ADVERTISEMENT

കോന്നി ∙ ആധുനിക നിലവാരത്തിൽ പണിയുന്ന മെഡിക്കൽ കോളജ് എന്ന പ്രത്യേകത കോന്നി സർക്കാർ മെഡിക്കൽ കോളജിനുണ്ട്. സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങളാണ് ഇവിടത്തെ പ്രത്യേകത. കോന്നിയിൽ മെഡിക്കൽ കോളജ് എന്ന ആശയം രൂപപ്പെടുമ്പോൾതന്നെ പ്രധാനമായും ശബരിമല തീർഥാടകർക്കു ഗുണംചെയ്യുന്ന നിലയിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. നെടുമ്പാറയിലെ ഉയർന്ന പ്രദേശത്ത് ഹെലിപ്പാട് സ്ഥാപിക്കണമെന്ന ആലോചന തുടക്കംമുതലേ ഉണ്ടായിരുന്നു.

ശബരിമല മേഖലയിൽ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ മിനിറ്റുകൾക്കകം ഹെലികോപ്റ്ററിൽ കോന്നിയിലേക്ക് ആളുകളെ എത്തിക്കാൻ കഴിയുമെന്നായിരുന്നു കണക്കുകൂട്ടൽ. കോന്നി നിയോജക മണ്ഡലവുമായി ചേർന്നുകിടക്കുന്ന കൊല്ലം ജില്ലയ്ക്കും പത്തനംതിട്ട ജില്ല പൂർണമായും ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്കും ആശ്രയിക്കാവുന്ന മെഡിക്കൽ കോളജായി കോന്നി മാറുമെന്നാണ് കരുതുന്നത്. തമിഴ്നാട്ടിലെ ചെങ്കോട്ട, തെങ്കാശി എന്നിവിടങ്ങളിൽനിന്നു പുനലൂരെത്തി മെഡിക്കൽ കോളജിലേക്കു വരാൻ സൗകര്യമുണ്ട്.

പ്രകൃതി ക്ഷോഭത്തിൽ ഒറ്റപ്പെടാതിരിക്കാൻ

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള പ്രദേശമാണ് മെഡിക്കൽ കോളജ് പ്രദേശം. പ്രകൃതി ദുരന്തങ്ങളുണ്ടായാൽ മെഡിക്കൽ കോളജ് ആശുപത്രിയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാൻ കാര്യങ്ങൾ മുൻകൂട്ടി കാണണം. 5 കിലോമീറ്ററിനുള്ളിൽ അഗ്നിരക്ഷാ നിലയം ഉണ്ട്. മഴക്കാലത്ത് അച്ചൻകോവിലാർ നിറഞ്ഞൊഴുകിയാൽ മെഡിക്കൽ കോളജിലേക്കുള്ള പ്രധാന റോഡിലെ മുരിങ്ങമംഗലം–മഞ്ഞക്കടമ്പ് റൂട്ടിലും അട്ടച്ചാക്കൽ-കുമ്പഴ റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെടും. റോഡ് ഉയർത്തി നിർമിക്കുന്നതടക്കം മറ്റു ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. കോന്നിയിൽനിന്ന് മെഡിക്കൽ കോളജിലേക്കുള്ള പ്രധാന പാതയിലാണ് അച്ചൻകോവിലാറ്റിൽ പാലമുള്ളത്. പഞ്ചായത്ത് കടവിലെ പാലത്തിനു സമാന്തരമായി മറ്റൊരു പാലത്തെ സംബന്ധിച്ചും ആലോചിക്കേണ്ടതുണ്ട്.

മാനസികോല്ലാസം

കോളജ് പ്രവർത്തനമാരംഭിക്കുമ്പോൾ ഇവിടെ താമസിച്ചു പഠിക്കുന്ന കുട്ടികൾക്ക് അത്യാവശ്യം പുറത്തുപോകാനും സമയം ചെലവഴിക്കാനും ഏറെ സൗകര്യങ്ങളൊന്നുമില്ല. വനമേഖലയായതിനാൽ കാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനപ്പുറത്ത് വലിയ പാർക്കുകളോ ഷോപ്പിങ് മാളുകളോ ഇല്ല. ആനകളെ നേരിൽകാണാനും ആനയെ സംബന്ധിച്ച മ്യൂസിയം കാണാനും മനസ്സിലാക്കാനും കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കഴിയും. പിന്നീട് ഇവിടെനിന്ന് 16 കിലോമീറ്റർ സഞ്ചരിച്ച് തണ്ണിത്തോട് മൂഴിയിലെത്തി കല്ലാറ്റിലെ കുട്ടവഞ്ചി സവാരിയിൽ പങ്കെടുക്കാം. ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഏതാനും പദ്ധതികൾ നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. ഇതു യാഥാർഥ്യമായാൽ അവിടങ്ങളിലേക്കു ചെറിയ യാത്ര നടത്താൻ അവസരമുണ്ടാകും.

ഇനി വരേണ്ടത്

ഗവ. മെഡിക്കൽ കോളജ് പൂർണതോതിൽ ആകണമെങ്കിൽ 500 കിടക്കകളുള്ള ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകണം. തുടക്കത്തിൽ 100 വിദ്യാർഥികൾക്കു പഠിക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിൽ 300 കിടക്കകളുള്ള ആശുപത്രിയും അക്കാദമിക് ബ്ലോക്കും പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ 200 കിടക്കകളുള്ള ആശുപത്രിയാണ് ഉണ്ടാകേണ്ടത്. അക്കാദമിക്ക് ബ്ലോക്കിന്റെ എക്സ്റ്റൻഷനായി 3 നില കെട്ടിടം വേണം.

200 വിദ്യാർഥികൾക്ക് താമസിക്കാൻ കഴിയുന്ന ആൺകുട്ടികളുടെ ഹോസ്റ്റൽ, 235 പേർക്ക് താമസ സൗകര്യമൊരുക്കുന്ന വനിതാ ഹോസ്റ്റൽ, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്, 1000 സീറ്റുകൾ ക്രമീകരിക്കാൻ കഴിയുന്ന ഓഡിറ്റോറിയം, മോർച്ചറി, പോസ്റ്റ്‌മോർട്ടം സൗകര്യങ്ങളുള്ള ഓട്ടോപ്‌സി ബ്ലോക്ക്, ലോൺട്രി ബ്ലോക്ക് എന്നിവയും നിർമിക്കണം. 2 ലക്ഷം ലീറ്റർ ശേഷിയുള്ള സൂവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 7000 ലീറ്റർ ശേഷിയുള്ള ഇഫ്ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മഴവെള്ളം ശേഖരിക്കാനുള്ള സംഭരണി തുടങ്ങിയവയും വേണം.

പ്രിൻസിപ്പലിനു താമസിക്കാനുള്ള ഡീൻ വില്ല, 400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കന്റീൻ തുടങ്ങിയവയും ക്രമീകരിക്കണം. ക്യാംപസിലേക്കുള്ള പ്രവേശന കവാടം, ഉള്ളിലെ റോ‍ഡുകളുടെ വികസനം, ബസ് സ്റ്റാൻ‍ഡ്, പൊലീസ് സ്റ്റേഷൻ തുടങ്ങിയവയും നടപ്പാക്കണം. റവന്യു വകുപ്പിൽ നിന്ന് വിട്ടു കിട്ടിയ 50 ഏക്കർ മാത്രമാണ് നിലവിൽ മെഡിക്കൽ കോളജിനുള്ളത്. തുടർവികസനം നടപ്പാക്കണമെങ്കിൽ കൂടുതൽ ഭൂമി ലഭ്യമാക്കണം.

നഴ്സിങ് കോളജ്

2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ഗവ. നഴ്സിങ് കോളജ് ആരംഭിക്കണം. മെഡിക്കൽ കോളജിനോടു ചേർന്ന് 3 ഏക്കർ ഇതിനായി മാറ്റിവയ്ക്കുകയും ചെയ്തു. കോളജ് തുടങ്ങാനാവശ്യമായ ഫർണിച്ചർ അടക്കം എത്തിച്ചെങ്കിലും പിന്നീട് സർക്കാർ മാറിയതോടെ നടപ്പാകാതെപോയി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രവർത്തനമാരംഭിച്ച കൊല്ലം, മഞ്ചേരി മെഡിക്കൽ കോളജിൽ എൽഡിഎഫ് സർക്കാർ ഇപ്പോൾ നഴ്സിങ് കോളജുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മെഡിക്കൽ കോളജിന്റെ വികസനത്തിനുതകുന്ന ഐരവൺ പാലം യാഥാർഥ്യമാക്കണം. പ്രദേശം ടൗൺഷിപ്പാകുമ്പോഴും ഇത് അനിവാര്യമാണ്. നെടുമ്പാറ ഉൾപ്പെടുന്ന പരിസര വാസികൾക്ക് താൽക്കാലികമായെങ്കിലും തൊഴിൽ ലഭ്യമാക്കാനുള്ള നടപടി കൂടി ഉണ്ടാകണം. നസീർ ഹസൻ മുളന്തറ

മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി, ഐപി വിഭാഗങ്ങൾ പൂർണതോതിൽ പ്രവർത്തനമാരംഭിക്കണം. എങ്കിൽ മാത്രമേ പൊതുജനങ്ങൾക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കൂ. പി.എസ്.വിനോദ് കുമാർ ഐരവൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com