റാന്നി ∙ പമ്പാ ജലസേചന പദ്ധതിയുടെ ഉതിമൂട് വലിയകലുങ്ക് നീർപ്പാലത്തിൽ കണ്ടെയ്നർ ലോറി ഇടിച്ചു കയറി. വാഹനത്തിന്റെ മുകൾ വശം തകർന്നു.ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. റാന്നി ഭാഗത്തു നിന്ന് പത്തനംതിട്ട സുസുക്കി ഷോറൂമിലേക്കു പോകുകയായിരുന്നു കണ്ടെയ്നർ. നീർപ്പാലത്തിന്റെ ഉയരം നോക്കിയാണ് കണ്ടെയ്നർ ഓടിച്ചു വന്നത്. നീർപ്പാലത്തിൽ വാഹനങ്ങൾ ഇടിച്ചു കയറാതിരിക്കാൻ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗർഡർ ഡ്രൈവർ ശ്രദ്ധിച്ചില്ല. വേഗത്തിൽ വന്ന വാഹനം ഗർഡറിലും നീർപ്പാലത്തിലുമായി ഇടിച്ചു കയറുകയായിരുന്നു. കണ്ടെയ്നറിന്റെ മുകൾ ഭാഗമാണ് തകർന്നത്. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ വാഹനം പിന്നിലേക്കെടുത്ത് റോഡിന്റെ വശത്തിട്ടിട്ടുണ്ട്.
കോന്നി–പ്ലാച്ചേരി പാതയുടെ നിർമാണം ആരംഭിച്ചപ്പോൾ തന്നെ നീർപ്പാലത്തിലെ അപകടാവസ്ഥ ചർച്ചയായിരുന്നു. വളവ് ഒഴിവാക്കി ഇവിടെ പുതിയ റോഡും പാലവും നിർമിച്ചെങ്കിലും നീർപ്പാലത്തോടു ചേർന്ന ഭാഗത്ത് റോഡ് താഴ്ത്താൻ കഴിഞ്ഞിരുന്നില്ല. മേൽപ്പാലം നിർമിക്കുക മാത്രമാണ് ഇവിടുത്തെ പരിഹാരം. കണ്ടെയ്നർ ഉൾപ്പെടെയുള്ള ഉയരം കൂടിയ വാഹനങ്ങൾ ഇതിലെ കടന്നു പോകില്ല. നീർപ്പാലത്തിൽ വാഹനങ്ങൾ ഇടിക്കാതിരിക്കാൻ ഇരുമ്പു തൂണുകൾ നാട്ടി കുറുകെ ഗർഡർ സ്ഥാപിച്ചിരുന്നു. ഇതിൽ ചെയിനുകളും തൂക്കിയിരുന്നു. അടുത്തിടെ ഉയരം കൂടിയ വാഹനം കടന്നു പോയപ്പോൾ ചെയിനുകൾ പൊട്ടിപ്പോയി. ഇപ്പോൾ നീർപ്പാലം അപകടക്കെണിയായിരിക്കുകയാണ്. പകൽ വാഹനം ഇടിച്ചു കയറിയ സ്ഥിതിക്ക് രാത്രിയിൽ അപകടങ്ങൾ വർധിക്കാനിടയുണ്ട്.