ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിലെ ഏക സർക്കാർ കോളജായ ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് ശാപമോക്ഷം ഇനിയും അകലെ. കെട്ടിട നിർമാണത്തിനു നടപടി വൈകാതെയുണ്ടാകുമെന്നു പറയുന്നുണ്ടെങ്കിലും 2014ൽ പ്രവർത്തനം ആരംഭിച്ച കോളജ് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ മുട്ടിലിഴയുകയാണ്. കോളജിനെ ഇലന്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും ക്ലാസ് മുറികളിൽ തളച്ചിട്ടിരിക്കുകയാണ്. മനോഹരമായ ക്യാംപസ് ജീവിതം സ്വപ്നം കണ്ടു വരുന്ന വിദ്യാർഥികൾക്കു നിരാശ മാത്രമാണ് കോളജ് സമ്മാനിക്കുന്നത്.

അപര്യാപ്തതകളുടെ നടുവിലാണു ഇവർ ഇവിടെ പഠനം തുടരുന്നത്. ആവശ്യത്തിന് ബസുകളില്ലാത്തതും വിദ്യാർഥികളെ വലയ്ക്കുന്നു. പൂമലക്കുന്നിൽ കോളജിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇനിയും കെട്ടിട നിർമാണം ആരംഭിച്ചിട്ടില്ല. കോളജ് വികസനത്തിനായി കിഫ്ബി വഴി 19.15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കിറ്റ്കോയാണു കൺസൽറ്റന്റ്. കോളജ് കെട്ടിടത്തിന്റെ പ്ലാനും മറ്റും കിറ്റ്കോ തയാറാക്കിയിട്ടുണ്ട്. മൂന്നു നില കെട്ടിടമാണ് ആദ്യ ഘട്ടത്തിൽ പൂമലക്കുന്നിൽ നിർമിക്കേണ്ടത്.

ഇലന്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ ലൈബ്രറി. ചിത്രം: മനോരമ
ഇലന്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ ലൈബ്രറി. ചിത്രം: മനോരമ

ഇപ്പോൾ ഇലന്തൂർ സ്കൂളിലെ പരിമിതമായ സ്ഥലത്താണു കോളജ് പ്രവർത്തിക്കുന്നത്. കോവിഡിനു ശേഷം ബസുകൾ കുറഞ്ഞതോടെ പ്രധാന റോ‍ഡിലെത്താൻ മൂന്നു കിലോമീറ്ററോളം നടക്കണമെന്നു വിദ്യാർഥികൾ പറയുന്നു. കോളജിലെത്താൻ വാഹന സൗകര്യം കുറവായതിനാൽ പ്രവേശനം നേടിയ വിദ്യാർഥികൾ ടിസി വാങ്ങി പോകുന്നതു പതിവാണ്. ജംക്‌ഷനിൽ നിന്നു 60 രൂപ നൽകി ഓട്ടോ വിളിച്ചാണു പലപ്പോഴും അധ്യാപകരും വിദ്യാർഥികളും കോളജിലെത്തുന്നത്. ഹോസ്റ്റൽ സൗകര്യമില്ലാത്തതും വിദ്യാർഥികൾ കൊഴിഞ്ഞു പോകാൻ കാരണമാകുന്നു. അധ്യാപകർക്കും വിദ്യാർഥികൾക്കുമായി ആവശ്യത്തിനു ശുചിമുറികളും ഇവിടെയില്ല. 

ലാബും ലൈബ്രറിയുമെല്ലാം സ്കൂളിലെ കുടുസ്സു മുറികളിലാണു പ്രവർത്തിക്കുന്നത്. പ്രത്യേകം വകുപ്പുകളോ സ്റ്റാഫ് റൂമുകളോ ഇല്ലാത്തതിനാൽ അധ്യാപകരെല്ലാം ഒരു മുറിയിലാണ് ഇരിക്കുന്നത്.234 വിദ്യാർഥികളാണു ഇവിടെ ഇപ്പോൾ പഠിക്കുന്നത്. മൂന്നു ബിരുദ കോഴ്സുകളും ഒരു പിജി കോഴ്സുമാണ് ഇവിടെയുള്ളത്. ഗവ. കോളജിന് 5 ഏക്കർ സ്ഥലമാണു പ്രവർത്തിക്കാൻ വേണ്ടത്. ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്നേക്കർ നേരത്തെ കോളജിനു കൈമാറിയിരുന്നു. സ്വകാര്യ വ്യക്തികളുടെ കയിൽ നിന്നു രണ്ടേക്കർ ഭൂമി കൂടി ഏറ്റെടുക്കാനുണ്ട്.

കോളജിലേക്ക് 6 മീറ്റർ വീതിയിൽ റോഡ് നിർമിക്കാനായി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഭൂവുടമകളുമായി ചർച്ച നടത്തിയിരുന്നു. അരക്കിലോമീറ്റർ ദൂരമാണു റോഡ്, വീതി കൂട്ടി നിർമിക്കേണ്ടത്. വിദേശത്തുള്ള ഏതാനും കുടുംബങ്ങളുടെ സമ്മതം കൂടി ലഭിക്കാനുണ്ട്. റോഡിനായി സ്ഥലം വിട്ടു നൽകാൻ തയാറാണെങ്കിലും നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോളജിനായി സ്ഥലം വിട്ടു നൽകാൻ തയാറായവർക്കും നഷ്ടപരിഹാരം നൽകാനുണ്ട്. മികച്ച വില ലഭിക്കുമെന്നു പറയുന്നുണ്ടെങ്കിലും തുടർനടപടികൾ ഇഴയുകയാണെന്നാണ് പരാതി.

"കോളജിലേക്കുള്ള റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടു മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. റോഡ് വീതി കൂട്ടിയാൽ മാത്രമേ കോളജിന് ഫയർ എൻഒസി ലഭിക്കുകയുള്ളൂ. റോഡ് നിർമിക്കുമ്പോൾ ഏതാനും മതിലുകൾ പൊളിച്ചു പണിയേണ്ടി വരും. അതിന്റെ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വിഷയം ജില്ലാ പഞ്ചായത്തിന്റെ സജീവ പരിഗണനയിലാണ്." - ഓമല്ലൂർ ശങ്കരൻ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

"വൈകാതെ കോളജ് കെട്ടിട നിർമാണത്തിനു ടെൻഡർ വിളിക്കുമെന്നാണ് കഴിഞ്ഞ യോഗത്തിൽ അറിയിച്ചത്. ഇപ്പോൾ കോളജിലേക്കു ബസ് സർവീസ് കുറവാണ്. ബസ് സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടു കെഎസ്ആർടിസിയെ സമീപിക്കും. കിഫ്ബി പണം ഭൂമിയേറ്റെടുക്കുന്നതിനുൾപ്പെടെ ഉപയോഗിക്കാൻ കഴിയുമെന്നാണു മനസ്സിലാക്കുന്നത്. പുതിയ സ്ഥലത്തേക്കു മാറുന്നതോടെ കോളജിന്റെ സൗകര്യങ്ങൾ മെച്ചപ്പെടും." - ഡോ.പി.ഷൈലജ (പ്രിൻസിപ്പൽ, ഇലന്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com