ADVERTISEMENT

മല്ലപ്പള്ളി ∙ മുരണി കാവനാൽകടവ്, വെണ്ണിക്കുളം പടുതോട് എന്നീ പാലങ്ങളിലൂടെ ബസ് സർവീസ് തുടങ്ങണമെന്ന ആവശ്യം ശക്തം.പടുതോട് പാലം 2013 ജൂലൈ 18ന് ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ട് 9 വർഷം കഴിഞ്ഞിട്ടും ഇതുവഴി ബസ് സർവീസ് തുടങ്ങാനായിട്ടില്ല. സമീപകാലത്തു ഗതാഗതത്തിനായി തുറന്ന കാവനാൽകടവ് പാലത്തിൽകൂടിയും ബസ് സർവീസുകളില്ല. 2020 ജൂലൈ 6ന് ആണു പാലം ഗതാഗതത്തിനു തുറന്നത്.

കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽനിന്നു കാവിൻപുറം, തുരുത്തിക്കാട്, തുണ്ടിയംകുളം, പാലത്തിങ്കൽ എന്നിവിടങ്ങളിലേക്ക് എളുപ്പമാർഗത്തിൽ എത്തുന്നതിനു പടുതോട് പാലം പ്രയോജനപ്പെട്ടുവെങ്കിലും ബസ് സർവീസില്ലാത്തതിനാൽ നാട്ടുകാരുടെ യാത്രാക്ലേശം ഇരട്ടിക്കുകയാണ്.പാലത്തോടു ചേർന്നുള്ളതും മറ്റിടങ്ങളിലെയും റോഡുകളും റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽപെടുത്തി മെച്ചപ്പെട്ട നിലയിലാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. നിർമാണം പൂർത്തീകരിച്ചു കഴിയുമ്പോൾ ബസുകൾ സർവീസ് നടത്താനാകുംവിധം റോഡ് സജ്ജമാകും.

4.60 കോടി രൂപ ചെലവിൽ പാലവും 98.46 ലക്ഷം രൂപയ്ക്കു സമീപനപാതയും സംരക്ഷണഭിത്തിയും നിർമിച്ചാണുകാവനാൽകടവ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കോടികൾ ചെലവഴിച്ചിട്ടും ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കടന്നുപോകുന്നത്. പാലത്തിൽകൂടി ബസ് തുടങ്ങാനായാൽ മുരണി, വടക്കേമുറി, പാട്ടപ്പുരയിടം, ചെട്ടിമുക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രാക്ലേശത്തിനു പരിഹാരമാകും. പടുതോട്, കാവനാൽകടവ് എന്നീ പാലങ്ങളെ ഉൾപ്പെടുത്തി പുതിയ റൂട്ട് തയാറാക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com