ADVERTISEMENT

പന്തളം ∙ തീർഥാടനകാല മുന്നൊരുക്കം ചർച്ച ചെയ്യാൻ ചേർന്ന ആദ്യ കൗൺസിൽ യോഗത്തിൽ ബഹളവും ഇറങ്ങിപ്പോക്കും. യുഡിഎഫ് ഭാഗികമായി സഹകരിച്ചപ്പോൾ എൽഡിഎഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ചു. ഒടുവിൽ, തീർഥാടനകാല മുന്നൊരുക്കം സംബന്ധിച്ച പ്രധാന അജൻഡ അടുത്ത കൗൺസിലിലേക്ക് മാറ്റി. ഇന്നലെ രാവിലെ 10ന് ആണ് കൗൺസിൽ തുടങ്ങിയത്.

അനധികൃതമായി പ്രവർത്തിക്കുന്ന പെട്രോൾ പമ്പുമായി ബന്ധപ്പെട്ട തുടർ നടപടികൾ അറിയിക്കണമെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ തുടക്കത്തിൽ ആവശ്യപ്പെട്ടു. എൽഡിഎഫും ഭരണപക്ഷത്തെ 2 അംഗങ്ങളും ഇതേ ആവശ്യമുന്നയിച്ചു. അന്വേഷിച്ചു മറുപടി നൽകാമെന്നു സെക്രട്ടറി ഇ.ബി.അനിത പറഞ്ഞു. തുടർന്നു ബഹളമായി. മുദ്രാവാക്യം വിളിച്ചു എൽ‍ഡിഎഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ചു. തുടർന്ന് ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചു.

എന്നാൽ, യുഡിഎഫ് കൗൺസിലർമാർ യോഗത്തിൽ തുടർന്നു. മുൻ വർഷങ്ങളിലെ തീർഥാടനകാല സ്പെഷൽ ഫണ്ട് വിനിയോഗിക്കുന്നതിൽ വീഴ്ചയുണ്ടായെന്നു പ്രതിപക്ഷം ആരോപിച്ചു. താൽക്കാലിക നിയമനം നടത്തുന്ന വിഷയത്തിൽ യുഡിഎഫിലെ കെ.ആർ.വിജയകുമാർ, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ വിയോജനം രേഖപ്പെടുത്തി. അതെ സമയം, യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി കെ.ആർ.രവി, അംഗം പന്തളം മഹേഷ് എന്നിവർ ആലോചിച്ചു നിലപാടറിയിക്കാമെന്ന് അറിയിച്ചു.

∙ കൗൺസിലറുടെ ഉപവാസം

പന്തളം ∙ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ നിർമാണത്തിനു വകയിരുത്തിയ ഫണ്ട് പദ്ധതി രേഖ പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവാക്കിയെന്നുമാരോപിച്ചു കൗൺസിലറുടെ ഉപവാസം. എൽഡിഎഫിലെ എച്ച്.സക്കീറാണ് നഗരസഭാ ഓഫിസിനു മുൻപിൽ ഉപവസിച്ചത്. ഇന്നലെ ചേർന്ന കൗൺസിലിൽ ഈ വിഷയം അദ്ദേഹം ഉന്നയിച്ചിരുന്നു. ഫണ്ട് അപര്യാപ്തത കണക്കിലെടുത്ത് ഗ്രാന്റ് ക്രമീകരിച്ചപ്പോൾ ഇതൊഴിവാക്കപ്പെട്ടെന്നും ഭേദഗതിയിൽ ഉൾപ്പെടുത്താമെന്നും സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു പറഞ്ഞു. തുടർന്നു എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു പുറത്തു പോയി. പിന്നീടാണ് സക്കീർ ഉപവസിച്ചത്. മൂന്നോടെ പ്രതിഷേധം അവസാനിപ്പിച്ചു.

∙ കോവിഡ് നിയന്ത്രണം കാരണം കഴിഞ്ഞ 2 വർഷങ്ങളിലെ ശബരിമല ഫണ്ട് പൂർണമായി വിനിയോഗിക്കേണ്ടി വന്നില്ല. 31 ലക്ഷം രൂപ മിച്ചമുണ്ട്. ഇതുപയോഗിച്ചു ശുചിമുറി കോംപ്ലക്സ്, പൊക്കവിളക്ക് എന്നിവ സ്ഥാപിക്കാനാണ് ആലോചന. ഇതിനായി ദേവസ്വം ബോർഡ് പ്രസിഡന്റിനെ നേരിൽ കണ്ടു അനുമതി തേടി. ഇക്കാര്യത്തിലും പ്രതിപക്ഷം നിസ്സഹകരിക്കുകയാണ്. ഇന്ന് ഉപസമിതി യോഗം ചേർന്നു തുടർ നടപടികളിൽ തീരുമാനമെടുക്കും.  സുശീല സന്തോഷ്, (നഗരസഭാധ്യക്ഷ) 

ഫണ്ട് ചെലവഴിച്ചില്ലെന്ന് എൽഡിഎഫ്

∙ തീർഥാടനകാല മുന്നൊരുക്കത്തിനായി കഴിഞ്ഞ വർഷങ്ങളിൽ സർക്കാർ നൽകിയ ഫണ്ടിന്റെ ഏറിയ പങ്കും ചെലവഴിച്ചില്ലെന്നു എൽഡിഎഫ്. ചെലവഴിച്ചതിന്റെ കണക്കോ പദ്ധതിയോ ഭരണസമിതി തയാറാക്കിയിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമെത്തിയില്ല. ശബരിമലയുടെ പേരിൽ അധികാരം നേടിയെന്നു അവകാശപ്പെടുന്ന ഭരണസമിതി തീർഥാടനത്തെ അവഗണിച്ചെന്നും പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ പറഞ്ഞു.

ഗുരുതര വീഴ്ചയെന്നു യുഡിഎഫ്

∙ മുൻവർഷങ്ങളിലെ ഫണ്ട് ചെലവഴിക്കാതെ ഈ വർഷം ഫണ്ട് ലഭിക്കില്ലെന്നിരിക്കെ ഭരണസമിതിയുടെ അലംഭാവം ഗുരുതര വീഴ്ചയാണെന്നു യുഡിഎഫ്. ഭരണസമിതി ഇരുട്ടിൽ തപ്പുകയാണ്. വലിയ കോയിക്കൽ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യങ്ങളൊരുക്കേണ്ട ഫണ്ടാണ് ചെലവഴിക്കാതിരുന്നത്. ഭരണസമിതി ഭക്തരെ അവഗണിക്കുകയാണെന്നും പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com