ADVERTISEMENT

പെരിങ്ങനാട് ∙ ഇരട്ടജീവതയിൽ മഹാദേവന്റെ എഴുന്നള്ളത്തും ചുറ്റുവിളക്കിന്റെ ദീപപ്രഭയും പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ചിറപ്പുത്സവത്തെ ഭക്തിസാന്ദ്രമാക്കുന്നു. ചിറപ്പിനോടനു‌ബന്ധിച്ച് മഹാദേവനും ഉപദേവതകൾക്കും വിശേഷാൽ പൂജകൾ, പൂവൻകുന്നിമല, കുന്തിരിങ്ങാമല, ആതിരമല, കുടക്കുന്നിൽമ‌‌ല, തേവർകോട്ടുമല, അട്ടക്കോട്ടുമല എന്നീ 6 മലകൾക്കും യക്ഷി, ഭൂതത്താൻ, രക്ഷസ്സ്, മാടസ്വാമി എന്നിവർക്കും പടുക്കയും ഉടയാൻനടയിൽ പഴം ഏറും വിശേഷാൽ എഴുന്നള്ളത്തും നടത്തും. 41 ദിവസം നീണ്ടുനിൽക്കുന്ന ചിറപ്പ് നടത്തുന്നത് ക്ഷേത്രത്തിലെ കരയുമായി ബന്ധപ്പെട്ട വീട്ടുകാരാണ്. ചിറപ്പുത്സവത്തോടെ പെരിങ്ങനാട് ദേശം ഉത്സവ ആഘോഷങ്ങളിലേക്ക് ഉണരും.

ഐതിഹ്യം

പൗരാണികമായ 108 ശിവപീഠങ്ങളിൽ ഒന്നായി സങ്കൽപിച്ചുപോരുന്ന ക്ഷേത്രമാണ് തൃച്ചേന്ദമംഗലം ക്ഷേത്രം. കായംകുളം രാജാവിന്റെ പടയൊരുക്കത്തിന്റെ ഭാഗമായി 4 കുറവൻമാർ ഈ ദേശത്ത് എത്തിയിരുന്നു. അവർ കാടുകൾ തെളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരാൾ കയ്യിലുള്ള ആയുധം മൂർച്ചകൂട്ടാൻ കല്ലിൽ ഉരച്ച‌പ്പോൾ രക്തം പൊടിഞ്ഞു. അതോടെ അയാൾ കാടുകൾക്കിടയിലൂടെ ഭയന്നോടി സമീപത്തുള്ള മംഗലശേരി മഠത്തിലെത്തി തിരുമേനിയെ വിവരമറിയിച്ചു. കല്ലിലെ ദേവചൈതന്യത്തെ തിരിച്ചറിഞ്ഞ തിരുമേനി പ്രാണപ്രതിഷ്ഠ നടത്തുകയും ദേവചൈതന്യത്തെ കുടിയിരുത്തുകയും ചെയ്തു.

ചേന്നൻ കണ്ടെത്തിയ ദേവന്റെ സ്ഥലമായതിനാലാണ് പിന്നീട് ഈ സ്ഥലം തൃച്ചേന്ദമംഗലം എന്നറിയപ്പെട്ടിരുന്നത്. ചന്ദ്രശേഖര ഭാവത്തിലാണ് മഹാദേവൻ ഇവിടെ കുടികൊള്ളുന്നത്. ക്ഷേത്രത്തിന്റെ നിർമാണ കാലം അജ്ഞാതമെങ്കിലും ക്ഷേത്രത്തിന്റെ ചുറ്റമ്പലവും മറ്റും നവീകരിച്ചത് കൊല്ലവർഷം 982ൽ ആണെന്ന് ശിലാലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ദശാവതാരകഥകൾ ശ്രീകോവിലിന്റെ ഭിത്തിയിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ഉപദേവതകൾ

നാഗരാജ വാസമുള്ള പൂങ്കാവനമാണ് ഇവിടെയുള്ളത്. ചുറ്റമ്പലത്തിന്റെ തെക്ക് ഭൂതത്താൻ, യക്ഷി, ശാസ്താവ്, തെക്കുഭാഗത്തു പുറത്തായി ഭദ്ര‌കാളി. പടിഞ്ഞാറ് നാഗയക്ഷി, മാടൻ, ഉടയാൻ, വടക്കുഭാഗത്ത് ദുർഗാദേവിയുമാണ് ഉപദേവതകൾ. മൂർത്തിക്കും ഗരുഡനും മലദൈവങ്ങൾക്കും ആരാധനാ വിഗ്രഹങ്ങ‌ളും സ്ഥാനങ്ങളും ഇല്ലെങ്കിലും പ്ര‌ത്യേകം പൂജകൾ പതിവാണ്.

ഉത്സവം

കുംഭമാസത്തിലെ ച‌തയം നാളിൽ പത്തു ദിവസത്തെ ഉത്സവം കൊടിയേറും. കൊടിയേറ്റിന്റെ ഭാഗമായിട്ടുള്ള സദ്യയും ആറാട്ടുദിവസം 10 കരകളിൽനിന്ന് എത്തുന്ന കെട്ട‌ുകാഴ്ചയും ഇരട്ടജീവതയിലെ എഴുന്നള്ളത്തും പ്രസിദ്ധമാണ്. മകര മാസത്തിലെ ചതയം നാളിൽ 25 ദിവസത്തെ പറയെടുപ്പ് ഉത്സവവുമുണ്ട്. ഇതു കൂടാതെ ഭാഗവതസപ്താഹം, മഹാമൃത്യുഞ്ജയഹോമം, മഹാരുദ്രം എന്നിവയും എല്ലാ വർഷവും മുറ തെറ്റാതെ നടക്കുന്നുണ്ട്. ഇക്കുറി ഉത്സവം ഫെബ്രുവരി 20നു‌ കൊടിയേറി മാർച്ച് ഒന്നിന് ആറാട്ടോടുകൂടി സമാപിക്കും.

വഴിപാടുകൾ

ഗണപതിഹോമം, മഹ‌ാമൃത്യുഞ്ജയഹോമം. ധാര, പന്തിരുനാഴി പായസം, ഉദയാസ്തമനപൂജ, യക്ഷിക്ക് വറനിവേദ്യം, രക്ഷസ്സിനു പാൽപായസം, മാടനൂട്ട്. ഉത്സവത്തിനു കൊടിക്കീഴിൽ പറയിടീൽ, ഉരുളിച്ച എന്നിവയാണ് പ്രധാന വഴിപാടുകൾ.

ഭരണ സമിതി

1955ൽ രൂപീകരിച്ച 42–ാം നമ്പർ മഹാദേവ വിലാസം ഹൈന്ദവ സമിതിക്കാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല. വികാസ് ടി.നായർ (പ്രസി), പ്രശാന്ത് ചന്ദ്രൻപിള്ള (വൈ.പ്രസി). കെ. അഖിൽകുമാർ (സെക്ര), സി. ജയചന്ദ്രൻ (ജോ.സെക്ര), ബി. വിജയൻ (ട്രഷ) എന്നിവരടങ്ങുന്ന ഭരണ സമിതിയുടെ നേതൃത്വത്തിലാണ് ക്ഷേത്രകാര്യങ്ങൾ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com