ADVERTISEMENT

പടയണി ആസ്വാദകർക്ക് ഓതറ രശ്മി സദനം എം.ജി.രാധാകൃഷ്ണൻ തപ്പിന്റെ കണിശ ചുവടിൽ കളം നിറഞ്ഞാടുന്ന കോലമാണ്. പാട്ടിന്റെ ലയ ഭാവത്തിൽ കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തുള്ളൽകാരനാണ്. പടയണി അന്യംനിന്നു പോകാതെ പുതുതലമുറയ്ക്കു പകർന്നു നൽകുന്ന ആശാനാണ്. പടയണിയിലെ സകല കലാവല്ലഭനാണ് എം.ജി.രാധാകൃഷ്ണൻ (67). പടയണിയിൽ പാട്ട്, തുള്ളൽ, മേളം എന്നിവയിൽ ഒരുപോലെ നിറഞ്ഞുനിന്ന കലാകാരൻ മാത്രമല്ല നൂറുകണക്കിനു കുട്ടികളെ 52 വർഷമായി പടയണിയിലേക്ക് കൈപിടിച്ച് ഉയർത്തിയ ആശാനും. 

മുത്തച്ഛൻ പരേതനായ ശങ്കരപ്പിള്ള പടയണി കലാകാരനായിരുന്നു. അതിനാൽ ചെറുപ്പം മുതൽ പടയണിയിലേക്ക് ആകൃഷ്ടനായി. കുംഭത്തിലെ തിരുവാതിരയ്ക്ക് ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിൽ പടയണിക്കു കൊടിയേറും. പിന്നെ 28 ദിവസവും ക്ഷേത്രത്തിലാണ്. കോയിക്കൽ നാരായണൻ നായർ, കടയ്ക്കേത്ത് വാസുദേവൻ നായർ, തറയിലേത്ത് ഗോപാലപിള്ള എന്നീ ആശാന്മാരുടെ ശിക്ഷണത്തിൽ പടയണി പഠിച്ചു. പ്രകൃതീശ്വരിയായ പുതുക്കുളങ്ങര ഭഗവതിക്കു മുൻപിൽ മക്കളുടെ ജീവിത നിവേദ്യമായി പിന്നെ പടയണി അവതരിപ്പിച്ചു.

ഓരോ കോലങ്ങളും കളം നിറഞ്ഞാടിയപ്പോൾ വായ്ക്കുരവകളും ആർപ്പുവിളികളുമായി കരക്കാർ കളംനിറച്ചു. ഇത് ആവേശമായി മാറി. പുതിയ തലമുറയെ പടയണി പഠിപ്പിക്കാൻ വീട്ടിൽതന്നെ കളരി തുടങ്ങി. ശ്രീഭദ്രാ പടയണി സംഘം. ഇരുനൂറിലേറെ കുട്ടികളെ പഠിപ്പിച്ചു. കാച്ചി എടുത്ത തപ്പിൽ നിന്നുയർന്ന നാദത്തിൽ അവർ കളത്തിൽ നിറഞ്ഞാടി. ഗണപതി, മറുത, കാലൻ, യക്ഷി, പക്ഷി, ഭൈരവി ,കാഞ്ഞിരമാല തുടങ്ങിയ കോലങ്ങളായി എത്തിയപ്പോൾ ഗുരുവിന്റെ മനസ്സ് നിറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com