ADVERTISEMENT

പത്തനംതിട്ട ∙ മലബാർ യാത്രയുടെ അലയൊലികൾക്കിടയിൽ തരൂർ ഡിസംബർ 4ന് ജില്ലയിലെത്തുന്നു. ജില്ലയിലെ കോൺഗ്രസിൽ തുടർചലനങ്ങൾക്കു തരൂരിന്റെ വരവ് കാരണമായേക്കും. സ്വതന്ത്ര സാമൂഹിക പ്രസ്ഥാനമായ ബോധിഗ്രാമിന്റെ ചടങ്ങിൽ ആറാം വട്ടമാണ് ശശി തരൂർ എംപി എത്തുന്നതെങ്കിലും ഈ വരവിൽ ലഭിക്കുന്ന പൊതുശ്രദ്ധ ഏറെയാണ്. ബോധിഗ്രാമിലെ ചടങ്ങിന് രാഷ്ട്രീയ പ്രാധാന്യം കൽപിക്കാനുള്ള ശ്രമങ്ങളെ സംഘാടകർ തന്നെ പ്രതിരോധിച്ചിട്ടുണ്ട്. ബോധിഗ്രാമിന് കക്ഷി രാഷ്ട്രീയമില്ലെന്ന് ചടങ്ങിന്റെ പ്രധാന സംഘാടകനായ ജോൺ സാമുവൽ (ജെ.എസ്.അടൂർ) ഇന്നലെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 6 മാസം മുൻപു തീരുമാനിച്ച പരിപാടിയാണെന്നും ബോധിഗ്രാമിന്റെ പ്രവർത്തനങ്ങളിൽ തന്റെ രാഷ്ട്രീയ ബോധ്യങ്ങളോ ചായ്‌വുകളോ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തരൂർ പങ്കെടുക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടു ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുയർന്നിട്ടുണ്ട്. എന്നാൽ പരസ്യ പ്രതികരണത്തിന് പലരും തയാറായിട്ടില്ല. പരിപാടിയിൽ തനിക്കു ക്ഷണമുണ്ടെന്നും പങ്കെടുക്കുമെന്നും മുൻ രാജ്യസഭാ അധ്യക്ഷൻ പി.ജെ.കുര്യൻ പറഞ്ഞു. പരിപാടിക്കു രാഷ്ട്രീയമാനം നൽകേണ്ടതില്ല. ശശി തരൂർ മികച്ച പ്രഭാഷകനാണ്. അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിക്കുന്നു. പ്രഭാഷണത്തിനുശേഷം നടക്കുന്ന വാർഷിക ചടങ്ങും യുവസംഗമം ആന്റോ ആന്റണി എംപിയാണ് ഉദ്ഘാടനം ചെയ്യുക. ചടങ്ങിൽ പങ്കെടുക്കുമെന്ന് ആന്റോ ആന്റണി അറിയിച്ചിട്ടുണ്ട്. ക്ഷണമുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് അടുത്ത ദിവസം തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടില്ല.

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോൾ ശശി തരൂരിനെ പരസ്യമായി പിന്തുണച്ച പി. മോഹൻരാജ് പരിപാടിയിൽ പങ്കെടുക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് അനുഭാവികളിൽനിന്നു മികച്ച പ്രതികരണമാണു പരിപാടിക്കു ലഭിക്കുന്നതെന്നു മോഹൻരാജ് പറഞ്ഞു. ഒട്ടേറെപ്പേർ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഡിസംബർ നാലിന് അടൂരിലാണു ശശി തരൂരിന്റെ പ്രഭാഷണം. അന്ന് രാവിലെ 10 മണിയോടെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തുന്ന ശശി തരൂർ തിരുവാഭരണ ദർശനം നടത്തും. അടൂരിൽ തരൂരുമായി സംവദിക്കാൻ വിദ്യാർഥികൾക്കും യുവാക്കൾക്കും അവസരമുണ്ട്. ഇതിനായുള്ള ഓൺലൈൻ റജിസ്ട്രേഷനിലും നല്ല പങ്കാളിത്തമുണ്ട്. സിപിഎം നേതാക്കളെയും പരിപാടിക്കു ക്ഷണിച്ചിട്ടുണ്ട്. ബോധിഗ്രാമിന്റെ പരിപാടികളിൽ മുൻപും സിപിഎം നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ പാർട്ടി നേതൃത്വവുമായി ആലോചിച്ചാകും ഇവർ പങ്കെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com