ADVERTISEMENT

ഇലന്തൂർ ∙ പുളിനിൽക്കുന്നതിൽ പി.സി.സാമുവലിന് 6 മക്കളാണ്. സാമുവലിന്റെ വീട്ടിൽ വന്ന് മക്കളെ അക്ഷരം പഠിപ്പിച്ചിരുന്ന ഗോപാലനാശാൻ ഒരു ദിവസം ഓലയിലെഴുതുന്ന നാരായം സാമുവലിനെ ഏൽപിച്ചിട്ടു പോയി. പിന്നീട് അദ്ദേഹം കുട്ടികളെ പഠിപ്പിക്കാൻ വന്നിട്ടില്ല. അവിടെ നിന്നാണ് സാമുവൽ എന്ന പാപ്പി ആശാന്റെ കഥ തുടങ്ങുന്നത്. അന്നു കയ്യിൽകിട്ടിയ നാരായം അദ്ദേഹം തന്റെ ആയുധമാക്കി മാറ്റി. 1962ൽ തുടങ്ങിയ അദ്ദേഹത്തിന്റെ എഴുത്ത് പള്ളിക്കൂടം 10 വർഷം മുൻപുവരെ സജീവമായിരുന്നു. ഗോപാലനാശാൻ നൽകിയ  നാരായവും കുട്ടികളെ അക്ഷരം വരച്ച് പഠിപ്പിക്കാനും അച്ചടക്കം പഠിപ്പിക്കാനും സഹായിച്ചിരുന്ന പാണൽവടിയും 95–ാം വയസ്സിലും സാമുവലിന്റെ കയ്യിൽതന്നെയുണ്ട്. 

80 വർഷം മുൻപ് എസ്എസ്എൽസി വിജയിച്ചയാളാണ് സാമുവൽ. അതിനുശേഷം കേരളത്തിനു പുറത്ത് പലയിടത്തും ജോലി നോക്കി. പിന്നീട് നാട്ടിലെത്തിയ ശേഷമാണ് നിലത്തെഴുത്തു കളരി തുടങ്ങുന്നത്. 25 കുട്ടികൾ വരെ അന്ന് ഒരേ സമയം പഠിക്കാനുണ്ടായിരുന്നു. കളരിയിൽ എത്തുന്ന കുട്ടികളെ ആദ്യം ഉമിയിലാണ് അക്ഷരം എഴുതിക്കുന്നത്. കുഞ്ഞിവിരലുകൾ അപ്പോഴേക്കും ഉറയ്ക്കാൻ തുടങ്ങും. പിന്നീട് മണലിൽ എഴുതി പഠിപ്പിക്കും. അന്നൊക്കെ 2 വർഷം വരെ ഒരു കുട്ടി കളരിയിൽ പഠിക്കുമായിരുന്നു. വീടിന്റെ എൽ ആകൃതിയിലുള്ള വരാന്തയിലിരുത്തിയായിരുന്നു പഠനം. ആശാൻ തന്നെയാണ് പലയിടത്തു നിന്നായി എഴുത്തോല വെട്ടിക്കൊണ്ടുവരുന്നത്.

ഇത് വീട്ടിലിട്ട് ഉണക്കി കീറിയെടുത്ത് ഇരുവശവും മുറിച്ച് തലക്കം പ്രത്യേക രീതിയിൽ കെട്ടിയെടുത്താണ് ഓല തയാറാക്കിയിരുന്നത്. നാരായം കൊണ്ട് എഴുതുന്ന അക്ഷരങ്ങൾ പച്ചക്കർപ്പൂരച്ചെടിയുടെ ഇല തൂത്ത് തെളിച്ചെടുക്കുന്നത് ആശാന്റെ ഭാര്യ തങ്കമ്മയുടെ ജോലിയായിരുന്നു. അന്നൊക്കെ ഉച്ചവരെയാണ് കളരി. എഴുത്തോല കിട്ടാതെ വന്നതോടെ അവസാനകാലത്ത് നോട്ടുബുക്കിൽ എഴുതിക്കൊടുത്തും പാപ്പിയാശാൻ പഠിപ്പിച്ചിട്ടുണ്ട്. പഠിപ്പിച്ചുവിട്ട ശിഷ്യരിൽ പലരും ഇപ്പോഴും കാണാൻ വരാറുണ്ട്. ഈ പ്രായത്തിലും അന്നത്തെ ശിഷ്യരിൽ ഒട്ടേറെ പേർ ഓർമയിൽ തെളിഞ്ഞുനിൽപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com