതി പരിഹാരമാകുമോ?

ജലജീവൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ സ്ഥാപിക്കാനുള്ള പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നു.

പകുതിയിലേറെ പ്രദേശത്തു കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന പഞ്ചായത്താണ് ഇലന്തൂർ. ഇതിന് പരിഹാരമായി പഞ്ചായത്തിലെ 13 വാർഡുകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ജൽജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 77 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 28 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പകുതിയിലേറെ ജോലിയും പൂർത്തിയായിക്കഴിഞ്ഞു.

പ്രധാന റോഡുകളോടു ചേർന്ന ഭാഗങ്ങൾ പൈപ്പുകൾ സ്ഥാപിക്കുന്നതിനും മറ്റിടങ്ങളിലെ പൈപ്പുകൾ ടാങ്കുകളുമായി ബന്ധിപ്പിക്കുന്ന ജോലികളുമാണ് ഇനി അവശേഷിക്കുന്നത്. 3, 4 മാസത്തിനുള്ളിൽ ഈ ജോലികൾകൂടി പൂർത്തിയാക്കിയശേഷം പദ്ധതി കമ്മിഷൻ ചെയ്യാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലുള്ള ടാങ്കുകളുടെ ഉയരം കൂട്ടന്നതും ബൂസ്റ്റർ പമ്പിങ് സ്റ്റേഷനിലെ പമ്പിന്റെ ക്ഷമത വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തും. പദ്ധതി പൂർണതോതിൽ സജ്ജമാകുന്നതോടെ ഇലന്തൂർ പഞ്ചായത്തിന്റെ കുടിവെള്ളക്ഷാമത്തിന് പൂർണ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ പുതിയ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി നിലവിലുണ്ടായിരുന്ന പദ്ധതിയുടെ പൈപ്പുകൾ ബ്ലോക്ക് ചെയ്യുകയും നീക്കംചെയ്യുകയും ചെയ്തതോടെ പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. വരൾച്ച കനക്കുന്നതോടെ പ്രദേശവാസികൾ വെള്ളത്തിനായി നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഈ പ്രശ്നത്തിന് താൽക്കാലികമായെങ്കിലും പരിഹാരം കാണാൻ അധികൃതരുടെ ശ്രദ്ധയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൈപ്പ് പണികളുടെ ഭാഗമായി പല സ്ഥലങ്ങളിലും റോഡ് വെട്ടിപ്പൊളിച്ചതിനാൽ‌ പ‍ഞ്ചായത്തിലാകെ ഗതാഗതപ്രശ്നവും ഗുരുതരമാണ്. കോൺക്രീറ്റ് പാകിയിരുന്ന റോഡുകൾ ഉൾപ്പെടെ വെട്ടിപ്പൊളിച്ചതിനാൽ നാട്ടുകാർ നന്നെ ദുരിതത്തിലാണ്. മിക്ക വഴികളിലൂടെയും വാഹനഗതാഗതം തീർത്തും ദുരിതപൂർണമാണ്. പൈപ്പ് ഇടൽ ജോലികൾ പൂർണമായാൽ മാത്രമേ റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ‍ കഴിയൂ എന്നാണ് അധികൃതരുടെ മറുപടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com