റാന്നി ∙ കനത്ത മഴയിൽ ഓഡിറ്റോറിയത്തിൽ വെള്ളം നിറഞ്ഞു. വിരിവച്ചു വിശ്രമിക്കാൻ ഇടമില്ലാതെ രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഇടത്താവളത്തിൽ എത്തിയ അയ്യപ്പന്മാർ വലഞ്ഞു.ശനിയാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയാണ് വില്ലനായത്. ഓഡിറ്റോറിയത്തിലെ മേൽക്കൂരയിൽ പൊട്ടിക്കിടക്കുന്ന ആസ്ബസ്റ്റോസ് ഷീറ്റുകൾക്കിടയിലൂടെ വെള്ളം ഉള്ളിൽ നിറയുകയായിരുന്നു. അയ്യപ്പന്മാർ വിരിവയ്ക്കുന്ന സ്ഥലത്തെല്ലാം വെള്ളം കെട്ടിക്കിടക്കുകയായിരുന്നു.
നൂറ്റമ്പതോളം അയ്യപ്പന്മാർ വിശ്രമിക്കാനെത്തിയിരുന്നു. രാത്രിയിൽ വിശ്രമിച്ച ശേഷം പുലർച്ചെ നടന്ന് എരുമേലി വഴി സന്നിധാനത്തേക്കു പോകാനെത്തിയവരാണവർ. വെള്ളം കെട്ടി നിൽക്കുന്ന തറയിൽ വിരിവയ്ക്കാൻ അയ്യപ്പന്മാർ ബുദ്ധിമുട്ടി. പലരും ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണിത്. റാന്നി വഴിയെത്തുന്ന അയ്യപ്പന്മാർ ഇടത്താവളമായി ഉപയോഗിക്കുന്ന ക്ഷേത്രമാണിതെന്ന് അറിഞ്ഞിട്ടും ഓഡിറ്റോറിയത്തിൽ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അയ്യപ്പന്മാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ബോർഡ് അനാസ്ഥ കാട്ടുകയാണെന്നാണു പരാതി.