കായിക പ്രവർത്തനങ്ങളെ ഒരുകുടക്കീഴിൽ അണിനിരത്തി റിജിൻ

Mail This Article
അത്‌ലറ്റിക്സ് താരങ്ങൾക്കുള്ള പരിശീലനം, പിഎസ്‌സി കായികക്ഷമതാ പരിശീലനം, അഗ്നിപഥ് ഉദ്യോഗാർഥികൾക്കുള്ള പരിശീലനം എന്നിങ്ങനെ വിവിധ കായിക പ്രവർത്തനങ്ങളെ ഒരുകുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ് വെട്ടിപ്രം വഞ്ചിപ്പൊയ്ക സ്വദേശിയായ റിജിൻ മാത്യു ഏബ്രഹാം. സ്കൂൾതലം മുതൽതന്നെ കായികരംഗത്ത് സജീവമായിരുന്ന റിജിൻ ബിരുദാനന്തരബിരുദ പഠനത്തിനുശേഷമാണ് കായിക പരിശീലകന്റെ കുപ്പായം അണിഞ്ഞത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് റിജിന്റെ ബേസിക് അത്‌ലറ്റിക്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ.
ദിവസവും രാവിലെ 6.30 മുതൽ 9 വരെയും ഉച്ചയ്ക്കുശേഷം 3.30 മുതൽ 7 വരെയുമാണ് കായിക പരിശീലനം നൽകുന്നത്. സ്കൂൾ, കോളജ് തലങ്ങളിലെ അത്‌ലറ്റിക്സ് താരങ്ങൾക്ക് സ്പ്രിന്റ് ഇനങ്ങളായ 100, 200 മീറ്ററുകളിലും ഹഡിൽസ്, ജംപ് ഇനങ്ങൾ എന്നിവയിലുമാണ് പരിശീലനം നൽകുന്നത്. ഇവർക്ക് പുറമെയാണ് സിവിൽ പൊലീസ് ഓഫിസർ, അഗ്നിപഥ് തുടങ്ങി കായിക മികവ് തെളിയിക്കേണ്ട പരീക്ഷകൾക്കുള്ള പരിശീലനവും നൽകുന്നത്. നിലവിൽ 30ൽ ഏറെ ഉദ്യോഗാർഥികൾ ബേസിക് അത്‌ലറ്റിക്സ് ക്ലബ്ബിന്റെ പരിശീലനക്കളരിയുടെ ഭാഗമാണ്.