ADVERTISEMENT

പെരിങ്ങര∙ ജലജീവൻ പദ്ധതി ഇഴയുന്നു, ശുദ്ധജലം കിട്ടാതെ ജനം വലയുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം ലഭിച്ചിട്ട് 10 ദിവസത്തിനു മുകളിലായി. ജലജീവൻ മിഷന്റെ ഭാഗമായി പൈപ്പ് മാറ്റിയിടുന്ന ജോലികൾ ആരംഭിച്ചതോടെ ശുദ്ധജലം സംബന്ധിച്ചു വലിയ പ്രശ്നമാണു ജനങ്ങൾ നേരിടുന്നത്. പല വാർഡുകളിലും പൈപ്പുകളിലൂടെ വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. മേപ്രാൽ, മേപ്രാൽ പടിഞ്ഞാറ്, ആലംതുരുത്തി, ചാലക്കുഴി, കുഴുവേലിപ്പുറം എന്നീ പ്രദേശത്താണ് ഏറ്റവുമധികം പ്രശ്നം. പല വീട്ടുകാരും പണം നൽകി ടാങ്കറിൽ വെള്ളം എത്തിച്ചാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. ചില വാർഡുകളിൽ പഞ്ചായത്ത് വെള്ളം എത്തിച്ചു നൽകുന്നതാണ് ജനത്തിന് ആശ്വാസമാകുന്നത്.

44 വർഷം പഴക്കമുള്ള പൈപ്പുകൾ മാറ്റിയിടുന്നതും വീടുകളിൽ കണക്‌ഷൻ നൽകുന്നതുമായ ജോലിയാണ് ആരംഭിച്ചത്. ജലജീവൻ മിഷന്റെ ഭാഗമായി 15 കോടി രൂപയുടെ പദ്ധതിയാണു നടപ്പിലാക്കുന്നത്. അതിനു ടെൻഡർ ക്ഷണിച്ചിട്ടു കരാറുകാർ ആരും തയാറായില്ല. അങ്ങനെ ഒന്നര വർഷത്തോളം കാലതാമസം നേരിട്ടു. പ്രശ്നം പരിഹരിക്കാൻ ഒടുവിൽ പദ്ധതി വിഭജിച്ചു രണ്ടാക്കി നൽകുകയായിരുന്നു. 1, 2, 3, 8, 9 വാർഡുകളിൽ നാലു കോടിയുടെയും ബാക്കിയുള്ള 10 വാർഡുകളിലേക്ക് 11 കോടി രൂപയുടെയും കരാറാണു നൽ‌കിയിട്ടുള്ളത്. 2185 വീടുകൾക്കു പുതിയ കണക്‌ഷൻ നൽകുകയും ജലവിതരണത്തിന് ഉപയോഗിക്കുന്ന പഴയ പൈപ്പുകൾ മാറ്റുകയും ചെയ്യാനാണു കരാർ‌. ഇതിന്റെ പ്രവർത്തനങ്ങൾ വേണ്ടത്ര വേഗത്തിൽ അല്ല നടക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. 

പഞ്ചായത്ത് റോഡുകളിൽ പോലും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നില്ല. പൊതുമരാമത്ത് വക റോഡുകൾ കുഴിക്കാൻ അവർ അനുമതി നൽകാത്തതും പ്രശ്നമാകുന്നു. അടുത്തമാസം മുതൽ അനുമതി നൽകാമെന്നാണു വകുപ്പ് അധികൃതർ വാക്കു നൽകിയിരിക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് പറഞ്ഞു.അഴിയിടത്തുചിറ - മേപ്രാൽ റോഡിലെ 5 വാർഡുകളിലെ ജോലികളാണ് 4 കോടി രൂപയ്ക്കു കരാർ നൽകിയത്. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഈ ഭാഗത്ത് 150ൽപരം വീടുകളിൽ കൂടി ഇനി ഗാർഹിക കണക്ഷൻ നൽകാനുണ്ട്. ബാക്കിയുള്ള വാർഡുകളിലെ ആവശ്യത്തിനുള്ള പൈപ്പ് പെരിങ്ങര പിഎംവി എച്ച്എസിൽ ഇറക്കിയിട്ടിട്ടു നാളുകൾ ആയെങ്കിലും പ്രവ‍ൃത്തികൾ കാര്യമായി എവിടെയും ആരംഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com