ADVERTISEMENT

ശബരിമല ∙ കല്ലും മുള്ളും നിറഞ്ഞ കരിമല പാതയിലെ കാട്ടുവഴികളിലൂടെ   ശരണം  വിളിച്ചു നീങ്ങുകയാണ്  അയ്യപ്പന്മാർ. കാട്ടുമൃഗങ്ങൾ  സ്വൈരവിഹാരം നടത്തുന്ന കരിമല  പാതയിലൂടെയുളള യാത്ര  ഭക്തിയും കണ്ണിനു കുളർമയും പകരുന്നതാണ്.  

പമ്പ വരെ വാഹനത്തിൽ എത്താൻ സൗകര്യം ഉണ്ടെങ്കിലും അതെല്ലാം ഉപേക്ഷിച്ച് കാട്ടിലൂടെ നഗ്നപാദരായി 275 മുതൽ 325 വരെ തീർഥാടകരാണ് ഒരു ദിവസം നടന്നു വരുന്നത്  പ്രകൃതിയുടെ പുണ്യമെല്ലാം ഈശ്വര ചൈതന്യമായി കാണുന്ന തീർഥയാത്ര.  

പ്രകൃതി സൗന്ദര്യം നിറഞ്ഞ കാട്ടരുവി, വൻഗർത്തങ്ങൾ നിറഞ്ഞ മലയിടുക്കുകൾ, ആനക്കൂട്ടം എന്നിവ സ്വാമി ഭക്തരുടെ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കാഴ്ചയാണ്. മണികണ്ഠ സ്വാമിയുടെ മഹിഷി നിഗ്രഹത്തിന്റെ ഓർമ പുതുക്കി എരുമേലിയിൽ പേട്ടതുള്ളിയാണു കാൽനടയായി നീങ്ങുന്നത്.   

പതിനെട്ടാം പടി ചവിട്ടാൻ ആഴിക്കു സമീപത്തു കൂടി നീങ്ങുന്ന അയ്യപ്പന്മാർ. ചിത്രം:മനോരമ

മഹിഷി നിഗ്രഹത്തിനു ശേഷം അയ്യപ്പ സ്വാമി ആനന്ദനൃത്തം ചെയ്തതു കാണാൻ എത്തിയ പരമശിവൻ തന്റെ വാഹനമായ കാളയെ കെട്ടിയ സ്ഥലമാണത്രേ കാളകെട്ടി. ശിവക്ഷേത്രം ഉണ്ട്. അവിടെ ദർശനം നടത്തി വിശാലമായ മരത്തണലിൽ വിശ്രമിച്ചാണു നടന്നു നീങ്ങുന്നത്. പമ്പയുടെ പോഷക നദിയാണ് അഴുത. അതിൽ മുങ്ങി കല്ലുമായി വേണം മല ചവിട്ടാൻ.  അഴുതയ്ക്കു കുറുകെ നടപ്പാലം ഉണ്ടെങ്കിലും നദിയിൽ ഇറങ്ങി കല്ല് എടുത്താണ് മല ചവിട്ടുന്നത്. 5 കിലോമീറ്റർ കുത്തനെയുള്ള കയറ്റത്തിന്റെ കാഠിന്യം ഉണ്ട്. മഹിഷിയുടെ ജഡം ലോകത്തിന് ഉപദ്രവം ഉണ്ടാക്കാതിരിക്കാൻ കല്ലിടാംകുന്നിൽ കല്ലിട്ട് വന്ദിച്ചാണു നടന്നു നീങ്ങുന്നത്. 

അഴുതമേട് കയറ്റം അവസാനിക്കുന്നത് ഇഞ്ചിപ്പാറ കോട്ടയിലാണ്. മൂർത്തിക്കു വഴിപാട് നടത്തിയാണ് പിന്നീടുള്ള നടത്തം.  

കരിയിലാംതോട്ടിൽ കാനന ഭംഗി ആസ്വദിച്ചുള്ള യാത്ര. തളരിട്ടു നിൽക്കുന്ന മരങ്ങൾ. പക്ഷികളുടെ ആരവം. കാട്ടാനകളുടെ ചിന്നംവിളി. വെള്ളം ഒഴുകുന്ന തോട്. നടന്നു ക്ഷീണിച്ചു വന്നവർക്ക് അൽപം ആശ്വാസമായി.   

നടന്നു ക്ഷീണിച്ച് എത്തിയത് പുതുശേരി, മുക്കുഴി താവളങ്ങളിലേക്ക്. കടയും വനപാലകരും ഉള്ളതിനാൽ കാട്ടുമൃഗങ്ങളുടെ ശല്യം ഇല്ലാതെ വിശ്രമിക്കാൻ പറ്റിയ സ്ഥലം. രണ്ടും വലിയ താവളങ്ങൾ. ഭക്ഷണം പാകം ചെയ്യാം. വിശ്രമിക്കാം.

ഇനിയും കരിമലയിലേക്കുള്ള കഠിനമായ കയറ്റം. 8 തട്ടുണ്ട്. വിശ്രമിച്ചു വേണം നടക്കാൻ. കരിമല മുകളിൽ എത്തിയാൽ  കരിമല നാഥന്റെ പ്രതിഷ്ഠയുണ്ട്. അയ്യപ്പ സേവാസംഘത്തിന്റെ ക്യാംപിൽ 24 മണിക്കൂറും സൗജന്യമായി ചൂടു കഞ്ഞി കിട്ടും. വിശന്നു വലഞ്ഞ് എത്തുന്നവർക്ക് ഇതാണ് ആശ്വാസം.  

കയറ്റം പോലെ കരിമല ഇറക്കവും കഠിനമാണ്. സൂക്ഷിച്ചു വേണം ഇറങ്ങാൻ. മലയിറങ്ങി എത്തുന്നത് വലിയാനവട്ടം താവളത്തിൽ.  തീർഥാടകരക്കായി അവിടം ഒരുങ്ങുന്നതേയുള്ളു. പമ്പ പോലെ വിശാലമാണ്.നടന്നു നേരെ  പമ്പയിൽ എത്താം. അല്ലാത്തവർക്കു  ചെറിയാനവട്ടത്തു നിന്നു നീലിമല കയറി നേരെ സന്നിധാനത്ത് എത്താം. രണ്ട് വഴിയിലൂടെയും അയ്യപ്പന്മാർ  എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com