ADVERTISEMENT

പത്തനംതിട്ട ∙ യുഡിഎഫിന്റെ ഉരുക്കു കോട്ടയായ പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റുകളും എൽഡിഎഫ് പിടിച്ചെടുക്കാൻ പാകത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയതു കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമോദ് നാരായൺ അൽപം പിന്നിലാണെന്നു കണ്ടപ്പോൾ റാന്നിയിൽ നേരിട്ട് എത്തി സിപിഎം നേതാക്കളുടെ യോഗം വിളിച്ച് സജീവമായി രംഗത്ത് ഇറക്കിയതും അദ്ദേഹമായിരുന്നു.ശബരിമലയിലെ പൊലീസ് സംവിധാനം കുറ്റമറ്റതാക്കാൻ ഏറെ പരിശ്രമിച്ച ആഭ്യന്തരമന്ത്രി എന്ന നിലയിൽ  അയ്യപ്പ ഭക്തന്മാർ കോടിയേരി ബാലകൃഷ്ണനെ മറക്കില്ല. 2009 ഡിസംബർ രണ്ടിന് രാത്രി അദ്ദേഹം മലകയറി സന്നിധാനത്ത് എത്തി.  

അന്ന് അവിടെ താമസിച്ച് പിറ്റേദിവസം ഉന്നതതല യോഗവും ചേർന്നാണ് മടങ്ങിയത്. കോടിയേരി ആഭ്യന്തര - ടൂറിസം മന്ത്രിയായിരിക്കെ ജില്ലയ്ക്കു പറയാൻ നേട്ടങ്ങൾ ഏറെയാണ്. ഏനാത്ത് പുതിയ  പൊലീസ് സ്റ്റേഷൻ അനുവദിച്ചതും റാന്നി പൊലീസ് സ്റ്റേഷനു പുതിയ കെട്ടിടം നിർമിക്കാൻ 70 ലക്ഷം രൂപ അനുവദിച്ചതും അദ്ദേഹമാണ്. കൂടാതെ റാന്നിയിൽ ഡിവൈഎസ്പി ഓഫിസ് അനുവദിക്കുന്നതിനു ശക്തമായ ഇടപെടൽ നടത്തിയതും അദ്ദേഹമാണ്. അടൂർ പൊലീസ് സ്റ്റേഷനു പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപയും പെരുന്തേനരുവി ടൂറിസം പദ്ധതിക്കായി 3 കോടി രൂപയും അനുവദിച്ചതും അദ്ദേഹമാണ്. 

അടൂർ നെടുങ്കുന്നുമല ടൂറിസം പദ്ധതിക്ക് 3 കോടിയും ആങ്ങമൂഴി കുട്ടവഞ്ചി സവാരി ടൂറിസം പദ്ധതിക്ക് 2 കോടിയും പോളച്ചിറ ടൂറിസം പദ്ധതിക്ക് 3 കോടിയും അദ്ദേഹമാണ് അനുവദിച്ചത്.തിരുവല്ല പെരിങ്ങരയിൽ കൊല്ലപ്പെട്ട  സിപിഎം പ്രവർത്തകൻ സന്ദീപിന്റെ കുടുംബ സഹായനിധി വിതരണം ചെയ്യാനാണ് ജില്ലയിൽ അവസാനമായി എത്തിയത്. സന്ദീപിന്റെ ഭാര്യയ്ക്ക്  തിരുവല്ലയിൽ അധ്യാപക സഹകരണ സംഘത്തിൽ ജോലി  നൽകാൻ മുൻകൈയെടുത്തതും  പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ അദ്ദേഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com