ADVERTISEMENT

ശബരിമല ∙ തിരക്കു നിയന്ത്രണത്തിനു സന്നിധാനത്തിൽ 1290 പൊലീസുകാർ. ആദ്യഘട്ടത്തിൽ എത്തിയ പൊലീസുകാർ 10 ദിവസത്തെ സേവനത്തിനു ശേഷം ഇന്നലെ മലയിറങ്ങി. പുതിയ സംഘം ഇന്നലെ ചുമതലയേറ്റു.ബി. കൃഷ്ണ കുമാറാണ് പൊലീസ് സ്പെഷൽ ഓഫിസർ. ടി. കെ. വിഷ്ണു പ്രതാപ് അസിസ്റ്റന്റ് സ്പെഷൽ ഓഫിസറും. തീർഥാടകരെ  അതിഥികളായി കണ്ട്  അവർക്കു വേണ്ട എല്ലാ സേവനങ്ങളും ചെയ്യുകയാണ് പൊലീസിന്റെ കടമയെന്ന് സ്പെഷൽ ഓഫിസർ ബി.കൃഷ്ണകുമാർ പറഞ്ഞു. മോശമായ പെരുമാറ്റം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. 

പമ്പാ ഗണപതി കോവിലിൽ ദർശനത്തിനായി കാത്തു നിൽക്കുന്ന അയ്യപ്പ ഭക്തർ. 				ചിത്രം:മനോരമ
പമ്പാ ഗണപതി കോവിലിൽ ദർശനത്തിനായി കാത്തു നിൽക്കുന്ന അയ്യപ്പ ഭക്തർ. ചിത്രം:മനോരമ

സോപാനം മുതൽ പൊലീസിന്റെ  പെരുമാറ്റ രീതിയിൽ മാറ്റം വരുത്തണം. ഭക്തിയും വിശ്വാസവും ഉണ്ടെങ്കിലും യൂണിഫോമിൽ പോയി എപ്പോഴും പൊലീസുകാർ തൊഴുതു നിൽക്കരുത്. മേൽപാലത്തിൽ നിന്ന് തിരുമുറ്റത്തേക്ക് ഇറങ്ങി വരുന്ന തീർഥാടകരെ തിരക്ക് നോക്കി ക്രമീകരിച്ചു കടത്തി വിടണം. വലിയ തിരക്കാണങ്കില‍ സോപാനത്തിൽ നിന്നു കടത്തി വിടുന്നതിന്റെ വേഗം കൂട്ടണം. പിടിച്ചു തള്ളിയെന്ന പരാതി ഉണ്ടാകാതെ നോക്കണം. 

സ്വാമി അയ്യപ്പൻ റോഡിലൂടെ സന്നിധാനത്തേക്ക് നീങ്ങുന്ന അയ്യപ്പന്മാർ. 	       ചിത്രം:മനോരമ
സ്വാമി അയ്യപ്പൻ റോഡിലൂടെ സന്നിധാനത്തേക്ക് നീങ്ങുന്ന അയ്യപ്പന്മാർ. ചിത്രം:മനോരമ

സോപാനം, കൊടിമരം, പതിനെട്ടാംപടി, വലിയ നടപ്പന്തൽ, ശരംകുത്തി, മരക്കൂട്ടം, വടക്കേനട മാളികപ്പുറം എന്നിവിടങ്ങളെ പ്രത്യേക  സെക്ടറുകളായി തിരിച്ചാണ് പൊലീസിനെ സേവനത്തിനു നിയോഗിച്ചത്. ഓരോ സെക്ടറിലും നിൽക്കുന്ന പൊലീസുകാർ ഇവിടത്തെ എല്ലാ വിവരങ്ങളും. ആശുപത്രി, ഭസ്മക്കുളം, അന്നദാനം, നെയ്യഭിഷേക കൗണ്ടർ തുടങ്ങി ശുചിമുറി വരെ എവിടെ ഉണ്ടെന്ന് തീർഥാടകർ അന്വേഷിക്കും. അപ്പോൾ അറിയില്ലെന്നു പറഞ്ഞ് അവരെ കയ്യൊഴിയരുത്. വേണ്ട സഹായം  നൽകുന്നതിനു ശരിയായി കാര്യങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പ ഭക്തർ. 						ചിത്രം:മനോരമ
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പ ഭക്തർ. ചിത്രം:മനോരമ

തിരക്ക് നിറഞ്ഞ് നടപ്പന്തൽ മേൽപാലം

ഏത് നിമിഷവും വലിയ ദുരന്തം ഉണ്ടാകുന്ന അവസ്ഥയിലാണ് വലിയ നടപ്പന്തൽ മേൽപാലത്തിലെ തിക്കും തിരക്കും. തീർഥാടകർക്കു പോകാനായി നിർമിച്ച വലിയ പാലം അല്ലിത്. പതിനെട്ടാംപടി കയറാൻ അയ്യപ്പന്മാർ മണിക്കൂറുകളോളം കാത്തുനിൽക്കുമ്പോൾ  വലിയ നടപ്പന്തലിനോടു ചേർന്നുള്ള പിൽഗ്രിം സെന്റർ ഒന്നിലെ താമസക്കാർക്ക് കടന്നു പോകാൻ നിർമിച്ച ചെറിയ മേൽപാലമാണിത്. ഒരാൾക്ക്  നടന്നു പോകാനുള്ള വീതിയേ ഉള്ളു.

ദർശനം കഴിഞ്ഞ് അപ്പം, അരവണ പ്രസാദം വാങ്ങുന്ന തീർഥാടകരെ മുഴുവൻ ഇന്നലെ ഇതിലൂടെയാണ് പൊലീസ് കടത്തിവിട്ടത്. അതു കാരണം മേൽപാലത്തിൽ കയറാൻ‌ വലിയ തിക്കും തിരക്കുമായിരുന്നു. മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാതെ പലപ്പോഴും  ഞെരുങ്ങി നിന്നു. അത്രയും ഭാരം താങ്ങാനുള്ള ശേഷി മേൽപാലത്തിന് ഇല്ലായിരുന്നു. ഇത് തകർന്നു വീണാൽ പതിനെട്ടാംപടി കയറാനായി കാത്തുനിൽക്കുന്ന തീർഥാടകരുടെ ദേഹത്തേക്കാകും. ഇത്രയും വലിയ അപകട ഭീഷണി ഉണ്ടായിട്ടും മേൽപാലത്തിലെ തിരക്ക് നിയന്ത്രിക്കാൻ ഇവിടെ പൊലീസിനെ നിയോഗിച്ചിട്ടില്ല.   

അഗ്നിരക്ഷാ സേനയുടെ ഓഫിസിന്റെ സമീപത്തെ ഗേറ്റിൽ ഒരു പൊലീസുകാരൻ നേരത്തെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ ആരും ഇല്ലാതെ വന്നു. അതിനാൽ അപ്പം, അരവണ വാങ്ങിയ ശേഷം എല്ലാവരും മേൽപാലം വഴി പോകാൻ എത്തിയതാണ് തിക്കും തിരക്കും കൂടാൻ കാരണം. പലതവണ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരം ഉണ്ടായില്ല.

അയ്യപ്പ സന്നിധിയിൽ കഥകളി  

അയ്യപ്പ സന്നിധിയിൽ ആദ്യമായി കഥകളി  അരങ്ങേറി. കലാമണ്ഡലം പ്രസാദാണ് കഥകളി അവതരിപ്പിച്ചത്.  മറ്റു കലാപരിപാടികൾ എല്ലാം വലിയ നടപ്പന്തലിലെ സ്റ്റേജിൽ അവതരിപ്പിക്കാറുണ്ടെങ്കിലും  കഥകളി അപൂർവമായിരുന്നു. കുമളി അമൃത നൃത്ത കലാഭവനിലെ വിദ്യാർഥികളുടെ നൃത്ത അരങ്ങേറ്റത്തിനൊപ്പമായിരുന്നു കഥകളി നടന്നത്. ഭരതനാട്യം, ജുഗൽ ബന്ദി, തില്ലാന എന്നിവയുമായി കുട്ടികൾ കാഴ്ചക്കാരുടെ മനസ്സു കവർന്നു. അമൃത നൃത്ത കലാ ഭവനിലെ 7 കുട്ടി നർത്തകരുടെ അരങ്ങേറ്റവും 4 യുവ നർത്തകരുടെ നൃത്തച്ചുവടുകളും  അരങ്ങുണർത്തി. കഥകളി സംഗീതത്തിനും മേളങ്ങൾക്കുമൊപ്പം കഥകളി അവതരിപ്പിച്ച കലാമണ്ഡലം പ്രസാദ് കുട്ടി നൃത്തകർക്കൊപ്പം ഇതിന്റെ ഭാഗമായി.

ആർഎൽവി. ഉണ്ണിക്കൃഷ്ണൻ, വിഷ്ണു, അരുൺ രാമചന്ദ്രൻ, ആനന്ദ് എന്നീ യുവനർത്തകരും വാനതി, സിതാര, വൈഷ്ണവി, അനാമിക, കപിൻ, അമയ, ബെനിറ്റ എന്നീ കൊച്ചു നർത്തകരും ചുവടുവച്ചു. ജയൻ പെരുമ്പാവൂർ ആലാപനം, സുനിൽ എസ്. പണിക്കർ മൃദംഗം, അടൂർ ശിവജി വയലിൻ, ശാന്താ മേനോൻ ഇലത്താളം എന്നിവരായിരുന്നു പിന്നണി.

കാനനപാത വഴിയുള്ള യാത്രാസമയം പുനഃക്രമീകരിച്ചു

പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടകരുടെ യാത്രാസമയം പുനഃക്രമീകരിച്ചു. എരുമേലിയിൽ നിന്നു പരമ്പരാഗത കാനനപാത വഴി എത്തുന്ന തീർഥാടകർക്ക് ഇടുക്കി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരുന്ന സമയക്രമത്തിലാണ് ഇളവ് അനുവദിച്ചിരുന്നത്. പരമ്പരാഗത കാനനപാത വഴി നടന്നെത്തുന്ന തീർഥാടകരെ ഇടുക്കി ജില്ലാ അതിർത്തിയായ അഴുതക്കടവിൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ കടത്തിവിട്ടിരുന്നുള്ളൂ.

ഈ സമയക്രമം പുനഃക്രമീകരിച്ചു തീർഥാടകരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2.30 വരെ കടത്തിവിടാൻതീരുമാനിക്കുകയായിരുന്നു. മുക്കുഴി, സത്രം എന്നിവിടങ്ങളിലൂടെ കാനനപാതയിലൂടെ കടത്തിവിടുന്ന സമയവും പുനഃക്രമീകരിച്ചു. സത്രത്തിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും മുക്കുഴിയിൽ രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയും കടത്തിവിടും. മുൻപ് ഈ കാനനപാത വഴി 12 വരെ മാത്രമായിരുന്നു പ്രവേശനം.

കരിമലയിൽ ക്യാംപ് തുറന്നു

കരിമലയിലെ കാട്ടു വഴിയിലൂടെ നടന്നു വരുന്ന അയ്യപ്പന്മാർക്ക് ആശ്വാസവുമായി അയ്യപ്പ സേവാസംഘം ക്യാംപ് തുറന്നു. കാർത്തികേയൻ  സേലം ആണ് ക്യാംപ് ഓഫിസർ. പമ്പയിൽ നിന്നു 8 കിലോമീറ്റർ തലച്ചുമടായി സാധനങ്ങൾ എത്തിച്ചാണ് അന്നദാനം നടത്തുന്നത്.കരിമല മുകളിലാണ് ക്യാംപ്.

എരുമേലിയിൽ നിന്നു കാൽനടയായി വരുന്ന അയ്യപ്പന്മാർ  മല കയറി   കരിമല എത്തുമ്പോഴേക്കും   ക്ഷീണിക്കും.  കാട്ടിൽ  ഭക്ഷണത്തിനുള്ള മറ്റു മാർഗങ്ങൾ ഒന്നുമില്ല.അയ്യപ്പ സേവാസംഘം ചൂട് കഞ്ഞിയാണു നൽകുന്നത്. അത് കുടിച്ചു വിശ്രമിച്ചാണു പിന്നെ നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com