ADVERTISEMENT

ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ ചിറ്റാർ പഞ്ചായത്തിലൂടെയാണ് ‘നാട്ടുവാർത്ത’ ഇന്ന് യാത്ര ചെയ്യുന്നത്. കൃഷിയും ചെറുകിട വ്യവസായങ്ങളും നട്ടെല്ലായിട്ടുള്ള ചിറ്റാറിന് മുന്നിൽ അവശേഷിക്കുന്ന വികസനക്കടമ്പകൾ ഏറെയാണ്. മികച്ച ഗതാഗത സൗകര്യവും ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളുമൊക്കെ ഇവിടെയുള്ളവരുടെ ആവശ്യങ്ങളിൽ ചിലതുമാത്രം....

പഞ്ചായത്തിലെ എല്ലാ പ്രധാന ഓഫിസുകളും ഒരു കുടക്കീഴിൽ ഉണ്ടെങ്കിലും അതിന്റെ പ്രയോജനം വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ലെന്നത് ചിറ്റാർ പഞ്ചായത്തിന്റെ ദുരിതമാണ്. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷി ഭവൻ, ആയുർവേദ– ഹോമിയോ– വെറ്റിർനറി ഡിസ്പെൻസറികൾ, സബ് ട്രഷറിക്കായുള്ള കെട്ടിടം, എൻആർജിഎസ് ഓഫിസ്, കുടുംബശ്രീ ഓഫിസ്, വിഇഒ ഓഫിസ്, ശബരിമല ഇടത്താവളം, വഴിയോര വിശ്രമകേന്ദ്രം തുടങ്ങി പഞ്ചായത്തുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പ്രധാന ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഒരു പുരയിടത്തിൽതന്നെയാണ്. എന്നാൽ മുൻവിചാരമില്ലാതെ കെട്ടിപ്പൊക്കിയിരിക്കുന്ന കെട്ടിടങ്ങളാണ് ഇവിടുത്തെ പോരായ്മ. ഉയർന്നും താഴ്ന്നും രണ്ട് തട്ടായി കിടക്കുന്ന സ്ഥലത്ത് ഒരു തരത്തിലുള്ള ഏകോപനവും ഇല്ലാതെയാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. എല്ലാ ഓഫിസുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ‍ കഴിയുന്ന സ്ഥല സൗകര്യം ഉണ്ടായിരുന്നിട്ടും അത് പരിഗണിക്കാതെ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ചെറിയ ചെറിയ കെട്ടിടങ്ങൾ പണിത് അശാസ്ത്രീയമായി ഭൂമി വിനിയോഗിച്ചതാണ് ഇവിടെ തിരിച്ചടിയാകുന്നത്. 

വഴിയോര വിശ്രമകേന്ദ്രം കണ്ടെത്താൻ പെടാപ്പാട്

ഇവിടെ നിർമിച്ചിരിക്കുന്ന വഴിയോര വിശ്രമകേന്ദ്രമാണ് ഈ അനാസ്ഥകളുടെ ഏറ്റവും വലിയ തെളിവ്. പുരയിടത്തിന്റെ താഴ്ന്ന ഭാഗത്തായാണ് വിശ്രമകേന്ദ്രം നിർമിച്ചിരിക്കുന്നത്. റോഡിൽ നിന്ന് 100 മീറ്റർ ഉള്ളിലേക്ക് മാറിയുള്ള ഈ വിശ്രമകേന്ദ്രം കണ്ടെത്തണമെങ്കിൽ ആളുകൾ നന്നേ പാടുപെടേണ്ട അവസ്ഥയാണ്. പുരയിടത്തിന്റെ മുകൾ തട്ടിന്റെ തറ നിരപ്പിലാണ് വിശ്രമകേന്ദ്രത്തിന്റെ ടെറസ്. ചുറ്റും മറ്റ് കെട്ടിടങ്ങളും. അതിനാൽതന്നെ തൊട്ടടുത്തെത്തിയാൽ മാത്രമെ ഇങ്ങനെയൊരു കെട്ടിടം അവിടെ ഉള്ളതായിപോലും അറിയാൻകഴിയു. എന്നാൽ യാത്രക്കാർ ആരും ഇത്രയും ദുരിതപ്പെടെണ്ടെന്ന് കരുതിയാവും ഈ കേന്ദ്രം ഇപ്പോഴും തുറക്കാതെ പൂട്ടിയിട്ടിരിക്കുന്നത്. 

‘ശങ്ക’ തീർക്കാൻ വഴിയില്ല

വെറ്റിനറി ആശുപത്രിയോട് ചേർന്ന ശുചിമുറി.

ഇത്രയും ഓഫിസുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഇവിടേക്കെത്തുന്ന പൊതുജനത്തിന് ഉപയോഗിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നത് നാമമാത്രമായ ശുചിമുറി സൗകര്യമാണ്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ വന്നുപോകുന്ന പഞ്ചായത്ത് ഓഫിസും കൃഷി ഭവനും ഉൾപ്പെടുന്ന വലിയ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ശുചിമുറിയിലേക്ക് കയറാൻ പോയിട്ട് നോക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. താഴ്ന്ന പ്രദേശത്തായി പ്രവർത്തിക്കുന്ന വെറ്ററിനറി ആശുപത്രിയുടെ സമീപത്തുള്ള ശുചിമുറികളുടെയും അവസ്ഥയും വ്യത്യസ്തമല്ല. ഇതിനും പുറമേ കെട്ടിടങ്ങളുടെ പരിസരത്തായി പല സ്ഥലങ്ങളിലും വളർന്നു നിൽക്കുന്ന കാടും പടലും ഇവിടെയെത്തുന്നവർക്ക് ഭീഷണിയാകുന്നുണ്ട്. 

വയ്യാറ്റുപുഴയുടേത് വല്ലാത്ത ദുരിതം 

ബോട്ടിങ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര സാധ്യതകളുള്ള പ്രദേശം. മണക്കയം പാലത്തിൽ നിന്നുള്ള ദൃശ്യം.
ബോട്ടിങ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര സാധ്യതകളുള്ള പ്രദേശം. മണക്കയം പാലത്തിൽ നിന്നുള്ള ദൃശ്യം.

ചിറ്റാർ പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് വയ്യാറ്റുപുഴ ജംക്‌ഷന്റെ വികസനം. പഞ്ചായത്തിലെ ഏതാനും വാർഡുകളുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന കവലയുടെ ഏറ്റവും വലിയ പരിമിതികളിൽ ഒന്ന് ഇവിടെ ഒരു പൊതുശുചിമുറി ഇല്ല എന്നതാണ്. പുലർച്ചെ മുതൽ സജീവമാകുന്ന കവലയിൽ ഓരോ ദിവസവും വന്നുപോകുന്നത് നൂറുകണക്കിന് നാട്ടുകാരാണ്. എന്നാൽ ഇവർക്ക് ആർക്കെങ്കിലും ‘ശങ്ക’ തീർക്കേണ്ടി വന്നാൽ പെട്ടതുതന്നെ. കവലയിൽനിന്ന് ബസ് കയറാൻ എത്തുന്ന യാത്രക്കാർ ഏതു പൊരിവെയിലിലും കൊടുംമഴയത്തും മഞ്ഞിലും അതെല്ലാം സഹിച്ചുതന്നെ നിൽക്കണം എന്നത് മറ്റൊരു ദുരിതമായി തുടരുന്നു. പഞ്ചായത്തിലെ പ്രധാന കവലകളിൽ ഒന്നായിട്ടുകൂടി ഒരു ബസ് കാത്തിരിപ്പ് കേന്ദ്രംപോലും ഇവിടെ ഇല്ലാത്തതാണ് ദുരിതത്തിന് കാരണം. ഇവിടെ കാത്തിരിപ്പ് കേന്ദ്രം വേണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. 

വഴിയരികുകളിൽ കച്ചവടം ചെയ്യാൻ വിധിക്കപ്പെട്ട ചെറുകിട കച്ചവടക്കാരുടെ ദുരിതങ്ങളും ഇവിടെ കുറവല്ല. വ്യാപാര സൗകര്യത്തിനായി വയ്യാറ്റുപുഴ കവല കേന്ദ്രീകരിച്ച് ഒരു ചന്ത വേണമെന്ന ആവശ്യം ഇവർ മുന്നോട്ട് വയ്ക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി. എന്നാൽ ഇപ്പോഴും തങ്ങളുടെ ആവശ്യങ്ങളോട് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വഴിയോര വ്യാപാരികൾ പറയുന്നു. കവലയ്ക്ക് വെളിച്ചം വിതയ്ക്കാനായി സ്ഥാപിച്ച ചെറുപൊക്കവിളക്കും പണിമുടക്കിലാണ്. മികച്ച ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രദേശത്തിന്റെ പോരായ്മയായി തുടരുകയാണ്. 

ആർക്കോ വേണ്ടി പണിത സബ് ട്രഷറി

ചിറ്റാർ സബ് ട്രഷറിക്കായി ഏറ്റെടുത്ത കെട്ടിടത്തിൽ ഓഫിസ് ആവശ്യങ്ങൾക്കായി വാങ്ങിയ കറങ്ങുന്ന കസേരകൾ ഉൾപ്പെടെയുള്ള ഫർണിച്ചറിനൊപ്പം പഞ്ചായത്തിലെ വിവിധ കോവിഡ് കെയർ സെന്ററുകളിൽ ഉപയോഗിച്ചിരുന്ന കട്ടിലുകളും മെത്തകളും കൂട്ടിയിട്ടിരിക്കുന്നു.

ചിറ്റാർ സബ് ട്രഷറിക്കായി ഏറ്റെടുത്ത്, ലക്ഷങ്ങൾ വിനിയോഗിച്ച് നവീകരിച്ച കെട്ടിടവും ഇവിടെത്തന്നെയാണുള്ളത്. സ്ട്രോങ് റൂമും കാബിനുകളും ഉൾപ്പെടെ നിർമിച്ച് ഓഫിസ് പ്രവർത്തനത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഈ കെട്ടിടത്തിൽ പൂർത്തീകരിച്ചിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. എന്നാൽ ഓഫിസിന്റെ പ്രവർത്തനം മാത്രം ഇതുവരെയും ആരംഭിച്ചിട്ടില്ല. കെട്ടിടത്തിന് ഉൾവശത്ത് ഓഫിസ് ആവശ്യങ്ങൾക്കായി വാങ്ങിയ കറങ്ങുന്ന കസേരകൾ ഉൾപ്പെടെയുള്ള ഫർണിച്ചറിനൊപ്പം പഞ്ചായത്തിലെ വിവിധ കോവിഡ് കെയർ സെന്ററുകളിൽ ഉപയോഗിച്ചിരുന്ന കട്ടിലുകളും മെത്തകളും കൂട്ടിയിട്ടിരിക്കുകയാണ്.

കെട്ടിടത്തിന്റെ പുറത്തേക്ക് വന്നാൽ പഴയ ബൾബുകളും കേബിളുകളും ഉൾപ്പെടെ പഞ്ചായത്തിലെ വിവിധ വഴിയരികുകളിലെ വൈദ്യുത പോസ്റ്റുകളിൽ നിന്ന് ഇളക്കിമാറ്റിയ പാഴ്‌വസ്തുക്കളും കൂട്ടിയിട്ടിരിക്കുന്നു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ലഭിച്ച ലക്ഷക്കണക്കിന് രൂപ ദുർവിനിയോഗം ചെയ്യുന്നതിന്റെ നേർചിത്രമായി ഈ കെട്ടിടം ഇപ്പോഴും നിലകൊള്ളുന്നു.

ഉപയോഗപ്പെടുത്താതെ ടൂറിസം സാധ്യതകൾ

അണക്കെട്ടുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ തന്നെ വർഷം മുഴുവൻ സമ്പന്നമായ ജലാശയങ്ങളാണ് ചിറ്റാർ പഞ്ചായത്തിലുള്ളത്. കുട്ടവഞ്ചി സവാരി, സ്പീഡ് ബോട്ടിങ് എന്നിവയ്ക്കും ഇവിടെ സാധ്യതകൾ ഏറെയാണ്. കുന്നും മലയും പ്ലാന്റേഷനുകളുമൊക്കെ നിറഞ്ഞ പഞ്ചായത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിനൊപ്പം പടണിപ്പാറ മുതലവാരം മുതൽ അള്ളുങ്കൽ വരെയുള്ള പ്രദേശത്തെ ബോട്ടിങ് സാധ്യതകൾകൂടി വികസിപ്പിച്ചാൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. സുരക്ഷ സംബന്ധമായ പ്രതിസന്ധികൾ ഇല്ലെന്ന് ഉറപ്പാക്കാനായാൽ ജില്ലയിലെ ഏറ്റവും മികച്ച ജലാശയ ടൂറിസം കേന്ദ്രമാക്കി ചിറ്റാറിനെ മാറ്റാനാകും. ഗതാഗത രംഗത്ത് ഉൾപ്പെടെ പഞ്ചായത്ത് നേരിടുന്ന ഒട്ടേറെ പരിമിതികളെ ഈ പദ്ധതിയിലൂടെ അതിജീവിക്കാനും കഴിയും. 

വഴിമുട്ടി ഗതാഗതം

ഗതാഗത സൗകര്യങ്ങളിലെ പരിമിതി ചിറ്റാറിനെ വലയ്ക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. കോവിഡിന് വ്യാപനത്തിന് ശേഷം കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഈ പ്രദേശത്തെ പലപ്പോഴും കൈവിടുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ചെയും രാത്രിയിലും ചിറ്റാർ വഴി സർവീസ് നടത്തിയിരുന്ന ഒട്ടേറെ ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ളവ നിർത്തലായതോടെ നാട്ടുകാർ തീർത്തും ദുരിതത്തിലാണ്. 

പുലർച്ചെ 5ന് മൂഴിയാറിൽനിന്ന് തുടങ്ങി 6.15ന് ചിറ്റാറിൽ എത്തി അവിടെ നിന്ന് തിരുവനന്തപുരത്തിന് പോയിരുന്ന കെഎസ്ആർടിസി ബസ് ഇത്തരത്തിൽ നിന്നു പോയ സർവീസുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ആർസിസിയിലേക്ക് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്നവരുടെ ഏറ്റവും വലിയ ആശ്രയമായിരുന്നു ഈ സർവീസ്. രാവിലെ 10.30ന് തമ്പാനൂരിൽ എത്തിയ ശേഷം അവിടെനിന്ന് വെഞ്ഞാറംമൂട്ടിൽ പോയി തിരികെ തമ്പാനൂരിൽ എത്തുന്ന ബസ് 3.30ന് മൂഴിയാറിലേക്കുള്ള മടക്കയാത്ര ആരംഭിക്കുമായിരുന്നു. അതിനാൽ തന്നെ രാവിലെ പോകുന്ന ആളുകൾക്ക് അതേ ബസിൽ തിരികെ എത്താനും സാധിച്ചിരുന്നു. സർവീസ് നിർത്തുന്നതിന് മുൻപ് പ്രതിദിന കലക്‌ഷനിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന സർവീസ് കൂടിയായിരുന്നു ഇത്. 

നിർത്തലാക്കിയ മറ്റൊരു സർവീസാണ് പുലർച്ചെ 5.30ന് വയ്യാറ്റുപുഴയിൽനിന്ന് ആരംഭിച്ച് ചിറ്റാർ വഴി പത്തനംതിട്ടയിലേക്ക് സർവീസ് നടത്തിയിരുന്ന ബസ്. പഞ്ചായത്ത് പ്രദേശത്തുള്ളവർക്ക് ജില്ലാ ആസ്ഥാനത്തേക്ക് എത്താനുണ്ടായിരുന്ന ഈ സർവീസ് അവസാനിപ്പിച്ചതും ചിറ്റാറുകാർക്ക് തിരിച്ചടിയായി. രാത്രി 9.30ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ടിരുന്ന ആങ്ങമൂഴി സ്റ്റേ ബസ് നിർത്തലാക്കിയതോടെ മേഖലയിലേക്കുള്ള രാത്രി യാത്രയും ദുരിതത്തിലായി. പത്തനംതിട്ടയിൽ നിന്ന് വയ്യാറ്റുപുഴ വഴി കോട്ടയം മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തിയിരുന്ന ബസും ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് സർവീസ് നടത്തുന്നത്. ഇവയ്ക്കു പുറമേ ചിറ്റാറിൽ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്ക് ഉണ്ടായിരുന്ന മിക്ക കെഎസ്ആർടിസി സർവീസുകളും ഇപ്പോൾ ഓട്ടം നിലച്ചിരിക്കുകയാണ്. 

ഞായറാഴ്ചകളിലാണ് പ്രദേശത്തെ ജനങ്ങൾ യാത്രാ ദുരിതത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. മുൻപുണ്ടായിരുന്ന സർവീസുകളിൽ പലതും നിർത്തലാക്കിയതിനൊപ്പം നിലവിൽ സർവീസ് നടത്തുന്ന ബസുകളും ഞായറാഴ്ചകളിൽ അപ്രഖ്യാപിത പണിമുടക്കിലാണ്. ഇതോടെ നാടിന്റെ പൊതുഗതാഗത സംവിധാനങ്ങൾ ആകെ സ്തംഭിക്കുന്ന അവസ്ഥയാകും. നിർത്തലാക്കിയ ബസുകൾ പുനരാരംഭിക്കുകയും ഞായറാഴ്ചകളിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണാൻ നടപടി വേണമെന്നുമാണ് ചിറ്റാറുകാർ ആവശ്യപ്പെടുന്നത്.

വികസനം കാത്ത് സർക്കാർ ആശുപത്രി

ആശുപത്രി വികസനത്തിനായി ആരംഭിച്ച കെട്ടിടത്തിന്റെ നിർമ്മാണം മുടങ്ങിയ നിലയിൽ.

നിലവിലെ ചിറ്റാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. കിടത്തിചികിത്സയ്ക്കൂ കൂടി ഉതകുന്ന രീതിയിൽ 5 നില കെട്ടിടം പണിയാൻ 2015ൽ ഒരു കോടിക്ക് മുകളിൽ തുക അനുവദിച്ചതുമാണ്. ഇതുമായി ബന്ധപ്പെട്ട ജോലികൾ തുടങ്ങിയെങ്കിലും മുന്നോട്ടുപോയിട്ടില്ല. ഗ്രൗണ്ട് ഫ്ലോർ നിർമിക്കുന്നതിനായി നിർമിച്ച തൂണുകൾ ഇപ്പോഴും അതേ നിൽപാണ്. കെട്ടിടത്തിന്റെ തുടർ നിർമാണ പ്രവർത്തനങ്ങൾക്കായി 2 കോടിയിലേറെ രൂപ അനുവദിച്ചിട്ടുണ്ടെന്നും കെട്ടിട നിർമാണം കാലതാമസം കൂടാതെ പുനരാരംഭിക്കുമെന്നും അധികൃതർ പറയുന്നുണ്ടെങ്കിലും പണി തുടങ്ങിയാൽ മാത്രമെ സമാധാനം അകുകയുള്ളൂ എന്നാണ് നാട്ടുകാരുടെ പക്ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com