ADVERTISEMENT

തിരുവല്ല ∙ നിവർന്നിരിക്കാൻ പോലും ഇടമില്ലാത്ത പ്ലാസ്റ്റിക് മറയിൽ ഒരു യുവാവിന്റെ ജീവിതം. മുത്തൂർ തെങ്ങുംപറമ്പിൽ മധുവാണ് (47) തന്റെ ജീവിതം ചെറിയ പ്ലാസ്റ്റിക് കൂരയിൽ ഒതുക്കി ജീവിക്കുന്നത്. നഗരസഭ 39-ാം വാർഡിലെ തെങ്ങുംപറമ്പ് കോളനിയിലേക്കുള്ള വഴിയിൽ വച്ചിരിക്കുന്ന കോഴിക്കൂടിനു മുകളിലേക്ക് ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് അതിനടിയിലാണ് മധുവിന്റെ ഭക്ഷണം തയാറാക്കലും ഉറക്കവും എല്ലാം. സഹോദരങ്ങൾ തൊട്ടടുത്തു തന്നെ അടച്ചുറപ്പുള്ള വീട്ടിലാണ് താമസം. അവിടെ വന്നു താമസിക്കാൻ ഇവർ പല തവണ ആവശ്യപ്പെട്ടെങ്കിലും മധു തയാറായില്ല. മുൻപ് അമ്മയോടൊപ്പം ഒരു സഹോദരന്റെ വീട്ടിലായിരുന്നു താമസം.

മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ തനിച്ചു താമസം തുടങ്ങുകയായിരുന്നു. മകൻ ഒറ്റയ്ക്ക് താമസം തുടങ്ങിയതോടെ ആ അമ്മയും മകനൊപ്പം പ്ലാസ്റ്റിക് ഷീറ്റിന്റെ പരിമിതികളിലേക്ക് തന്റെ താമസം മാറ്റി. മഴയുള്ള രാത്രികളിൽ കുത്തിയിരുന്നു നേരം വെളുപ്പിക്കേണ്ടി വന്നിട്ടും ഒരു വർഷം മുൻപ് മരിക്കും വരെ ആ മകനെ വിട്ടു നാലു ചുവരുകളുടെ സംരക്ഷണത്തിലേക്കു മാറാൻ അമ്മ തയാറായില്ല. അമ്മയുടെ മരണത്തോടെ ഏകനായ മധു രാവിലെ പുറത്തേക്കു പോകും. ചില ഹോട്ടലുകളും ബേക്കറികളും സ്ഥിരമായി മധുവിനെ സഹായിക്കുന്നുണ്ട്. കൂടാതെ പഴയ പരിചയക്കാരിൽ ചിലരും ഇയാളെ സഹായിക്കുന്നു. ആരോടും സംസാരിക്കാതെ നടക്കുന്ന മധു ഉച്ചയോടെ മടങ്ങി തന്റെ പ്ലാസ്റ്റിക് കൂരയിലേക്ക് എത്തും. പിന്നെ ഭക്ഷണം തയാറാക്കണമെങ്കിൽ അതു ചെയ്യും. വൈകുന്നേരം വീണ്ടും പുറത്തേക്കു പോയാൽ രാത്രിയാകും മടങ്ങിവരവ്.

ഒരിക്കൽ മൂത്തൂർ ഭാഗത്തെ ഏറ്റവും മികച്ച ഇരുചക്ര വാഹന മെക്കാനിക്കായിരുന്നു ഇയാൾ. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഇരുചക്രവാഹനങ്ങളുടെ അറ്റകുറ്റപ്പണി സ്വായത്തമാക്കിയ മധു തന്റെ ഗുരുവിന്റെ വർക്ക്ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. അതിനിടയിലാണ് ചില മാനസിക അസ്വസ്ഥതകൾ ഇയാളെ ബാധിക്കുന്നത്. രക്ഷിതാക്കൾ മധുവിനെ കൂട്ടി നിരവധി ആശുപത്രികൾ കയറിയിറങ്ങി. ആയുർവേദവും അലോപ്പതിയും അടക്കം വിവിധ ചികിത്സകൾ നടത്തിയെങ്കിലും മനസ്സിന്റെ നിയന്ത്രണം തിരികെ കിട്ടിയില്ല. സഹോദരങ്ങൾ രണ്ടുപേരും വിളിപ്പുറത്ത് ഉണ്ടെങ്കിലും ആരോടും മിണ്ടാട്ടമില്ലാതെ ജീവിക്കുകയാണ് ഈ യുവാവ്. നഗരസഭയിലെ അതിദരിദ്രരുടെ 83 പേർ അടങ്ങുന്ന പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മധു. എന്നാൽ ആധാർ കാർഡോ തിരിച്ചറിയൽ കാർഡോ റേഷൻ കാർഡിൽ പേരോ ഒന്നും ഇല്ലാത്തതിനാൽ ഇയാൾക്ക് എന്തെങ്കിലും സഹായം എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉളളതെന്ന് വാർഡ് കൗൺസിലർ ഇന്ദു ചന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com