പന്തളം നഗരസഭയ്ക്ക് 4 നിലകളിൽ ഓഫിസ് സമുച്ചയം; 11.5 കോടി രൂപയുടെ രൂപരേഖ തയാറാക്കാൻ കരാറായി

Mail This Article
പന്തളം ∙ നഗരസഭയ്ക്ക് പുതിയ ഓഫിസ് നിർമിക്കുന്നതിനു മുന്നോടിയായി രൂപരേഖ തയാറാക്കാൻ കരാറായി. തൃശൂർ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയാണ് കരാറെടുത്തത്. 45 ദിവസത്തിനുള്ളിൽ തയാറാക്കി നൽകും. തുടർന്നു കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിക്കും.ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിലായി നടന്ന കൗൺസിൽ, സ്റ്റിയറിങ് കമ്മിറ്റി, ഉപസമിതി യോഗങ്ങളിൽ തീരുമാനമെടുത്ത ശേഷമാണ് കരാറിലേർപ്പെട്ടതെന്ന് അധ്യക്ഷ സുശീല സന്തോഷ് പറഞ്ഞു. 2018ൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പുതിയ ഓഫിസ് നിർമാണത്തിന്റെ ആദ്യ നടപടി തുടങ്ങുന്നത്. എന്നാൽ തുടർ നടപടികളുണ്ടായില്ല. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തടസ്സങ്ങൾ ഈ ഭരണസമിതിയുടെ ശ്രമഫലമായാണ് പരിഹരിച്ചതെന്നും അവർ പറഞ്ഞു.
രൂപരേഖ ഇങ്ങനെ
വെള്ളപ്പൊക്ക പ്രതിരോധം കൂടി കണക്കിലെടുത്തു തൂണുകളിലാണ് കെട്ടിടം നിർമിക്കുക. ആദ്യ നില പാർക്കിങ്. ലിഫ്റ്റ് ഉൾപ്പെടെ സൗകര്യങ്ങളുണ്ടാകും. ഒന്നാം നിലയിൽ സെക്രട്ടറി, സൂപ്രണ്ട് എന്നിവരുടെ ഓഫിസുകൾ, വെയ്റ്റിങ് ഏരിയ, മിനി ഹാൾ, 2-ാം നിലയിൽ നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ, സ്ഥിരം സമിതി അധ്യക്ഷർ എന്നിവർക്ക് ഓഫിസ്, മിനി ഹാൾ, 3-ാം നിലയിൽ എൻജിനീയറിങ്, ആരോഗ്യ വിഭാഗം, ഫയൽ റൂം, 4-ാം നിലയിൽ കൗൺസിൽ ഹാൾ, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടും. 20,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുക.
ഭരണസമിതിയുടെ ലക്ഷ്യം അഴിമതിയെന്നു പ്രതിപക്ഷം
പന്തളം ∙ നഗരസഭയുടെ ഓഫിസ് നിർമാണത്തിന്റെ പേരിൽ ഭരണസമിതി അഴിമതിയാണ് ലക്ഷ്യമിടുന്നതെന്നു എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ. ഇതിനായി അധ്യക്ഷയും സെക്രട്ടറിയും ഒത്തുകളിക്കുകയാണ്. കഴിഞ്ഞ ഭരണസമിതി കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കാൻ തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപിച്ചിരുന്നു. ഇപ്പോഴത്തെ ഭരണസമിതി രൂപരേഖ മാറ്റിമറിച്ചു. ഇത് കൗൺസിലിൽ ചർച്ച ചെയ്തില്ല. 19 ന് കൗൺസിൽ വിളിച്ചെങ്കിലും പ്രതിപക്ഷം വിയോജനം രേഖപ്പെടുത്തി. ഇത് അഴിമതിക്കാണെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടത് വ്യവസ്ഥകൾ കൗൺസിലിൽ ചർച്ച ചെയ്യാതെയാണെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ പറഞ്ഞു. കഴിഞ്ഞ ഭരണ സമിതി കരാർ വച്ചിരുന്നു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്താണ് കോൺക്രീറ്റ് നിർമാണം പരിഗണിച്ചത്. ഡിപിആറിന് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. അഴിമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.