ടൂറിസത്തിന് ഏറെ സാധ്യത; വേണ്ടത് ചിട്ടയായ ആസൂത്രണം: പ്രധാന പ്രശ്നം താമസ സൗകര്യം

HIGHLIGHTS
  • ഇന്ന് ലോക വിനോദ സഞ്ചാര ദിനം
 അടവി കുട്ടവഞ്ചി സവാരി (ഫയൽ ചിത്രം)
അടവി കുട്ടവഞ്ചി സവാരി (ഫയൽ ചിത്രം)
SHARE

പത്തനംതിട്ട ∙ ടൂറിസത്തിന് ഏറെ സാധ്യതകളുള്ള ജില്ലയാണു പത്തനംതിട്ടയെങ്കിലും അതു പ്രയോജനപ്പെടുത്താൻ ഡിടിപിസിക്കോ സംസ്ഥാന ടൂറിസം വകുപ്പിനോ കഴിഞ്ഞിട്ടില്ല. ഗവി, അടവി കുട്ടവഞ്ചി സവാരി, കോന്നി ആനക്കൂട് എന്നിവയല്ലാതെ എടുത്തു പറയാൻ ജില്ലയിലൊന്നുമില്ല. പകുതിയും വനമേഖലയായ ജില്ലയിൽ വനം വകുപ്പിന്റെ സഹായമില്ലാതെ പദ്ധതികൾ നടപ്പാക്കാനും കഴിയില്ല. ജില്ലയിൽ വിനോദ സഞ്ചാരികൾ നേരിടുന്ന പ്രധാന പ്രശ്നം താമസ സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. ടൗണുകൾ കേന്ദ്രീകരിച്ചു മാത്രമാണു വലിയ ഹോട്ടലുകളുള്ളത്.

പൊതുഗതാഗതത്തിന്റെ കുറവും പ്രശ്നം സൃഷ്ടിക്കുന്നു. ഗവിയിൽപോലും വളരെ കുറച്ചുപേർക്കുള്ള താമസ സൗകര്യം മാത്രമാണുള്ളത്. വനത്തിലൂടെ യാത്ര ചെയ്യുന്ന 60 കിലോമീറ്റർ ദൂരത്തിൽ ശുചിമുറി സൗകര്യംപോലും പരിമിതമാണ്. കക്കി, ആനത്തോട്, കൊച്ചുപമ്പ പ്രദേശങ്ങളിൽ വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിൽ ഒട്ടേറെ കെട്ടിടങ്ങൾ ഉപയോഗം ഇല്ലാതെ കിടപ്പുണ്ട്. ഇവ നവീകരിച്ചാൽ വിനോദ സഞ്ചാരികൾക്ക് താമസത്തിനു നൽകാൻ കഴിയും. 

അടവിയിൽ മുളങ്കുടിലുകൾ 5 എണ്ണമുണ്ടെങ്കിലും രണ്ടെണ്ണത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ 4 വർഷം മുൻപ് ഡിടിപിസി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടം സഞ്ചാരികൾക്കു തുറന്നുകൊടുത്തിട്ടില്ല. മുളയും മുള ഉൽപന്നങ്ങളും ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ 4 കുടുംബത്തിന് താമസിക്കാനുള്ള സൗകര്യമാണുള്ളത്. മണ്ണടി വേലുത്തമ്പി ദളവ ചരിത്ര മ്യൂസിയം, കല്ലടയാറിന്റെ തീരത്തെ ശിൽപാലംകൃതമായ കൽമണ്ഡപം എന്നിവ കോർത്തിണക്കിയുള്ള ടൂറിസം പദ്ധതിക്ക് കാത്തിരിക്കുകയാണ് മണ്ണടി. റാന്നി മാടത്തരുവി ടൂറിസം പദ്ധതിയായി വികസിപ്പിക്കാനാകും.

പക്ഷേ സഞ്ചാരയോഗ്യമായ റോഡില്ല. വ്യക്തി സൗജന്യമായി സ്ഥലം നൽ‌കിയെങ്കിലും പഴവങ്ങാടി പഞ്ചായത്ത് റോഡ് നിർമിച്ചിട്ടില്ല. കുരുമ്പൻമൂഴി വനത്തിലെ പനംകുടന്ത അരുവിയിൽ ട്രക്കിങ് ഉൾപ്പെടെ ടൂറിസം പദ്ധതി സാധ്യതകളുണ്ട്. വനം വകുപ്പാണ് ഇതിനു ക്രമീകരണം ചെയ്യേണ്ടത്. പുതിയ ഒരു ടൂറിസം സർക്യൂട്ടിനുള്ള സാധ്യതകൂടി ജില്ലയിൽ കണ്ടെത്തേണ്ടതുണ്ട്. ഉത്സവങ്ങളും പെരുന്നാളുകളും ഏറെയുള്ള ജില്ലയിൽ ഫെസ്റ്റിവൽ ടൂറിസത്തിന് നല്ല സാധ്യതകളുണ്ട്.

കെട്ടുകാഴ്ചകളും വള്ളംകളിയും ഗജഘോഷയാത്രയും ഉൾപ്പെടുന്ന ആഘോഷങ്ങൾ ടൂറിസം വകുപ്പ് കൃത്യമായി മാർക്കറ്റ് ചെയ്യുന്നില്ലെന്നു പരാതിയുണ്ട്. ഡിടിപിസി നിയന്ത്രണത്തിലുള്ള പല കെട്ടിടങ്ങളും അടച്ചിട്ടിരിക്കുകയാണ്, ചിലതു മദ്യപാന കേന്ദ്രങ്ങളായി മാറി. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ചു കെട്ടിടങ്ങൾ ലീസിനു നൽകാൻ നടപടി തുടങ്ങിയതായി ഡിടിപിസി സെക്രട്ടറി സതീഷ് മിറാൻഡ പറഞ്ഞു. പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നായ പെരുന്തേനരുവിയിൽ വൈകാതെ മികച്ച സൗകര്യങ്ങൾ ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കുഴി, വടശേരിക്കര, കുളനട എന്നിവിടങ്ങളിൽ അനാഥമായി കിടക്കുന്ന കെട്ടിടങ്ങൾ നവീകരിച്ചു വാടകയ്ക്കു നൽകും. ആങ്ങമൂഴി, അടൂർ നെടുങ്കുന്ന് മല, പുതിയകാവ് ചിറ, കുളനട പോളച്ചിറ എന്നിവിടങ്ങളിൽ ടൂറിസം പദ്ധതികൾ നടപ്പാക്കും. പുതിയകാവ് ചിറയിൽ പുതിയ പാർക്കും ബോട്ടിങ് സൗകര്യം ഏർപ്പെടുത്തും. നെടുമ്പാറ മല, രാക്ഷസൻ പാറ എന്നിവിടങ്ങളിൽ ടൂറിസം പദ്ധതികൾ  പരിഗണിക്കുന്നുണ്ട്. 

പ്രധാന ഡെസ്റ്റിനേഷനായി ആറന്മുള, കോന്നി, ആങ്ങമൂഴി–ഗവി എന്നിവയെ ഉയർത്തിക്കാട്ടണമെന്നു മുൻ ഡിടിപിസി സെക്രട്ടറി വർഗീസ് പുന്നൻ പറഞ്ഞു. തിരുവല്ല–ആലപ്പുഴ ജലപാത നവീകരിച്ചു ജലപാത ടൂറിസം പ്രോത്സാഹിപ്പിക്കണം, തിരുവല്ല കേന്ദ്രീകരിച്ചു വൈഷ്ണവ ക്ഷേത്രങ്ങൾ ദർശിക്കാൻ പ്രത്യേക പാക്കേജ് തുടങ്ങണമെന്നും അദ്ദേഹം പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}