ഏനാത്ത് ∙ പരമ്പരാഗത കാർഷിക വിളകൾ തഴച്ചു വളർന്നു നിൽക്കുന്ന വീട്ടു പറമ്പിൽ നിന്ന് നിലക്കടലയും ചോളവും വിളവെടുത്ത സന്തോഷത്തിലാണ് വീട്ടമ്മയായ ശോഭാ സുധാകരൻ. നാട്ടിലെ മികച്ച കർഷകനായിരുന്ന അച്ഛൻ സുരേന്ദ്രന്റെ പാത പിന്തുടർന്നാണ് പൊലിയറ അഖിലാലയത്തിൽ ശോഭ കൃഷിയിലേക്ക് തിരിഞ്ഞത്. വീട്ടു പറമ്പുകളിലെ മരച്ചീനിക്കൃഷി മൺ മറഞ്ഞ കാലത്തും ശോഭയുടെ കൃഷിയിടത്തിലെ 30 സെന്റിൽ മരച്ചീനി പാകമായി വരുന്നു. ഇടവിളയായി പച്ചക്കറികളും വാഴയുമുണ്ട്. മഞ്ഞൾ, ഇഞ്ചി എന്നിവ സമൃദ്ധി നിറയ്ക്കുന്ന പറമ്പിൽ വഴുതിന, ചുരക്ക, പച്ചമുളക്, തക്കാളി, വെണ്ട, പയർ എന്നിവയും കൃഷി ചെയ്തു വരുന്നു.
കുട്ടിക്കാലം മുതൽ കൃഷി കണ്ടു വളർന്നതും വീട്ടുപറമ്പിലെ വളക്കൂറുള്ള മണ്ണുമാണ് കൃഷിയിൽ ചുവടുറപ്പിക്കുന്നത്. ഇളക്കമുള്ള മണൽ കലർന്ന മണ്ണ് നിലക്കടല കൃഷിക്കും അനുയോജ്യമാണെന്ന് കണ്ടതോടെയാണ് പരീക്ഷിച്ചത്. 50 സെന്റിലെ പരമ്പരാഗത കൃഷിക്കൊപ്പമാണ് 10 സെന്റിൽ നിലക്കടലയും ചോളവും വിളയിച്ചത്. ജലദൗർലഭ്യവും, തത്തയുൾപ്പെടെ പക്ഷികളുടെ ശല്യവും കീടബാധയും പച്ചക്കറി കൃഷിക്ക് തിരിച്ചടിയാകുന്നതായും ശോഭ പറഞ്ഞു. തയ്യലും കരകൗശല നിർമാണവുമാണ് ഒഴിവു സമയത്തെ വിനോദം. കൈക്കരുത്തിലും മനക്കരുത്തിലും ശീതകാല പച്ചക്കറി കൃഷിക്കുള്ള ഒരുക്കത്തിലാണീ കർഷകയായ വീട്ടമ്മ.