ADVERTISEMENT

പടയണിയുടെ താളത്തെ ജീവതാളം പോലെ ചേർത്തുപിടിക്കുകയാണ് ഈ 75–ാം വയസ്സിലും കടമ്മനിട്ട വാസുദേവൻ പിള്ള. കുട്ടിക്കാലത്ത് തന്നെ പടയണിയോട് താൽപര്യം ഉണ്ടായിരുന്നെങ്കിലും ശാസ്ത്രീയമായി പടയണി പഠിച്ചത് അധ്യാപകനായ ശേഷമാണ്. അന്ന് പലർക്കും അതൊരു അദ്ഭുതമായിരുന്നു. വിവിധ കോളജുകളിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴും മനസ്സിൽ എപ്പോഴും പടയണിയുണ്ടായിരുന്നു. എല്ലാ പ്രസംഗങ്ങളിലും പടയണി കടന്നുവരും. പടയണിപ്പാട്ടുകൾ പാടും. ഏതെങ്കിലും ഒരു കോലം അവതരിപ്പിക്കും.പാട്ടും താളവും കയ്യടിയും നിറഞ്ഞ ചൊൽക്കാഴ്‌ചയായിരുന്നു ഓരോ പ്രസംഗവും.

പടയണിപ്പാട്ടുപോലുള്ള പ്രസംഗത്തിൽ വാസുദേവൻപിള്ളയും സദസ്സും ഒരേ വഴിയിലായിരിക്കും എപ്പോഴും. കൗതുകം പൂണ്ട് ഒരുപാട് പേർ പടയണി കാണാൻ കടമ്മനിട്ടയിലെത്തി. കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളിലൂടെ അന്നേ ‘കടമ്മനിട്ട പടയണി ’ ഏറെ പ്രശസ്തമായിരുന്നു. അദ്ദേഹത്തിനൊപ്പം ചൊൽക്കാഴ്ചയ്ക്കായി നടത്തിയ യാത്രകൾ വാസുദേവൻ പിള്ള ഇന്നും ഓർക്കുന്നു. എല്ലാ യാത്രയും ഏറെ ആസ്വാദ്യകരമായിരുന്നു. കലയും ആസ്വാദകരും ഒന്നായി മാറുന്ന അഭൂതപൂർവമായ സന്ദർഭം പലതവണ നേരിട്ടനുഭവിച്ചിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം ചൊൽക്കാഴ്‌ചകൾ അവതരിപ്പിച്ചിട്ടുണ്ട്. ക്ഷേത്രമുറ്റങ്ങൾ, പൊതുസമ്മേളനങ്ങൾ, ക്യാംപസുകൾ... ഞങ്ങളുടെ സംഘം കവിത ചൊല്ലി വിറപ്പിച്ച ഇടങ്ങൾ ഒട്ടേറെയാണ്.

പടയണിയുടെ താളവും ദൃശ്യഭാഷ്യവും കടമ്മനിട്ട കവിതയോടു ചേരുംപടി ചേർക്കുകയാണ് അന്നു ചെയ്‌തത്. തിയറ്ററിന്റെ എല്ലാ ചേരുവകളും ചേർന്ന അരങ്ങിലേക്കു കവിത പാടിയാണു കവി കയറിവന്നിരുന്നത്. പടയണിയിലെ താളങ്ങളും കൂടി ചേർന്നപ്പോൾ ഒരു പതിറ്റാണ്ടോളം കവിയും ഞങ്ങളും അരങ്ങു കീഴടക്കി വാണു. 1980–85 കാലഘട്ടത്തിൽ പടയണി ക്യാംപ് സംഘടിപ്പിക്കാനായി ആളുകളെ കിട്ടാതിരുന്നിടത്തു നിന്ന് ഇന്ന് പടയണി പഠിക്കാൻ ഒത്തിരിപ്പേർ മുന്നോട്ടുവരുന്നത് വാസുദേവൻ പിള്ളയെ ഏറെ സന്തോഷിപ്പിക്കുന്നു. എന്നാൽ പ്രകൃതിദത്തമായ നിറങ്ങൾ കൊണ്ട് കോലമെഴുതിയ സ്ഥാനത്തുനിന്ന് ഇന്ന് റെഡിമെയ്ഡ് പെയിന്റുകളിലേക്കും മറ്റുമുള്ള മാറ്റം അദ്ദേഹത്തെ വിഷമിപ്പിക്കുന്നുമുണ്ട്.

ഭൂതകാല സാമൂഹിക ജീവിതത്തിന്റെ നേർപടങ്ങളാണ് നമ്മുടെ പ്രാചീന കലകളെന്നു വിശ്വസിക്കുന്ന കടമനിട്ട വാസുദേവൻ പിള്ള പടയണിയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. നാടൻ കലാരൂപങ്ങളോടൊപ്പം പ്രഫഷനൽ നാടകങ്ങളും ഏറെ ഇഷ്ടപ്പെടുന്ന വാസുദേവൻ പിള്ള അധ്യാപകനായിരുന്ന കാലത്ത് പന്തളീയൻ എന്ന തിയറ്ററുമായി ബന്ധപ്പെട്ട് ഒട്ടേറെ നാടകങ്ങളും ചെയ്തിരുന്നു. കടിഞ്ഞൂൽ പൊട്ടൻ എന്ന നാടകം പുസ്തക രൂപത്തിലും പുറത്തിറക്കി. കടമ്മനിട്ടക്കവിതകളാണ് ആ നാടകത്തിലെ സംഭാഷണങ്ങളെല്ലാം.

ഫോക്‌ലോർ അക്കാദമി ചെയർമാനായിരുന്ന കാലത്ത് ഒട്ടേറെ നാടൻ കലാരൂപങ്ങൾ കണ്ടുപിടിക്കാൻ ശ്രമം നടത്തി. ഓരോ ജില്ലയിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലുകളും സംഘടിപ്പിച്ചു. വളരെ ജനകീയമായ ഈ ഫെസ്റ്റിവലുകളിൽ ജില്ലകളിൽ നിന്നുള്ള നാടൻ കലാരൂപങ്ങൾ കണ്ടുപിടിച്ച് അവതരിപ്പിക്കാനുള്ള വേദിയൊരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.കണക്കില്ലാതെ കലയില്ലെന്ന് വിശ്വസിക്കുന്ന വാസുദേവൻ പിള്ളയുടെ മനസ്സിൽ ഈ വിശ്രമ കാലത്തും കലയും കണക്കും ഇടകലർന്നു നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com