ADVERTISEMENT

പത്തനംതിട്ട ∙ കാറിൽ വന്ന കുടുംബത്തെയും പൊലീസിനെയും ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേർ റിമാൻ‍ഡിൽ. കലഞ്ഞൂർ ഇടത്തറ ബ്രാഞ്ച് സെക്രട്ടറി കൊട്ടന്തറ രാജീവ് ഭവനിൽ രാജീവ് (43), ഇടത്തറ ചരുവിള പുത്തൻവീട്ടിൽ സബി (43), ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ അലൻ സാബു (23), എന്നിവരെയാണ് പത്തനംതിട്ട കോടതി റിമാൻഡ് ചെയ്തത്.ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് കലഞ്ഞൂർ ഇടത്തറ ഉദയ ജംക്‌ഷനിലാണ് സംഭവം. കൂടൽ മുറിഞ്ഞകൽ സാബ്സൺസ് കോട്ടേജിൽ ജോർജ് വർഗീസിന്റെ ഭാര്യ മിനി ജോർജിനും കുടുംബത്തിനുമാണ് മർദനമേറ്റത്.

വിമാനത്താവളത്തിൽ നിന്ന് മകൻ അനു ജോർജിനെ വിളിച്ചുകൊണ്ടു വരുമ്പോഴാണ് സംഭവം. പ്രതികളുടെ വാഹനം പിന്നോട്ട് എടുക്കുന്നതു കണ്ട് ഹോൺ മുഴക്കിയതിൽ പ്രകോപിതരായാണ് അക്രമം നടത്തിയത്. കാറിലുണ്ടായിരുന്ന മുറിഞ്ഞകൽ സ്വദേശി ശ്രീനാഥിനും നെല്ലിമുകൾ സ്വദേശി അരുണിനും മർദനമേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂടൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഫിറോസ്, അരുൺ എന്നിവർക്കും മർദനമേറ്റു. അസഭ്യം വിളിച്ച് തള്ളുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്യുകയായിരുന്നു. മിനിയെ വീണ്ടും തല്ലാൻ ശ്രമിച്ച രാജീവിനെ തടഞ്ഞപ്പോൾ ഫിറോസിന്റെ വലതുകൈ പിടിച്ചു തിരിച്ച ശേഷം മർദിക്കുകയായിരുന്നു. 

തടയാൻ ശ്രമിച്ച അരുണിനെ പിടിച്ചു തള്ളുകയും പൊലീസ് വാഹനത്തിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചപ്പോൾ മൂവരും ചേർന്ന് തള്ളി മാറ്റുകയും ചെയ്തു. കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ സ്റ്റേഷനിൽ എത്തിച്ചത്. ഒന്നാം പ്രതി രാജീവ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ നിയമ വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ നിയമ നടപടി നേരിടുന്നയാളുമാണെന്ന് പൊലീസ് അറിയിച്ചു.

‘ഏറെദൂരം യാത്രചെയ്തു വരികയാണെന്ന് പറഞ്ഞിട്ടും മർദനം തുടർന്നു’

വിമാനത്താവളത്തിൽ നിന്നുള്ള മടക്കയാത്രയിൽ ഏൽക്കേണ്ടിവന്ന അക്രമത്തിന്റെ നടുക്കത്തിലാണു മുറിഞ്ഞകൽ സ്വദേശി മിനിയും കുടുംബവും. വാഹനത്തിന്റെ ഹോൺ മുഴക്കിയതു ചോദ്യം ചെയ്തു സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജീവും സംഘവുമാണു കുടുംബത്തെയും സംഭവം അന്വേഷിക്കാനെത്തിയ കൂടൽ പൊലീസിനെയും മർദിച്ചത്. മിനി ജോർജ് (52), മകൻ അനു ജോർജ് (22), കാർ ഡ്രൈവർ മുറിഞ്ഞകൽ സ്വദേശി ശ്രീനാഥ് (25), നെല്ലിമുകൾ സ്വദേശി അരുൺ (24) എന്നിവർക്കാണ് മർദനമേറ്റത്. 

സംഭവത്തെക്കുറിച്ചു മിനി പറയുന്നത്: ദുബായിൽ നിന്നെത്തിയ അനുവിനെ വിളിച്ച് ഒന്നരയ്ക്കാണ് ഇടത്തറയിൽ എത്തിയത്. ജംക്‌ഷനു സമീപം ഇടവഴിയിൽനിന്ന് പെട്ടെന്നൊരു കാർ തിരിച്ചു പിന്നോട്ടുവരുന്നത് കണ്ട് ഇടിക്കാതിരിക്കാനാണ് ഹോൺ നീട്ടി മുഴക്കിയത്. കാർ നിർത്തിയശേഷം സാബി എന്നയാൾ ഇറങ്ങിവന്ന് ഞങ്ങളുടെ കാറിനു മുൻപിൽ നിൽക്കുകയും രാജീവ് കാർ മുന്നിൽ കയറ്റിയിട്ടശേഷം അസഭ്യം പറയുകയും ചെയ്തു. സാബി മുൻ സീറ്റിലിരുന്ന ശ്രീനാഥിനെ പിടിച്ചിറക്കി.

ഏറെദൂരം ഡ്രൈവ് ചെയ്തു വരികയാണെന്നും പോകാൻ അനുവദിക്കണമെന്നും അഭ്യർഥിച്ചു. തുടർന്ന് കാറിൽ കയറിയപ്പോൾ വീണ്ടും ഇവർ ശ്രീനാഥിന്റെ കൈക്കു പിടിച്ചിറക്കി. മറ്റൊരാളെ വിളിച്ചുവരുത്തുകയും ചെയ്തു. അയാൾ അരുണിന്റെ മൂക്കിന് ഇടിച്ചു. മൂക്കിൽനിന്നു ചോര വന്നു. മർദനം സഹിക്കാൻ കഴിയാതെ വന്നതോടെ ശ്രീനാഥും അരുണും രക്ഷപ്പെടാനായി ഓടി. പിടിച്ചു തള്ളിയപ്പോൾ അനുവും ഓടി. അക്രമിസംഘം പിന്നാലെ ഓടി മെറ്റൽ വാരി എറിഞ്ഞു.

അലൻ കൈക്കു പിടിച്ച് തിരിക്കുകയും തള്ളുകയും ചെയ്തപ്പോൾ ഞാൻ തെറിച്ചുവീണു. കുട്ടികൾ ഓടി ഉദയ ജംക്‌ഷനു സമീപത്തെ വീട്ടിൽ കയറി. ഈ സമയം ഞാൻ കൂടൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വിവരം പറഞ്ഞു. അടൂരിലേക്ക് പോയിരുന്ന പൊലീസ് ഉദ്യോഗസ്ഥർ 10 മിനിറ്റിനകം അവിടെയെത്തി. വീണ്ടും അക്രമം തുടർന്നപ്പോൾ ഫിറോസ് എന്ന പൊലീസുകാരന്റെ കൈ പിടിച്ചു തിരിക്കുകയും ചെയ്തു. അരുണിന്റെ മൂക്കിൽ നിന്നു ചോര വരുന്നതിനാൽ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലാക്കി. അരുണിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com